ലണ്ടൻ: എൻ എച്ച് എസ്സ് അതീവ ഗുരുതരമായ പ്രതിസന്ധിയായി പ്രഖ്യാപിച്ച, ഹോസ്പിറ്റലുകൾക്ക് നേരെ നടന്ന സൈബർ ആക്രമണത്തെ തുടർന്ന് നിരവധി ഹോസ്പിറ്റലുകളിൽ ശസ്ത്രക്രിയകളും, മറ്റ് ചികിത്സകളും നിർത്തിവയ്ക്കേണ്ടി വന്നു. തിങ്കളാഴ്ചയായിരുന്നു ലണ്ടനിലെ ആശുപത്രികളെ പ്രതിസന്ധിയിലാക്കി കൊണ്ടുള്ള സൈബർ ആക്രമണം നറ്റന്നത്. കേരളത്തിലെ ആർ സി സിയിലും സമാനമായി സൈബർ ആക്രമണം നടത്തിയിരുന്നു.

ഗൈസ് ആൻഡ് സെയിന്റ് തോമസ്, കിങ്‌സ് കോളേജ് ഹോസ്പ്റ്റിൽ ട്രസ്റ്റുകളെ പ്രധാനമായും ബാധിച്ച ആക്രമണം, രക്തം നൽകുന്നതിന് പ്രതിസന്ധിയുണ്ടാക്കുന്നതായും റിപ്പോർട്ടുകൾ പറയുന്നു. പല അതി പ്രധാന ശസ്ത്രക്രിയകളും റദ്ദാക്കേണ്ടി വന്നപ്പോൾ, ഹ്രസ്വമായ നോട്ടീസിൽ പല രോഗികളെയും മറ്റിടങ്ങളിലേക്ക് പറഞ്ഞു വിടേണ്ടതായി വന്നു.

എൻ എച്ച് എസ് പത്തോളജി ലാബുകളിൽ ഉപയോഗിക്കുന്ന സൈനോവിസ് എന്ന ഐ ടി സിസ്റ്റമായിരുന്നു ആക്രമണത്തിന്റെ പ്രധാന ലക്ഷ്യം. റോയൽ ബ്രോംപ്ടൺ ആൻഡ് ഹെയർഫീൽഡിൽ അതിപ്രധാനമായ ട്രാൻസ്പ്ലാന്റ് ഓപ്പറേഷനുകൾ വരെ മാറ്റിവയ്ക്കേണ്ടതായി വന്നു. ഈവ്ലിന ലണ്ടൻ ചിൽഡ്രൻസ് ആശുപത്രിയേയും ആക്രമണം സാരമായി ബാധിച്ചു. ബ്രെക്സ്ലി, ഗ്രീൻവിച്ച്, ലൂയിഷാം, ബ്രോംലി, സൗത്ത്വാക്ക്, ലാംബെത്ത് എന്നീ ആറ് ലണ്ടൻബറോകളിലെ ആശുപത്രി സേവനങ്ങളേയും ജി പി സർവ്വീസുകളെയും ആക്രമണം ബാധിച്ചു.

തലസ്ഥാനത്തെ നിരവധി എൻ എച്ച് എസ് ട്രസ്റ്റുകളെ ബാധിച്ച സൈബർ ആക്രമണം തങ്ങളെയും ബാധിച്ചതായി കിങ്‌സ് കോളേജ് ഹോസ്പിറ്റൽ വക്താവ് സ്ഥിരീകരിച്ചു. ചില ഡിപ്പാർട്ട്‌മെന്റുകൾക്ക് മെയിൻ സർവ്വറുമായി കണക്ട് ചെയ്യപ്പെടാൻ കഴിയാത്ത സാഹചര്യമാണ് ഈ ആക്രമണം വഴി ഉടലെടുത്തത്. റാൻസംവെയർ ആക്രമണമാണ് നടന്നതെന്ന് ചില ഉന്നത വൃത്തങ്ങളിൽ നിന്നും അറിയാൻ കഴിഞ്ഞതായി ഹെൽത്ത് സർവ്വീസ് ജേർണൽ റിപ്പോർട്ട് ചെയ്യുന്നു. പതോളജി വിഭാവവുമായി വിഛേദിക്കപ്പെട്ട കണക്ഷൺ പുനരാരംഭിക്കാൻ ദിവസങ്ങൾ പോരാ ആഴ്ചകൾ വേണ്ടി വരുമെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധർ പറയുന്നത്.

രക്ത പരിശോധന ഫലങ്ങൾ പെട്ടെന്ന് ലഭ്യമാകാത്തത് എമർജൻസി വിഭാഗത്തിന്റെ പ്രവർത്തനങ്ങളെയും ബാധിച്ചു. അടിയന്തിര പ്രാധാന്യമുള്ള പരിശോധനകൾ മാത്രമെ നടത്താവൂ എന്ന് ഡോക്ടർമാർക്ക് നിർദ്ദേശം നൽകിയതായി ഡെയ്ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു. തിങ്കളാഴ്ച ജൂൺ 3 ന് സൈനോവിസ് ഐ ടി സിസ്റ്റത്തിനു നേരെ സൈബർ ആക്രമണം ഉണ്ടായതായും അത് ഒരു റാൻസംവെയർ (മോചന ദ്രവ്യം ആവശ്യപ്പെട്ടുകൊണ്ടുള്ള സൈബർ ആക്രമണം) ആക്രമണമാണെന്നും എൻ എച്ച് എസ് ഇംഗ്ലണ്ട്, ലണ്ടൻ റീജിയൻ വക്താവ് സ്ഥിരീകരിച്ചു.

ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ വകുപ്പ്, എൻ എച്ച് എസ്സ് ഇംഗ്ലണ്ട്, നാഷണൽ സൈബർ സെക്യൂരിറ്റി സെന്റർ എന്നിവർ സംയുക്തമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം, സൈനോവിസിൽ നിന്നുള്ള വിദഗ്ധ സംഘം ഈ ആക്രമണം നടത്തിയ പ്രത്യാഘാതങ്ങൾ വിലയിരുത്തുകയാണ്. ആവശ്യമായ നടപടികൾ കൈക്കൊണ്ട്, ഇതിന്റെ ആഘാതാം രോഗികളിലേക്ക് വരാതെ ശ്രദ്ധിക്കുമെന്ന് അവർ പറയുന്നു. എന്നാൽ, പൂർണ്ണമായും ഈ പ്രതിസന്ധിയിൽ നിന്നും മുക്തി നേടാൻ ആഴ്ചകൾ വേണ്ടി വരുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്.