- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'മകൻ മരിച്ചപ്പോൾ അനുഭവിച്ച അതേ ദുഃഖം': സിദ്ധാർഥന്റെ കുടുംബം
തിരുവനന്തപുരം: പൂക്കോട് വെറ്റിനറി സർവകലാശാലയിലെ സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതികളായ വിദ്യാർത്ഥികൾക്ക് ജാമ്യം നൽകിയതിൽ ആശങ്ക പ്രകടിപ്പിച്ച് സിദ്ധാർത്ഥന്റെ മാതാപിതാക്കൾ. സിബിഐ അന്വേഷണം നടക്കുന്നതിനിടയിലാണ് പ്രതികൾക്ക് ജാമ്യം ലഭിച്ചത്. ഉപാധികളോടെ ജാമ്യമെന്നാണ് അറിയാൻ കഴിഞ്ഞത്. എന്നിരുന്നാലും പ്രതികൾക്ക് ജാമ്യം ലഭിച്ചത് നിരാശാജനകമാണെന്ന് സിദ്ധാർഥിന്റെ കുടുംബം പറഞ്ഞു.
പ്രതികൾക്ക് ഇനി ഫോൺ ഉപയോഗിക്കാം. ബാക്കി കാര്യങ്ങളെല്ലാം ചെയ്യാം. ജാമ്യം ലഭിച്ചതോടെ തെളിവ് നശിപ്പിക്കാം. സാക്ഷികളെ സ്വാധീനിക്കാം. റാഗിംങ് ചെയ്യുന്നവർക്ക് ഇത്രയല്ലേ വരൂ, ജാമ്യം കിട്ടുമല്ലോ എന്ന തോന്നലുണ്ടാക്കാൻ ഈ വിധിയിലൂടെ കഴിയും. സിബിഐ കേസ് ഏറ്റെടുക്കാതിരിക്കാനടക്കം സർക്കാർ നീക്കം നടത്തി. നടപടി വൈകിപ്പിച്ചതിന് മൂന്ന് വനിതാ ജീവനക്കാരെ സസ്‌പെന്റ് ചെയ്തു. ഇപ്പോൾ അവർക്ക് പ്രമോഷൻ വരെ നൽകിയിരിക്കുന്നു. പ്രതികളുടെ ജാമ്യം റദ്ദാക്കാൻ വേണ്ടിയുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്നും സിദ്ധാർത്ഥന്റെ രക്ഷിതാക്കൾ വിശദീകരിച്ചു.
"സിബിഐക്ക് കൊടുക്കേണ്ട കേസ് സർക്കാർ വൈകിപ്പിച്ചതാണ്. സിപിഎം നേതാവാണ് പ്രതികളെ കീഴടങ്ങാൻ സഹായിച്ചത്. ഇതിൽ തന്നെ സർക്കാരിന്റെ പങ്ക് വ്യക്തമാണ്. തെളിവ് നശിപ്പിച്ചത് ആഭ്യന്തര വകുപ്പാണ്. അതുകൊണ്ട് കോടതിക്ക് വേണ്ട വിധം തെളിവ് ലഭിച്ചില്ല" സിദ്ധാർഥിന്റെ പിതാവ് ജയപ്രകാശ് പറഞ്ഞു. എസ്എഫ്‌ഐ നേതാക്കളാണ് കൊലപാതകത്തിന് പിന്നിലുള്ളത് എന്നറിഞ്ഞപ്പോഴാണ് സർക്കാർ കേസ് വൈകിപ്പിച്ചത്. അതുവരെ കേസ് നല്ല രീതിയിലാണ് പോയിരുന്നതെന്നും ജയപ്രകാശ് ആരോപിച്ചു.
ഒട്ടും പ്രതീക്ഷിക്കാത്ത വിധിയെന്നായിരുന്നു സിദ്ധാർഥന്റെ അമ്മയുടെ പ്രതികരണം. കേൾക്കാൻ പോലും പേടിക്കുന്ന കാര്യങ്ങൾ മകനോട് ചെയ്തു. എന്ത് അടിസ്ഥാനത്തിലാണ് പ്രതികൾക്ക് ജാമ്യം കൊടുത്തതെന്നറിയില്ല. സുപ്രീംകോടതിയിൽ അപ്പീൽ പോകും. പ്രതികളെ വെറുതെവിടാൻ ഞങ്ങൾ ഉദ്ദേശിക്കുന്നില്ല. നിയമപരമായി ഇനിയും മുന്നോട്ട് പോകാനുള്ള തീരുമാനത്തിലാണെന്നും അമ്മ വ്യക്തമാക്കി.
കോടതി കർശന ഉപാധികളോടെയാണ് 19 പ്രതികൾക്കും ജാമ്യം അനുവദിച്ചത്. പ്രതികൾ വയനാട് ജില്ലയിൽ പ്രവേശിക്കരുതെന്നും വിചാരണ പൂർത്തിയാകും വരെ സംസ്ഥാനം വിടരുതെന്നും നിർദേശമുണ്ട്. പ്രതികളുടെ പാസ്പോർട്ടും സമർപ്പിക്കണം.
സിബിഐ പ്രാഥമിക കുറ്റപത്രം സമർപ്പിച്ചെന്ന വാദം അംഗീകരിച്ചാണ് നടപടി. 20 വിദ്യാർത്ഥികളെയാണ് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്ത് റിമാൻഡ് ചെയ്തത്. ഇവരിൽ 19 വിദ്യാർത്ഥികൾക്കാണ് ഹൈക്കോടതി ജാമ്യം നൽകിയത്. ഒരു പ്രതിക്ക് സിബിഐ കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.
വയനാട് ജില്ലയിൽ പ്രവേശിക്കരുത്, സംസ്ഥാനം വിട്ടുപോകരുത്, സാക്ഷികളെ സ്വാധീനിക്കാനോ തെളിവുകൾ നശിപ്പിക്കാനോ ശ്രമിക്കരുത് തുടങ്ങിയവയാണ് പ്രധാന ജാമ്യ വ്യവസ്ഥകൾ. കേസ് ഏറ്റെടുത്ത സിബിഐ പ്രാഥമിക കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിൽ തങ്ങളുടെ കസ്റ്റഡി ആവശ്യമില്ല എന്ന പ്രതിഭാഗം വാദം അംഗീകരിച്ചാണ് കോടതി നടപടി.