ലോകത്തിന്റെ പല മേഖലകളിലും ജനന നിരക്ക് ഉയരുമ്പോൾ ഏറ്റവുമധികം ജനപ്പെരുപ്പമുള്ള ആറ് രാജ്യങ്ങളിൽ അത് കുത്തനെ ഇടിയുന്നതായി റിപ്പോർട്ടുകൾ. ഐക്യരാഷ്ട്ര സഭയുടെ പോപ്പുലേഷൻ പ്രോസ്പെക്ട്‌സ് (2022) നെ അടിസ്ഥാനമാക്കി അവർ വേൾഡ് ഇൻ ഡാറ്റയാണ് ഈ റിപ്പോർട്ട് പുറത്തു വിട്ടിരിക്കുന്നത്. ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും പ്രത്യുത്പാദന നിരക്ക് കുറയുന്നതായും യു എൻ പറയുന്നു. 1990- ൽ ഒരു സ്ത്രീക്ക് 3.2 പ്രസവങ്ങൾ എന്ന നിരക്കിലായിരുന്നു നടന്നിരുന്നതെങ്കിൽ, 2019 ൽ അത് ഒരു സ്ത്രീക്ക് 2.5 പ്രസവങ്ങൾ എന്ന നിലയിലേക്ക് താഴ്ന്നു.

2050 ആകുമ്പോഴേക്കും ഇത് 2.2 ആയി കുറയുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഇവിടെ പ്രത്യേകം പരാമർശിക്കേണ്ട ഒന്ന്, പ്രത്യുത്പാദന നിരക്ക് 2.1 ന് താഴെയെത്തിയാൽ ദീർഘകാലാടിസ്ഥാനത്തിൽ ആ രാജ്യത്തിന്റെ ജനസംഖ്യ കുറയും എന്നതാണ്. ചൈനയുടെ ജനന നിരക്കാണ് ഏറ്റവുമധികം വേഗത്തിൽ കുറയുന്നത് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 1950 -ൽ 41.0 ഉണ്ടായിരുന്ന ചൈനയിലെ ജനന നിരക്ക് 1990 ൽ 24.4 ആയും 2021 ൽ 1000 പേർക്ക് 7.6 ആയും കുറഞ്ഞു;

ഇതോടെ, ജപ്പാൻ അഭിമുഖീകരിച്ചതു പോലെ, ജനസംഖ്യയുടെ സിംഹഭാഗവും വൃദ്ധരാകുന്ന ഒരു സാഹചര്യം ചൈനയും അഭിമുഖീകരിക്കേണ്ടി വരും. സാമൂഹികവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതാണ് ഇത്തരമൊരു സാഹചര്യം. അതേസമയം 1950 ൽ 1000 പേർക്ക് 22.8 ജനന നിരക്കുണ്ടായിരുന്ന അമേരിക്കയിൽ അത് 1990 ൽ 22.8 ആയും 2021 ൽ 16.7 ആയും കുറഞ്ഞു. എന്നാൽ, നെറ്റ് മൈഗ്രേഷനിലൂടെ അമേരിക്ക തങ്ങളുടെ ജനസംഖ്യയിലെ കുറവ് നികത്തുന്നുണ്ട്. എന്നാൽ, ഈ പട്ടികയിലുള്ള മറ്റ് പല രാജ്യങ്ങൾക്കും അതിന് കഴിയുന്നില്ല.

ഈ പട്ടികയിലെ ഏറ്റവും ഉയർന്ന ജനന നിരക്കുള്ള നൈജീരിയയിൽ അത് 2021 ൽ 1000 പേർക്ക് 37.1 എന്ന നിലയിലായിരുന്നു. ഇത് 1990 ൽ 43. 4 ഉം 1950 ൽ 45.6 ഉം ആയിരുന്നു. അതേസമയം, ഇന്ത്യയിൽ 1950 ൽ 1000 പേർക്ക് 43.4 അയിരുന്നു ജനന നിരക്കെങ്കിൽ 1990 ൽ അത് 31.8 ആയും 2021 ൽ അത് 16.4 ആയും കുറഞ്ഞു. പാക്കിസ്ഥാനും ഇൻഡോനേഷ്യയുമാണ് ഈ പട്ടികയിലുള്ള മറ്റ് രണ്ട് രാജ്യങ്ങൾ.