വടകര: വാട്‌സാപ്പിലൂടെ വിദ്വേഷപ്രചാരണം നടത്തിയെന്ന ആരോപണത്തിൽ വടകര പൊലീസ് അന്വേഷണം ശക്തമാക്കുന്നത് യൂത്ത്‌ലീഗ് നേതാവ് പി.കെ.കാസിം ഹൈക്കോടതിയെ സമീപിച്ചതിനാൽ. ഈ സാഹചര്യത്തിലാണ് വടകര മുൻ എംഎൽഎ കെ.കെ.ലതികയുടെ മൊഴി രേഖപ്പെടുത്തിയത്. കാഫിർ പ്രയോഗമുള്ള സന്ദേശത്തിന്റെ സ്‌ക്രീൻഷോട്ടുകൾ ലതിക ഫേസ്‌ബുക്കിൽ പങ്കുവച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മൊഴിയെടുത്തത്.

തിരഞ്ഞെടുപ്പിന് തലേദിവസം യൂത്ത്‌ലീഗ് നേതാവ് പി.കെ.കാസിമിന്റെ പേരിലാണ് സന്ദേശം പ്രചരിച്ചത്. വ്യാജ ഐഡിയുണ്ടാക്കി സന്ദേശം പ്രചരിപ്പിച്ചെന്ന് കാസിം പരാതി നൽകി. സന്ദേശത്തിന്റെ ഉറവിടം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടു യുഡിഎഫും സമരം നടത്തിയിരുന്നു. എന്നാൽ നടപടി ഉണ്ടായില്ല. ഈ സാഹചര്യത്തിൽ കാസിം കോടതിയെ സമീപിച്ചു. അഭിഭാഷകൻ മുഹമ്മദ് ഷാ മുഖേനയാണ് ഹൈക്കോടതിയിൽ സ്വകാര്യ അന്യായം ഫയൽചെയ്തത്. തന്റെ പേരിൽ വ്യാജ വാട്സ്ആപ്പ് സന്ദേശം സൃഷ്ടിച്ചവരെ കണ്ടെത്തണമെന്നാവശ്യപ്പെട്ടാണ് ഹർജി. ഹർജിയിൽ ഇന്ന് വെള്ളിയാഴ്ച കോടതി വാദം കേൾക്കും.

ഈ സാഹചര്യത്തിലാണ് കെകെ ലതികയെ ചോദ്യം ചെയ്തത്. അല്ലാത്ത പക്ഷം കോടതിയിൽ നിന്നും തിരിച്ചടിയുണ്ടാകുമെന്ന് പൊലീസ് വിലയിരുത്തി. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ തലേദിവസം പ്രചരിപ്പിക്കപ്പെട്ട കാഫിർ സ്‌ക്രീൻഷോട്ടുമായി ബന്ധപ്പെട്ട കേസിൽ പൊലീസ് സിപിഎം. സംസ്ഥാനസമിതി അംഗവും സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനന്റെ ഭാര്യയുമായ കെ.കെ. ലതികയുടെ മൊഴിയെടുത്തത് കോടതിയിൽ പിടിച്ചു നിൽക്കാൻ വേണ്ടിയായിരുന്നു.

വിവാദമായ സ്‌ക്രീൻഷോട്ട് ലതിക അന്നുതന്നെ ഫേസ്‌ബുക്കിൽ പങ്കുവെച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ തേടിയാണ് കേസന്വേഷിക്കുന്ന വടകര ഇൻസ്പെക്ടർ ടി.പി. സുമേഷിന്റെ നേതൃത്വത്തിലുള്ള സംഘം ലതികയുടെ കക്കട്ടിലെ വീട്ടിലെത്തിയത്. വനിതാ എസ്‌ഐ. ധന്യാ കൃഷ്ണൻ മൊഴി രേഖപ്പെടുത്തി. 25-ന് വൈകീട്ടാണ് തിരുവള്ളൂരിലെ എം.എസ്.എഫ്. നേതാവ് പി.കെ. മുഹമ്മദ് കാസിമിന്റെ വാട്‌സാപ്പ് സന്ദേശമെന്ന പേരിൽ സ്‌ക്രീൻഷോട്ട് പ്രചരിച്ചത്. എൽ.ഡി.എഫ്. സ്ഥാനാർത്ഥിയെ കാഫിറെന്ന് വിളിക്കുന്ന പരാമർശമാണ് ഇതിലുള്ളത്.

