കോഴിക്കോട്: കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ അവയവം മാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ മെഡിക്കൽ ബോർഡ് റിപ്പോർട്ടും ഡോക്ടർക്ക് എതിരെ. പൊലീസ് കണ്ടെത്തൽ ശരിവെച്ച് മെഡിക്കൽ ബോർഡ് റിപ്പോർട്ട് നൽകി. നാലു വയസ്സുകാരിയുടെ വിരലിനു പകരം നാവിനു ശസ്ത്രക്രിയ നടത്തിയതിൽ ഡോക്ടറുടെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചതായി മെഡിക്കൽ ബോർഡ് റിപ്പോർട്ട് കുറ്റപ്പെടുത്തി. ഇതോടെ കേസിൽ ഡോക്ടർ കുടുങ്ങുമെന്ന് ഏതാണ്ട് ഉറപ്പായി.

ശസ്ത്രക്രിയ നടത്തിയതിൽ ഡോക്ടറുടെ ഭാഗത്ത് നിന്ന് ഗുരുതര ശ്രദ്ധക്കുറവ് ഉണ്ടായി. ആശുപത്രി സംവിധാനത്തിലെ തകരാറുകളും റിപ്പോർട്ടിൽ പരാമർശിക്കുന്നതായി അറിയുന്നു. മെഡിക്കൽ ബോർഡ് കൺവീനറായ ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. എൻ രാജേന്ദ്രൻ മെഡിക്കൽ കോളജ് എസിപി കെ ഇ പ്രേമചന്ദ്രനു റിപ്പോർട്ട് കൈമാറി. ഈ സാഹചര്യത്തിൽ ഡോക്ടർക്കെതിരെ കൂടുതൽ നടപടിയും വന്നേക്കും. സസ്‌പെൻഷൻ പിരിച്ചു വിടലാകാനും സാധ്യതയുണ്ട്.

മെഡിക്കൽ ബോർഡ് റിപ്പോർട്ട് ലഭിച്ചിട്ടുണ്ടെന്നും പരിശോധിച്ച ശേഷം തുടർനടപടി സ്വീകരിക്കുമെന്നും എസിപി പറഞ്ഞു. ശസ്ത്രക്രിയയിൽ പിഴവു സംഭവിച്ചതായി നേരത്തേ പൊലീസ് അന്വേഷണത്തിലും കണ്ടെത്തിയിരുന്നു. പൊലീസിന്റെ കണ്ടെത്തൽ മെഡിക്കൽ ബോർഡും ശരിവച്ച സാഹചര്യത്തിൽ ഡോക്ടർക്കെതിരെ അന്വേഷണോദ്യോഗസ്ഥൻ കോടതിയിൽ കുറ്റപത്രം സമർപ്പിക്കും. ഡോക്ടറെ അറസ്റ്റു ചെയ്യാൻ സാധ്യത ഏറെയാണ്.

സംഭവത്തിൽ മെഡിക്കൽ നെഗ്ലിജൻസ് (ഐപിസി 338) ആക്ട് പ്രകാരം മെഡിക്കൽ കോളജ് പൊലീസ് നേരത്തേ തന്നെ കേസെടുത്തിരുന്നു. 3 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. നേരത്തെ ഡോക്ടറിൽ നിന്നും മൊഴി എടുത്തിരുന്നു. കൂടുതൽ വകുപ്പുകൾ കേസിൽ ചുമത്താനും സാധ്യത ഏറെയാണ്. ഗുരുതരമായ വീഴ്ച ഡോക്ടർക്കുണ്ടായെന്നാണ് വിലയിരുത്തൽ.

ചെറുവണ്ണൂർ മധുരവനം സ്വദേശിയായ 4 വയസ്സുകാരിക്കു കഴിഞ്ഞ 16ന് ആണ് മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ ശസ്ത്രക്രിയ നടത്തിയത്. കുഞ്ഞിന്റെ കയ്യിലെ ആറാം വിരലിനു ശസ്ത്രക്രിയ നടത്താനാണ് ആശുപത്രിയിൽ എത്തിയത്. വാർഡിലേക്കു മാറ്റിയപ്പോഴാണു വിരലിനു പകരം നാവിനാണു ശസ്ത്രക്രിയ നടത്തിയതെന്നു കണ്ടെത്തിയത്. പിന്നീടു കൈവിരലിനും ശസ്ത്രക്രിയ നടത്തി.

സംഭവത്തിൽ ഡോ. ബിജോൺ ജോൺസൺ സസ്പെൻഷനിലാണ്. കുഞ്ഞിന്റെ നാവിലെ കെട്ട് പരിഹരിക്കാനാണു ശസ്ത്രക്രിയ നടത്തിയതെന്നാണു ഡോക്ടറുടെ വിശദീകരണം. കൈവിരൽ ശസ്ത്രക്രിയയ്ക്കിടെയാണ് നാവിലെ കുഴപ്പം കണ്ടെത്തിയതെന്നും ഉടൻ അത് പരിഹരിച്ചെന്നുമായിരുന്നു വാദം. എന്നാൽ മതിയായ പരിശോധനയോ ബന്ധുക്കളുടെ അനുവാദമോ ഇല്ലാതെ ശസ്ത്രക്രിയ ചെയ്യരുതെന്നാണ് ചട്ടം.