പത്തനംതിട്ട: മിനി സിവിൽ സ്റ്റേഷനിലെ ലിഫ്ടിൽ കുടുങ്ങിയ കോടതി ജീവനക്കാരിയെയും ചെറുമകളെയും ലിഫ്ട് പൊളിച്ച് രക്ഷപ്പെടുത്തി ഫയർ ഫോഴ്സിന് ഇപ്പോൾ നേരിടേണ്ടി വരുന്നത് വിമർശനം. മിനിസിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന കോടതിയിലെ ജീവനക്കാരിയും കൊച്ചുമകളുമാണ് ഇന്നലെ രാവിലെ 8.40 ന് ലിഫ്ടിൽ കുടുങ്ങിയത്.

ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സ്വീപ്പർ ജോലി ചെയ്യുന്ന വള്ളിക്കോട് സ്വദേശി ലീലാമ്മ തോമസ് (58), കൊച്ചുമകൾ ഒന്നാംക്ലാസിൽ പഠിക്കുന്ന ഹൃദ്യ (ആറ്) എന്നിവരാണ് മൂന്നാം നിലയിൽ കുടുങ്ങിയത്. ലീലാമ്മ രാവിലെ ജോലിക്ക് എത്തിയതായിരുന്നു. ജോലി കഴിഞ്ഞ് കൊച്ചു മകളെ സ്‌കൂളിൽ വിടാനാണ് ഒപ്പം കൂട്ടിയത്. ഇവർ ഭയന്ന് ബഹളം വക്കുന്നത് കേട്ടാണ് മറ്റു ജീവനക്കാർ ഓടിയെത്തിയത്.

അവർ വാതിൽ തുറക്കാൻ നോക്കിയെങ്കിലും കഴിഞ്ഞില്ല. ഉടൻ അഗ്നിരക്ഷാസേനയെ അറിയിച്ചു. അവർ എത്തി ഇരുവർക്കും ധൈര്യം നൽകി. അൽപ സമയത്തെ പരിശ്രമത്തിന് ശേഷമാണ് ലിഫ്ടിന്റെ വാതിൽ ഭാഗങ്ങൾ ഉപകരണങ്ങൾ ഉപയോഗിച്ച് വികസിപ്പിച്ച് ഇരുവരെയും പുറത്തെത്തിച്ചത്. പഴയ ലിഫ്ടായതിനാൽ ഇടയ്ക്കിടെ തകരാർ സംഭവിക്കുന്നതായി ജീവനക്കാർപറഞ്ഞു. ജൂൺ മൂന്നിന് ഈ ലിഫ്ട് തകരാറിലായിരുന്നു.

അതേ സമയം ലിഫ്ട് തകർത്ത ഫയർഫോഴ്സ് നടപടി സോഷ്യൽ മീഡിയയിൽ വിമർശന വിധേയമായി. ഡോർ ഓപ്പൺകീ ലിഫ്ട് തുറക്കാമായിരുന്നുവെന്നും അല്ലെങ്കിൽ ഫ്ളോർ ലെവലിൽ ലിഫ്ട് എത്തിച്ച് തുറക്കാമായിരുന്നുവെന്നും ടെക്നീഷ്യന്മാർ അടക്കം പറയുന്നു. മെഷിൻ റൂമിനുള്ളിൽ ഉള്ളിൽ ചെന്നാൽ കൺട്രോളറിന് ഉള്ളിൽ താക്കോൽ കാണും.

അതു വച്ച് നിമിഷങ്ങൾക്കകം ലിഫ്ട് തുറക്കാമായിരുന്നുവെന്നും വെട്ടിപ്പൊളിക്കേണ്ട കാര്യം ഉണ്ടായിരുന്നില്ലെന്നുമാണ് ഇവർ പറയുന്നു. ഇതുകാരണം ഇനി ലിഫ്ട് പ്രവർത്തിപ്പിക്കുക അടുത്ത കാലത്തൊന്നും നടക്കാത്ത അവസ്ഥ വരികയാണ്.