- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ജീവാനന്ദം' ജീവനക്കാരുടെ പോക്കറ്റടിക്കുന്നതിന് തുല്യം
തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും പ്രതിമാസം നിശ്ചിത തുക നിക്ഷേപമെന്ന രീതിയിൽ പിടിച്ചുവയ്ക്കാനുള്ള 'ജീവാനന്ദം' പദ്ധതി ജീവനക്കാരുടെ പോക്കറ്റടിക്കുന്നതിന് തുല്യമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പദ്ധതിയെ കുറിച്ച് കൂടിയാലോചനകളൊന്നും നടന്നിട്ടില്ല. പദ്ധതിയുടെ ഉദ്ദേശ്യം ഇപ്പോഴും അവ്യക്തമാണ്. സാമ്പത്തിക പ്രതിസന്ധി കാരണം ശമ്പളം കൊടുക്കാൻ പറ്റാത്തതു കൊണ്ടാണോ നിക്ഷേപം എന്ന പേരിൽ ശമ്പളത്തിന്റെ ഒരു ഭാഗം പിടിച്ചു വയ്ക്കാൻ പദ്ധതി തയാറാക്കുന്നതെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് സതീശൻ ആവശ്യപ്പെട്ടു.
മാസ ശമ്പളം കൊണ്ട് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുന്നവരാണ് ഭൂരിഭാഗം ജീവനക്കാരും. വായ്പാ ബാധ്യതകൾ, കുട്ടികളുടെ വിദ്യാഭ്യാസം. ചികിത്സാ ചെലവുകൾ തുടങ്ങി നിരവധി ബാധ്യതകളുണ്ടാകും. നിക്ഷേപമായി ചെറിയ തുക നൽകാൻ കഴിയാത്തവർ പോലും ഇക്കൂട്ടത്തിലുണ്ട്. ഈ സാഹചര്യത്തിൽ 'നിർബന്ധ നിക്ഷേപ പദ്ധതി' ജീവനക്കാർക്ക് ബാധ്യതയാണ്. ഒരു പ്രയോജനവും ഇല്ലാത്ത മെഡിസെപ് ചികിത്സാ പദ്ധതിക്കായി പ്രതിമാസം 500 രൂപ ജീവനക്കാരിൽ നിന്നും ഈടാക്കുന്നുണ്ട്. ശമ്പളത്തിൽ നിന്നുള്ള 10 ശതമാനം വിഹിതം പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ ഉൾപ്പെടുന്നവരും നൽകണം. ഇതിന് പുറമെ ഡി.എ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നൽകാതെ 15 മാസത്തെ ശമ്പളത്തിനു തുല്യമായ തുകയും ജീവനക്കാരിൽ നിന്നും സർക്കാർ പിടിച്ചുവച്ചിട്ടുണ്ട്-സതീശൻ വിശദീകരിച്ചു.
ശമ്പളം എവിടെ, എങ്ങനെ നിക്ഷേപിക്കണമെന്ന് തീരുമാനിക്കേണ്ടത് ജീവനക്കാർ തന്നെയാണ്. നിക്ഷേപം നടത്താൻ ജീവനക്കാരെ സർക്കാർ പ്രേരിപ്പിക്കുന്നതിൽ കുഴപ്പമില്ല. എന്നാൽ നിർബന്ധപൂർവം ഒരു പദ്ധതി അടിച്ചേൽപ്പിക്കുന്നതും ബലം പ്രയോഗിച്ച് പണം പിടിച്ചെടുക്കുന്നതും അംഗീകരിക്കാനാകില്ല. താൽപര്യമുള്ള ജീവനക്കാർക്ക് പദ്ധതിയുടെ ഭാഗമാകാമെന്ന് പറയാൻ മാത്രമെ സർക്കാരിന് കഴിയൂ. ശമ്പളം പിടിച്ചുവയ്ക്കുന്നതുകൊടുക്കാതിരിക്കുന്നതിന് തുല്യവും നിയമ വിരുദ്ധവുമാണ്. ജീവനക്കാർ ജോലി ചെയ്യുന്നതിന് നൽകുന്ന ശമ്പളം കട്ടെടുക്കുന്നതിന് തുല്യമായ സമീപനമാണ് സർക്കാരിന്റേതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
