ന്യൂഡൽഹി: എയർ ഇന്ത്യയുടെ ഡൽഹി- സാൻഫ്രാൻസിസ്‌കോ വിമാന സർവീസ് 30 മണിക്കൂർ കഴിഞ്ഞിട്ടും പുറപ്പെടാതെ വന്നതോടെ യാത്രക്കാർ കടുത്ത പ്രതിഷേധത്തിൽ. ഇന്നലെ പുറപ്പടെണ്ടിയിരുന്ന വിമാനമാണ് ഇതുവരെയും പുറപ്പെടാത്തത്. ആദ്യം എട്ട് മണിക്കൂറോളം വൈകിയിരുന്ന വിമാനത്തിനുള്ളിലേക്ക് ഇന്നലെ യാത്രക്കാരെ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ വിമാനത്തിനുള്ളിലെ എസി പ്രവർത്തിച്ചില്ല. ഇത് മൂലം ചില യാത്രക്കാർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഇതോടെ യാത്രക്കാരെ വിമാനത്തിനുള്ളിൽ നിന്നും തിരിച്ചിറക്കി ഒരു ഹോട്ടലിലേക്ക് മാറ്റുകയും ചെയ്തിരുന്നു.

വ്യാഴാഴ്ച ഡൽഹിയിൽനിന്ന് സാൻഫ്രാൻസിസ്‌കോയിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ വിമാനമാണ് അനിശ്ചിതമായി വൈകുന്നത്. 30 മണിക്കൂറിലേറെയായിട്ടും യാത്രക്കാരുടെ കാത്തിരിപ്പ് തുടരുകയാണ്. വെള്ളിയാഴ്ച വൈകിട്ട് മൂന്ന് മണിക്ക് വിമാനം പുറപ്പെടുമെന്ന് എയർ ഇന്ത്യ അറിയിച്ചതുപ്രകാരം യാത്രക്കാർ വിമാനത്താവളത്തിലെത്തി. എന്നാൽ വിമാനം പുറപ്പെട്ടില്ല.

പിന്നീട് രാത്രി 7 മണിക്ക് പുറപ്പെടുമെന്ന് പറഞ്ഞ് യാത്രക്കാരെ കയറ്റിയെങ്കിലും റൺവേയിൽ പ്രവേശിച്ചശേഷം വിമാനം വീണ്ടും പുറത്തിറക്കി. യാത്രക്കാർ വിമാനത്തിനുള്ളിൽ പ്രതിഷേധിക്കുകയാണ്. ഇതിന്റെ ദൃശ്യങ്ങൾ യാത്രക്കാർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു.

മെയ്‌ 30ന് ഡൽഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് സാൻഫ്രാൻസിസ്‌കോയിലേക്ക് പുറപ്പെടേണ്ടിയിരുന്ന എഐ 183 വിമാനമാണ് വൈകുന്നത്. വ്യാഴാഴ്ച യാത്രക്കാർ വിമാനത്തിൽ കയറി മണിക്കൂറുകളോളം കാത്തിരുന്നിട്ടും വിമാനം പുറപ്പെട്ടില്ല. വിമാനത്തിനുള്ളിൽ എസി പ്രവർത്തിക്കാതായതോടെ യാത്രക്കാരിൽ പലരും കുഴഞ്ഞുവീഴുകയും ചെയ്തു. തുടർന്ന് വ്യാഴാഴ്ച അർധരാത്രിയോടെയാണ് യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റിയത്.

വിമാനം വൈകിയതിൽ എയർ ഇന്ത്യയ്ക്ക് വ്യോമയാന മന്ത്രാലയം നോട്ടിസ് നൽകിയിരുന്നു. യാത്രക്കാർക്ക് സൗകര്യമൊരുക്കുന്നതിൽ എയർ ഇന്ത്യ പരാജയപ്പെട്ടെന്നും മൂന്ന് ദിവസത്തിനുള്ളിൽ നോട്ടിസിന് മറുപടി നൽകണമെന്നുമാണ് വ്യോമയാന മന്ത്രാലയം ആവശ്യപ്പെട്ടിട്ടുള്ളത്. രണ്ട് വർഷത്തിനിടെ പത്താംതവണയാണ് ഡിജിസിഎ എയർ ഇന്ത്യയ്ക്ക് നോട്ടിസ് നൽകുന്നത്.

വിമാനത്തിൽ വേണ്ടത്ര ഭക്ഷണമോ സൗകര്യങ്ങളോ ലഭിക്കുന്നില്ലെന്നും യാത്രക്കാർ സമൂഹമാധ്യമങ്ങളിൽ ആരോപിച്ചു. യാത്രക്കാരിൽ മുതിർന്ന പൗരന്മാരും കുട്ടികളും ഉണ്ടെന്നും ഇവർ വല്ലാതെ ബുദ്ധിമുട്ടുകയാണെന്നും യാത്രക്കാർ എക്‌സിൽ പങ്കുവയ്ക്കുന്ന കുറിപ്പുകളിൽ പറയുന്നു. വ്യോമയാന മന്ത്രിയെയും ഡിജിസിഎയെയും ടാഗ് ചെയ്താണ് യാത്രക്കാരുടെ പ്രതിഷേധം. കനത്ത ചൂടിനെത്തുടർന്നുള്ള സാങ്കേതിക പ്രശ്‌നങ്ങളാണ് വിമാനം വൈകുന്നതിന് കാരണം എന്നാണ് എയർ ഇന്ത്യ പറയുന്നത്.

സംഭവത്തിന് എതിരെ പല യാത്രക്കാരും സാമൂഹിക മാധ്യമമായ എക്‌സിൽ കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രി ജ്യോതിരാധിത്യ സിന്ധ്യയെ ടാഗ് ചെയ്ത് രംഗത്ത് വന്നു. പിന്നാലെ എയർ ഇന്ത്യക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയം കാരണം കാണിക്കൽ നോട്ടീസ് നൽകുകയായിരുന്നു. ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് വിമാനം പുറപ്പെടുമെന്ന് എയർ ഇന്ത്യ അറിയിച്ചിരുന്നെങ്കിലും പുറപ്പെട്ടില്ല. രാത്രി ഏഴ് മണിക്ക് പുറപ്പെടാനായി വിമാനത്തിന്റെ ഉള്ളിലേക്ക് യാത്രക്കാരെ വീണ്ടും കയറ്റിയെങ്കിലും റൺവ്വേയിൽ പ്രവേശിച്ച ശേഷം വിമാനം റൺവേയിൽ നിന്ന് പുറത്തിറക്കുകയായിരുന്നു.