- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
യുകെയിൽ 'ആരോഗ്യ സൈബർ ജാഗ്രത' തുടരും
ലണ്ടൻ: ബ്രിട്ടീഷ് ആരോഗ്യ സംരക്ഷണ മേഖലയെ സ്തംഭിപ്പിച്ച, ആശുപത്രികൾക്ക് നേരെയുള്ള സൈബർ ആക്രമണത്തിന് പിന്നിൽ റഷ്യൻ സംഘങ്ങൾ എന്ന് വിദഗ്ദ്ധർ. ക്വിലിലെന്നറിയപ്പെടുന്ന സംഘമാണ് ഇതിനു പിന്നിലെന്നാണ് ഇപ്പോഴത്തെ അനുമാനം. ലണ്ടനിലെ ഹോസ്പ്പിറ്റലുകളിലെ പത്തോളജി ലാബുകളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. നിരവധി ഹോസ്പിറ്റലുകളെ ഇത് ഏതാണ് സ്തംഭിപ്പിക്കുക തന്നെ ചെയ്തു. കേരളത്തിൽ തിരുവനന്തപുരത്തെ ആർ സി സി എന്ന ക്യാൻസർ ചികിൽസാലയവും സൈബർ ആക്രമണത്തിന് വിധേയമായിരുന്നു. ഇതിൽ അന്വേഷണം എങ്ങും എത്തിയില്ല. എന്നാൽ ബ്രിട്ടൺ സൈബർ ആക്രമിയെ തിരിച്ചറിയാൻ അതിവേഗ നീക്കത്തിലും.
എൻ എച്ച് എസ്സിനെയും ബ്രിട്ടീഷ് ആരോഗ്യ മേഖലയേയും പ്രതിസന്ധിയിലാക്കിയ ഈ ആക്രമണത്തിനു പുറകിൽ ക്വിലിൻ എന്നറിയപ്പെടുന്ന റഷ്യൻ സൈബർ ക്രിമിനൽ സംഘമാണെന്ന് നാഷണൽ സൈബർ സെക്യൂരിറ്റി സെന്റർ മുൻ ചീഫ് എക്സിക്യൂട്ടീവ് സിയാറൻ മാർട്ടിൻ പറയുന്നു. ആശുപത്രികളിൽ സാങ്കേതിക സേവനം നൽകിയിരുന്ന സൈനോവിസ് സിസ്റ്റം ലാക്കാക്കി ആയിരുന്നു ആക്രമണം. കിങ്‌സ് കോളേജ് ഹോസ്പിറ്റൽ, ഗൈസ് ആൻഡ് സെയിന്റ് തോമസ് (റോയൽ ബ്രോംപ്ടണും, ഈവ്ലിന ചിൽഡ്രൻസ് ഹോസ്പിറ്റലും ഉൾപ്പടെ) പ്രാഥമിക ചികിത്സാ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലേക്കെല്ലാം ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് നൽകിയിട്ടുണ്ട്.
ചില ശസ്ത്രക്രിയകളും ചികിത്സകളുമെല്ലാം ഇതുമൂലം നീട്ടി വയ്ക്കേണ്ടതായി വന്നിട്ടുണ്ട്. അത്യാവശ്യമായ ചില ശസ്ത്രക്രിയകൾ ആവശ്യമുള്ളവരെ മറ്റിടങ്ങളിലേക്ക് നീക്കിയിട്ടുണ്ട്. തത്ക്കാലം, പൂർണ്ണ സുരക്ഷിതം എന്ന് ഉറപ്പുള്ള ചികിത്സകൾ മാത്രമായി ചുരുക്കുവാനാണ് അധികൃതർ ആലോചിക്കുന്നത്. രക്ത പരിശോധന ഉൾപ്പടെ പല പരിശോധനകളും സാധ്യമല്ലാത്ത സാഹചര്യമാണുള്ളത്. ഇത് പൂർവ്വസ്ഥിതിയിലേക്ക് കൊണ്ടുവരാൻ ആഴ്ചകൾ എടുക്കുമെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധർ പറയുന്നത്.
