- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഹൈക്കോടതി വിധി നിർണ്ണായകം; കർശന നടപടികളെടുക്കാൻ മോട്ടോർ വാഹന വകുപ്പും
കൊച്ചി: വാഹനങ്ങൾ രൂപമാറ്റം വരുത്തിയാൽ കർശന നടപടിയെടുക്കാനുള്ള ഹൈക്കോടതി നിർദ്ദേശം പൊലീസും മോട്ടർ വാഹന വകുപ്പും ഗൗരവത്തോടെ എടുക്കും. വാഹനങ്ങളിലെ ഓരോ രൂപമാറ്റത്തിനും 5000 രൂപ പിഴ ഈടാക്കാനാണ് നിർദ്ദേശം. ഓടുന്ന വാഹനത്തിലെ ഡ്രൈവറുടെ കാബിനിലിരുന്ന് വിഡിയോ പകർത്തുന്നവർക്കെതിരെയും നടപടിയെടുക്കണമെന്നാണ് ജസ്റ്റിസുമാരായ അനിൽ കെ.നരേന്ദ്രൻ, ഹരിശങ്കർ വി.മേനോൻ എന്നിവരുടെ ബെഞ്ച് നിർദ്ദേശിച്ചത്. ഉടൻ ഈ നിർദ്ദേശങ്ങൾ നടപ്പാക്കാനാണ് മോട്ടോർ വാഹന വകുപ്പിന്റെ തീരുമാനം.
കാറിൽ നീന്തൽക്കുളം ഒരുക്കി കലവൂർ സ്വദേശിയായ വ്‌ലോഗർ ടി.എസ്.സജു (സഞ്ജു ടെക്കി) റോഡിലൂടെ അപകടകരമായ രീതിയിൽ സഞ്ചരിച്ച സംഭവത്തിൽ മോട്ടർ വാഹന വകുപ്പിനോട് റിപ്പോർട്ട് സമർപ്പിക്കാൻ കോടതി നിർദ്ദേശിച്ചിരുന്നു. എൻഫോഴ്‌സ്‌മെന്റ് ആർടിഒ കോടതിയിൽ തിങ്കളാഴ്ച റിപ്പോർട്ട് നൽകി. സഞ്ജു ടെക്കിക്കെതിരെ ആലപ്പുഴ മണ്ണഞ്ചേരി പൊലീസ് കേസെടുത്തു. ഐപിസി 279, 336 വകുപ്പുകൾ ചുമത്തിയാണ് കേസ്. മോട്ടോർ വാഹന വകുപ്പിന്റെ കുറ്റപത്രം ആലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി അംഗീകരിച്ചു. കഴിഞ്ഞദിവസം കേസ് പരിഗണിച്ചപ്പോൾ മോട്ടോർ വാഹന നിയമ ലംഘനത്തിന് കർശന നടപടികൾ സ്വീകരിക്കാൻ കോടതി നിർദ്ദേശിച്ചിരുന്നു.
യുട്യൂബിൽ അടക്കം ഇത്തരം വിഡിയോകൾ പോസ്റ്റ് ചെയ്യുന്ന വ്‌ലോഗർമാർക്കെതിരെ മോട്ടോർ വാഹന ചട്ട പ്രകാരം നടപടിയെടുക്കണമെന്നു കോടതി നിർദ്ദേശിച്ചു. വാഹനമോടിക്കുന്ന ആളിന്റെ ശ്രദ്ധ തെറ്റിക്കുന്നതാണ് ഇത്തരം നടപടിയെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ ഉത്തരവ്. രൂപമാറ്റം വരുത്തിയ വാഹനങ്ങളുടെ വിഡിയോ ദൃശ്യങ്ങൾ എൻഫോഴ്‌സ്‌മെന്റ് ഓഫിസർമാർ ശേഖരിക്കണമെന്നും കോടതി നിർദ്ദേശിച്ചു. വ്‌ലോഗർമാരും വാഹന ഉടമകളും യൂട്യൂബിലടക്കം പങ്കുവച്ച വിഡിയോകളും ശേഖരിക്കണം. വാഹനവും നിയമലംഘനത്തിന്റെ ദൃശ്യങ്ങളും മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കുകയും വാഹനത്തിന്റെ കസ്റ്റഡി ഉൾപ്പെടെ മജിസ്‌ട്രേറ്റ് കോടതിക്ക് തീരുമാനിക്കാമെന്നും കോടതി വ്യക്തമാക്കി.
നിയമലംഘനം കണ്ടെത്തുന്നവരുടെ ഡ്രൈവിങ് ലൈസൻസ് 3 മാസത്തേക്ക് സസ്‌പെൻഡ് ചെയ്യും. വാഹനത്തിന്റെ റജിസ്‌ട്രേഷൻ സസ്‌പെൻഡ് ചെയ്യുകയോ റദ്ദാക്കുകയോ ചെയ്യുമെന്നും മോട്ടർ വാഹന നിയമത്തിലെ വകുപ്പുകൾ ഉദ്ധരിച്ചുകൊണ്ട് കോടതി വ്യക്തമാക്കിയിട്ടുണ്ട്.
പുകക്കുഴൽ, സൈലൻസർ അടക്കം വാഹനത്തിന്റെ ഏതു ഭാഗത്ത് രൂപമാറ്റം വരുത്തിയാലും നടപടി സ്വീകരിക്കാം. ശബ്ദ, വായു മലിനീകരണം ഉണ്ടാക്കുന്ന ഏതു വാഹനത്തിനെതിരെയും നടപടി സ്വീകരിക്കാമെന്നാണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്.