ഈ സന്ദേശം പെട്ടെന്നുതന്നെ സാമൂഹികമാധ്യമങ്ങളിൽ വ്യാപിച്ചു. ഇത് ലതികയും പങ്കുവെച്ചു. എവിടെനിന്ന് സന്ദേശം കിട്ടിയെന്നതുൾപ്പെടെയുള്ള വിവരങ്ങളാണ് ശേഖരിച്ചത്. സന്ദേശത്തിന്റെ പേരിൽ എൽ.ഡി.എഫ്. തിരഞ്ഞെടുപ്പ് കമ്മിറ്റി നൽകിയ പരാതിയിൽ വടകര പൊലീസ് 25-ന് രാത്രി കേസെടുത്തിരുന്നു. സന്ദേശം മുഹമ്മദ് കാസിമിന്റെ പേരിൽ വ്യാജമായി ഉണ്ടാക്കിയതാണെന്ന് കാണിച്ച് യൂത്ത് ലീഗും കാസിമും പരാതി നൽകി. ഇതിൽ യൂത്ത് ലീഗ് നൽകിയ പരാതിയിലും അന്നുതന്നെ കേസെടുത്തു.

കാസിമിന്റെ ഫോൺ ഉൾപ്പെടെ പൊലീസ് പരിശോധിച്ചെങ്കിലും സന്ദേശം മുഹമ്മദ് കാസിം അയച്ചതാണെന്നതിന് പൊലീസിന് ഒരുതെളിവും കിട്ടിയിട്ടില്ല. ഇതോടെ വ്യാജസന്ദേശം ഉണ്ടാക്കിയവരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് യു.ഡി.എഫും ആർ.എംപി.യും പ്രതിഷേധം ശക്തമാക്കി. വ്യാഴാഴ്ച എസ്‌പി.ഓഫീസിനുമുന്നിൽ ധർണയും നടത്തി. ഇതിന് മണിക്കൂറുകൾ മുമ്പാണ് പൊലീസ് കെ.കെ. ലതികയുടെ മൊഴിരേഖപ്പെടുത്തിയത്. കാസിം കോടതിയെ സമീപിക്കുമെന്ന സൂചന പൊലീസിന് ലഭിച്ചിരുന്നു.

കാഫിർ പ്രയോഗത്തിൽ പൊലീസ് അന്വേഷണം ശരിയായ ദിശയിൽ അല്ലെന്ന് കാസിം പറയുന്നു. തന്റെ പേരിൽ വ്യാജ സന്ദേശമാണ് പ്രചരിച്ചതെന്നും താനാണ് കേസിലെ ആദ്യ പരാതിക്കാരനെന്നും എന്നാൽ തനിക്കെതിരെയാണ് പൊലീസിന്റെ ഇപ്പോഴത്തെ അന്വേഷണമെന്നും കുറ്റപ്പെടുത്തിയാണ് കാസിം ഹൈക്കോടതിയെ സമീപിച്ചത്. വിവാദ വാട്‌സ്ആപ് സന്ദേശത്തിന്റെ ഉറവിടം കണ്ടെത്തണമെന്ന് ആവശ്യപ്പെടുന്ന ഹർജിയിൽ കേസിൽ പൊലീസ് ആദ്യം പരാതി നൽകിയ തന്നെത്തന്നെ പ്രതിയാക്കിയെന്ന് കുറ്റപ്പെടുത്തുന്നു.

യൂത്ത് ലീഗ് നിടുബ്രമണ്ണ എന്ന പേരിൽ വ്യാജ പോസ്റ്റ് ആണ് നിർമ്മിച്ചതെന്നും അമ്പാടിമുക്ക് സഖാക്കൾ എന്ന ഐഡിയിലാണ് ഈ സന്ദേശം താൻ ആദ്യമായി കണ്ടതെന്നും കാസിം ഹർജിയിൽ പറയുന്നു. സംഭവത്തിൽ താൻ നൽകിയ ആദ്യ പരാതിയിൽ അന്വേഷണം നിലച്ചിരിക്കുകയാണെന്നും സത്യം പുറത്ത് വരാൻ ഉചിതമായ അന്വേഷണം വേണമെന്നും കാസിം ആവശ്യപ്പെടുന്നു.