ന്യൂഡൽഹി: തുടർച്ചയായി മൂന്നാം തവണയും സർക്കാർ രൂപീകരണത്തിനുള്ള ഒരുക്കങ്ങൾ നടക്കവെ യോഗത്തിൽ നരേന്ദ്ര മോദിയെ നേതാവായി നിർദ്ദേശിച്ച് എൻഡിഎ. മുതിർന്ന ബിജെപി നേതാവും പ്രതിരോധ മന്ത്രിയുമായ രാജ്‌നാഥ് സിങ് ആണ് മോദിയെ എൻഡിഎയുടെ നേതാവായി യോഗത്തിൽ നിർദ്ദേശിച്ചത്. നിറഞ്ഞ കയ്യടികളോടെയാണ് അംഗങ്ങൾ പിന്തുണച്ചത്. അമിത് ഷായും നിതിൻ ഗഡ്കരിയും രാജ്‌നാഥ് സിംഗിന്റെ നിർദ്ദേശത്തെ പിന്താങ്ങി. തുടർന്ന് കയ്യടികളോടെ മോദിയെ നേതാവായി എൻഡിഎ അംഗങ്ങൾ അംഗീകരിച്ചു.

പാർലമെന്റിലെ സെൻട്രൽ ഹാളിലാണ് യോഗം നടന്നത്. മോദിയെ പ്രശംസിച്ചുകൊണ്ട് യോഗത്തിൽ രാജ്‌നാഥ് സിങ് സംസാരിക്കുകയും ചെയ്തു. തുടർച്ചയായി മൂന്നാം തവണയായി മോദി രാജ്യത്തിന്റെ പ്രധാനമന്ത്രിയാകുന്നത്. ഞായറാഴ്ചയാണ് മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ.

11.30ഓടെ രാജ്‌നാഥ് സിംഗും അമിത് ഷായും എൻഡിഎ എംപിമാരെ കണ്ടു. തുടർന്ന് യോഗി ആദിത്യനാഥ് ഉൾപ്പെടെയുള്ളവർ പാർലമെന്റലെത്തി. എൻഡിഎയുടെ പാർലമെന്ററി പാർട്ടി യോഗം ആരംഭിച്ച് ഉച്ചയ്ക്ക് 12ഓടെയാണ് മോദി എത്തിയത്. പാർലമെന്റിലേക്ക് പ്രവേശിച്ച മോദിയെ കയ്യടികളോടെയാണ് എൻഡിഎയുടെ എംപിമാർ സ്വീകരിച്ചത്. മോദി പാർലമെന്റിലേക്ക് കടക്കുന്ന വേളയിൽ ഭാരത് മാതാ കീ ജയ് വിളികളും വന്ദേമാതരവും പാർലമെന്റിൽ മുഴങ്ങിയിരുന്നു. തുടർന്ന് മോദി എല്ലാവരെയും കൈകൂപ്പി അഭിവാദ്യം ചെയ്തു.

ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നഡ്ഡ പൂച്ചെണ്ട് നൽകി അദ്ദേഹത്തെ സ്വാഗതം ചെയ്തു. ഭരണഘടനയെ കൈകളിലെടുത്ത് വണങ്ങിയ ശേഷമാണ് മോദി വേദിയിൽ ഉപവിഷ്ടനായത്. "മൂന്നാം വട്ടവും മോദി സർക്കാർ" എന്ന മുദ്രാവാക്യം പാർലമെന്റിൽ ഉയർന്നു. എൻഡിഎ സഖ്യകക്ഷികളാണ് മോദിക്കൊപ്പം വേദി പങ്കിട്ടത്. ടിഡിപി അദ്ധ്യക്ഷൻ ചന്ദ്രബാബു നായിഡുവും ജെഡിയു നേതാവ് നിതീഷ് കുമാറും മോദിക്ക് സമീപം ഉപവിഷ്ടരായി.

സദസ്സിനെ ജെ.പി നഡ്ഡ അഭിസംബോധന ചെയ്ത ശേഷം രാജ്‌നാഥ് സിങ് യോഗത്തിൽ സംസാരിച്ചു. നരേന്ദ്ര മോദിയുടെ കാര്യക്ഷമതയും ദീർഘവീക്ഷണവും ഒരു മന്ത്രിസഭാംഗം എന്ന നിലയിൽ അനുഭവിച്ചറിഞ്ഞതാണ് താനെന്ന് രാജ്‌നാഥ് സിങ് ചൂണ്ടിക്കാട്ടി.

