- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രണ്ടും കൽപ്പിച്ച് ഇന്ത്യൻ കര-വ്യോമ സേനകൾ; സിക്കിം അതിർത്തിയിൽ ജാഗ്രത
ന്യൂഡൽഹി: ഇന്ത്യയിലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെയുള്ള ചൈനയുടെ നീക്കത്തിൽ കരുതലെടുത്ത് ഇന്ത്യൻ സൈന്യം. ഇന്ത്യയുടെ അതിർത്തിയിൽനിന്ന് 150 കിലോമീറ്റർ അകലത്തിൽ ചൈനയുടെ അത്യാധുനിക ജെ 20 സ്റ്റെൽത്ത് യുദ്ധവിമാനങ്ങൾ വിന്യസിച്ചതായാണ് റിപ്പോർട്ട്. ഈ സാഹചര്യത്തിൽ മേഖലയിൽ കര-വ്യോമ സേനകളെ ഇന്ത്യയും സജ്ജമാക്കിയെന്നാണ് സൂചന.
മെയ് 27ന് ശേഖരിച്ച ഉപഗ്രഹ ചിത്രങ്ങളിലാണ് യുദ്ധവിമാനങ്ങളുടെ സാന്നിധ്യം കണ്ടെത്തിയത്. സിക്കിമിനോട് ചേർന്നുള്ള ഷിഗാറ്റ്സെയിലെ വിമാനത്താവളത്തിലാണ് 6 ചൈനീസ് ജെ-20 സ്റ്റെൽത്ത് ഫൈറ്ററുകൾ കണ്ടെത്തിയത്. ഈ സാഹചര്യത്തെ ഗൗരവത്തോടെയാണ് ഇന്ത്യൻ പ്രതിരോധ വൃത്തങ്ങൾ കാണുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം നോക്കിയുള്ള ആക്രമണത്തിന് ചൈന കോപ്പു കൂട്ടുകയാണോ എന്ന ആശങ്കയാണ് ശക്തമാകുന്നത്. ഏതായാലും നിലവിൽ ചൈനയുമായി ഒരു സംഘർഷ സാധ്യത ഇന്ത്യ കാണുന്നില്ല. അപ്പോഴും എല്ലാ പ്രതിരോധ സംവിധാനവും സുശക്തമാക്കിയിട്ടുണ്ട് ഇന്ത്യ.
ടിബറ്റിലെ രണ്ടാമത്തെ വലിയ നഗരമായ ഷിഗാറ്റ്സെയിൽ സൈനിക, സിവിലിയൻ വിമാനത്താവളത്തിലെ ഫ്‌ളൈറ്റ് ലൈനിലാണ് 6 ഫൈറ്ററുകളുടെയും സാന്നിധ്യം ഉപഗ്രഹചിത്രങ്ങൾ വ്യക്തമാക്കിയത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വിമാനത്താവളങ്ങളിൽ ഒന്നായ ഷിഗാറ്റ്സെ 12,408 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ചിത്രങ്ങൾ പ്രകാരം ഒരു കെ ജെ-500 എയർബോൺ ഏർലി വാണിങ് ആൻഡ് കൺട്രോൾ എയർക്രാഫ്റ്റും ദൃശ്യമാണ്. ഈ റിപ്പോർട്ടിനോട് ചൈന ഔദ്യോഗികമായി പ്രതികരിച്ചതുമില്ല.
ജെ 20 സ്റ്റെൽത്ത് ഫൈറ്റർ ചൈനയുടെ ഏറ്റവും നൂതന പ്രവർത്തനക്ഷമതയുള്ള യുദ്ധവിമാനങ്ങളാണെന്നും, ഇവ ചൈനയുടെ കിഴക്കൻ പ്രവിശ്യകളെ കേന്ദീകരിച്ച് പ്രവർത്തിക്കുന്നവയാണെന്നും ടെക്‌നോളജി ആൻഡ് അനാലിസിസ് അറ്റ് ഓൾ സോഴ്‌സ് എന്ന സ്വകാര്യ ഗവേഷണകേന്ദ്രം അറിയിച്ചു. ടിബറ്റിലെ വിമാനത്താവളത്തിൽ ഈ വിമാനങ്ങൾ പ്രത്യക്ഷപ്പെടുന്നത്, അതിന്റെ സാധാരണ പ്രവർത്തനമേഖലയെ മറികടക്കുന്നതിന്റെ അടയാളമാണെന്നും വിലയിരുത്തലുണ്ട്. അതിർത്തി കടന്ന് ചൈന എന്തോ പദ്ധതികളിടുന്നുവെന്നാണ് അഭ്യൂഹം.
സിക്കിമിലെ അതിർത്തി പ്രദേശത്തു നിന്നു 150 കിലോമീറ്റർ അകലെയാണ് ഷിഗാറ്റ്‌സെ വ്യോമകേന്ദ്രം. മിലിറ്ററി-സിവിലിയൻ ആവശ്യങ്ങൾക്ക് ഒരുപോലെ ഉപയോഗിക്കുന്ന വിമാനത്താവളമാണിത്. വിഷയത്തിൽ ഇന്ത്യൻ വ്യോമസേന ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും യുദ്ധവിമാനങ്ങളുടെ വിന്യാസത്തെക്കുറിച്ച് ഇന്ത്യൻ പ്രതിരോധസേന പരിശോധന നടത്തി. മുമ്പും 'മൈറ്റി ഡ്രാഗൺ' എന്നറിയപ്പെടുന്ന ചെങ്ദു ജെ20 വിമാനങ്ങൾ ടിബറ്റൻ പ്രദേശത്ത് ചൈന വിന്യസിക്കുന്നത്. 2020, 2023 വർഷങ്ങളിലും ഈ ജെറ്റ് ഇന്ത്യൻ റഡാറിൽ പെട്ടിരുന്നു. എന്നാൽ ഇത്ര വലിയ നിരയെ വിന്യസിക്കുന്നത് ആദ്യമാണ്.
വടക്കു കിഴക്കൻ അതിർത്തിപ്രദേശത്തെ തർക്കങ്ങൾ തുടരുന്നതിനിടെയാണു ചൈനയുടെ നീക്കമെന്നതും ശ്രദ്ധേയം. അത്യാധുനിക യുദ്ധവിമാനം വികസിപ്പിക്കാനുള്ള ശ്രമങ്ങൾ 2002 ലാണു ചൈന ആരംഭിച്ചത്. 2017 മാർച്ചിൽ ചെങ്ദു ജെ20 ചൈനീസ് സേനയുടെ ഭാഗമായി. ഇത്തരം 250 വിമാനങ്ങൾ ചൈനയ്ക്കുണ്ടെന്നാണു വിവരം. ഇവയെ നേരിടാൻ വേണ്ടിയാണു റഫാൽ ജെറ്റുകൾ ഫ്രാൻസിൽനിന്നു വാങ്ങിയത്.
ബംഗാളിലെ ഹാസിമാരയിൽ ഇന്ത്യ 16 റഫാൽ വിമാനങ്ങൾ ഉൾപ്പെടുന്ന റഫാൽ സ്‌ക്വാഡ്രൻ രൂപീകരിച്ചിട്ടുണ്ട്. ഇവിടെ നിന്നു 290 കിലോമീറ്റർ അകലെയാണു ഷിഗാറ്റ്‌സെ. അതുകൊണ്ട് തന്നെ ചൈനീസ് പ്രകോപനമുണ്ടായാൽ അതിവേഗ തിരിച്ചടി ഇന്ത്യയും നൽകും.