ക്വിലിന്റെ മാതൃകയിലുള്ള നിരവധി സംഘങ്ങൾ റഷ്യ ആസ്ഥാനമാക്കി പ്രവർത്തിക്കുന്നുണ്ട് എന്നാണ് മാർട്ടിൻ, ബി ബി സി റേഡിയോ 4 ൽ പറഞ്ഞത്. ആകർഷണീയമായ പേരുകൾ ഉപയോഗിക്കുന്ന ഇവർക്ക് സൈബർ അധോലോകമായ ഡാർക്ക് വെബ്ബിൽ വെബ്‌സൈറ്റുകളും ഉണ്ടായിരിക്കും. കഴിഞ്ഞ രണ്ട് വർഷക്കാലമായി ഇത്തരം സംഘങ്ങൾ ലോകത്തിലെ വിവിധ സ്ഥാപനങ്ങൾക്ക് നേരെ സൈബർ ആക്രമണം അഴിച്ചു വിട്ടു വരുന്നതായും മാർട്ടിൻ പറഞ്ഞു.
ഓട്ടോമോട്ടീവ് കമ്പനികൾ, ആസ്‌ട്രേലിയൻ കോടതികൾ എന്നിവയൊക്കെ കഴിഞ്ഞ കാലങ്ങളിൽ ഇവരുടെ ആക്രമണത്തിന് ഇരയായിട്ടുണ്ട്. പണത്തിനു വേണ്ടിയാണ് അവർ ഈ ആക്രമണങ്ങൾ നടത്തുന്നത്. മോചനദ്രവ്യം എന്ന പേരിൽ പണം ലഭിക്കുന്നതിനായി രണ്ടു തരത്തിലുള്ള ആക്രമണങ്ങൾ ആണ് ഇവർ നടത്തുന്നത്. ഒന്ന്, നിങ്ങളുടെ സിസ്റ്റങ്ങളിൽ ആക്സസ് നേടി നിങ്ങളുടെ വിവരങ്ങൾ ശേഖരിക്കുകയും അവ പരസ്യപ്പെടുത്താതിരിക്കുന്നതിനായി പണം ചോദിക്കുകയും ചെയ്യുക എന്നതാണ്.
എന്നാൽ, ഇപ്പോൾ നടന്നിരിക്കുന്നത് തീർത്തും വ്യത്യസ്തമായ, കൂടുതൽ ഗുരുതരമായ രണ്ടാമത്തെ തരം ആക്രമണമാണ്. ഇരയാകുന്ന സിസ്റ്റം പൂർണ്ണമായും പ്രവർത്തന രഹിതമാക്കുന്ന തരത്തിലുള്ള ആക്രമണമാണ്.ഇത്തരത്തിലുള്ള ആക്രമണത്തിന് വിവിധ രാജ്യങ്ങളിലെ ആരോഗ്യ മേഖലകൾ നേരത്തെയും ഇരയായിട്ടുണ്ട്. സിസ്റ്റം പ്രവർത്തന രഹിതമാകുന്നതോടെ അത്യാവശ്യമായ പരിശോധനാ ഫലങ്ങൾ ഉൾപ്പടെ പലതും ലഭ്യമല്ലാതാകുന്നു.ഇത് ഹോസ്പിറ്റലുകളുടെ പ്രവർത്തനങ്ങളെ താറുമാറാക്കും.
അമേരിക്കയിൽ, ആരോഗ്യ മേഖലയിൽ ഇത്തരം ആക്രമണങ്ങൾ ഉണ്ടാകാറുണ്ടെങ്കിലും പൊതു ആരോഗ്യ മേഖലയെ അത് ബാധിക്കാറില്ല. അതുകൊണ്ടു തന്നെ ബ്രിട്ടനിൽ നടക്കുന്ന സൈബർ ആക്രമണം കൂടുതൽ ഗൗരവമുള്ളതാകുന്നു. പ്രശ്നങ്ങൾ തീർക്കുവാൻ കഠിന യജ്ഞം നടന്നു വരികയാണ്.