ജീവനക്കാരുടെ ശമ്പളത്തിൽനിന്നു പ്രതിമാസം നിശ്ചിതതുകവീതം പിടിച്ച് 'ജീവാനന്ദം' എന്നപേരിൽ ആന്വിറ്റി സ്‌കീം നടപ്പാക്കാൻ സംസ്ഥാനസർക്കാർ നടപടിക്ക് പിന്നിലും സാമ്പത്തിക പ്രതിസന്ധിയോ എന്ന ചോദ്യം സജീവമാണ്. ജീവനക്കാർ വിരമിച്ചുകഴിയുമ്പോൾ മാസംതോറും നിശ്ചിതതുക തിരികെനൽകുംവിധം പദ്ധതി ആവിഷ്‌കരിക്കാനാണ് ലക്ഷ്യമിടുന്നത്. അതായത് വിരമിച്ച ശേഷം മാസാമാസം തുക നൽകും. പെൻഷൻ കൊടുക്കുന്ന സർക്കാർ എന്തിനാണ് മറ്റൊരു പദ്ധതി കൂടി കൊണ്ടു വരുന്നതെന്ന ചോദ്യം പ്രസക്തമാകുന്നത്. ഭരണാനുകുല സംഘടനകൾ പോലും ഇതിനെ എതിർക്കും. സാമ്പത്തിക പ്രതിസന്ധിയക്കിടെ ജീവനക്കാരുടെ ശമ്പളം കുറയ്ക്കാനുള്ള കുബുദ്ധിയാണ് ജീവനക്കാർ പദ്ധതിയിൽ കാണുന്നത്.
ഖജനാവിലേക്ക് പണം കണ്ടെത്താൻ കുറുക്കുവഴിയുമായി സർക്കാർ. ജീവനക്കാരുടെ ശമ്പളത്തിൽനിന്ന് ഒരു വിഹിതം പ്രതിമാസം പിടിക്കുമെന്നതാണ് വസ്തുത. വിരമിച്ച ശേഷം പ്രതിമാസം നിശ്ചിത തുക ലഭ്യമാക്കും. 'ജീവാനന്ദം' എന്ന പേരിൽ ഇൻഷ്വറൻസ് പദ്ധതിയായാണ് നടപ്പാക്കുന്നത്. മെഡിസെപ് എന്ന ചികിത്സാ പദ്ധതി അടക്കം നാല് ഇൻഷ്വറൻസ് പദ്ധതികളും പ്രതിമാസ പെൻഷനും ഉണ്ടായിരിക്കേയാണ് പുതിയ പദ്ധതി. സംസ്ഥാന ഇൻഷ്വറൻസ് വകുപ്പ് മുഖേന നടപ്പാക്കുന്ന പദ്ധതിയുടെ രൂപരേഖ തയ്യാറാക്കാൻ സ്വകാര്യ കൺസൾട്ടൻസിയെ നിയോഗിച്ച് മെയ് 29ന് ഉത്തരവിറക്കി.
ആന്വറ്റി എന്ന പേരിൽ പദ്ധതി നടപ്പാക്കുമെന്ന് 2024-25ലെ ബഡ്ജറ്റിൽ ധനമന്ത്രി കെ.എം.ബാലഗോപാൽ പ്രഖ്യാപിച്ചിരുന്നു. അത്യാവശ്യ ഘട്ടങ്ങളിൽ സർക്കാരിന് തുക ഉപയോഗിക്കാമെന്ന വ്യവസ്ഥ ഉണ്ടാകുമെന്നാണ് സൂചന. പാളിയ മെഡിസെപ്പ്10 ലക്ഷത്തോളം ജീവനക്കാരും പെൻഷൻകാരും അവരുടെ ആശ്രിതരായ 20 ലക്ഷത്തോളം പേരും ഉൾപ്പെടുന്ന ഇൻഷ്വറൻസ് പരിരക്ഷയായ മെഡിസെപ്പിന്റെ പ്രവർത്തനം അവതാളത്തിലാണ്. ഇതിനിടെയാണ് പുതിയ ഇൻഷുറൻസ് പദ്ധതിയുമായി സർക്കാരെത്തുന്നത്. ഇതാണ് പ്രതിപക്ഷം ചോദ്യം ചെയ്യുന്നതും.