പത്തുവർഷത്തെ മോദിയുടെ സേവനം ഭാരതത്തിൽ മാത്രമല്ല ലോകം മുഴുവനും പ്രശംസ പിടിച്ചുപറ്റി. മൂന്നാം തവണയും എൻഡിഎ സർക്കാർ വരുമ്പോൾ നേതാവാകാൻ ഏറ്റവും യോഗ്യൻ നരേന്ദ്ര മോദി തന്നെയാണ്. 1962ന് ശേഷം ആദ്യമായാണ് ഒരേവ്യക്തി തന്നെ തുടർച്ചയായി മൂന്നാമതും പ്രധാനമന്ത്രിയാകുന്നതെന്നും രാജ്‌നാഥ് സിങ് ചൂണ്ടിക്കാട്ടി.

ജനകീയനായ പ്രധാനമന്ത്രി തന്നെയാണ് നമുക്ക് ലഭിക്കാൻ പോകുന്നത്. നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ എൻഡിഎയ്ക്ക് ഉൾപ്പെടെ പുരോഗതിയുണ്ടായി. ശക്തവും അഭിമാനാവും സുരക്ഷിതവുമായ നേതൃത്വമാണ് നമുക്ക് ലഭിച്ചത്. രാജ്യം വികസിക്കുന്നതോടൊപ്പം ലോകത്തിന് മാതൃകയാകാനും പത്തു വർഷത്തിനിടെ ഭാരതത്തിന് കഴിഞ്ഞു.

ഉത്തരവാദിത്വം നിറവേറ്റുന്നതിന് മോദിജിയേക്കാൾ യോഗ്യനായ മറ്റൊരാളില്ല. അതുകൊണ്ടുതന്നെ കക്ഷി നേതാവാകാൻ നരേന്ദ്ര മോദിയുടെ പേര് നാമനിർദ്ദേശം ചെയ്യുന്നുവെന്ന് രാജ്‌നാഥ് സിങ് പറഞ്ഞു. ശേഷം സംസാരിച്ച അമിത് ഷായും നിതിൻ ഗഡ്കരിയും രാജ്‌നാഥ് സിംഗിന്റെ നിർദ്ദേശം പിന്താങ്ങുകയായിരുന്നു.

നരേന്ദ്ര മോദി ഇന്ത്യയുടെ യശ്ശസ് ഉയർത്തിയെന്ന് ചന്ദ്രബാബു നായിഡു യോഗത്തിൽ പറഞ്ഞു. എൻഡിഎയുടെ എല്ലാ മുഖ്യമന്ത്രിമാരും, ഉപമുഖ്യമന്ത്രിമാരും ബിജെപി സംസ്ഥാന അധ്യക്ഷന്മാരും ഈ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.

വൈകാരികമായ നിമിഷമെന്ന് മോദി

എൻഡിഎയ്ക്ക് സഖ്യകക്ഷികളുമായി ഉലയാത്ത ബന്ധമാണ് ഉള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. എൻഡിഎ എന്നും ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുമെന്നും തെരഞ്ഞെടുപ്പ് സഖ്യത്തിന്റെ ജയമാണെന്നും മോദി പറഞ്ഞു. രാജ്യത്തിന്റെ അന്തസത്തയാണ് സഖ്യം ഉയർത്തിപ്പിടിക്കുന്നത്. വൈകാരികമായ നിമിഷമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കൂട്ടിച്ചേർത്തു.

കേരളത്തിലെ വിജയത്തെപ്പറ്റി മോദി എൻഡിഎ യോഗത്തിൽ പറഞ്ഞു. കേരളത്തിൽ ബിജെപി വിജയിക്കുന്നത് തടയാൻ രണ്ട് മുന്നണികളും പരമാവധി ശ്രമിച്ചു. ജമ്മു കാശ്മീരിലേതിനേക്കാൾ പ്രവർത്തകർ കേരളത്തിൽ ത്യാഗം സഹിച്ചു. തടസങ്ങൾക്കിടയിലും ശ്രമം തുടർന്ന് ഒടുവിൽ വിജയം നേടി. ഇപ്പോൾ ഒരു ലോക്‌സഭാ അംഗത്തെ നമുക്ക് ലഭിച്ചിരിക്കുന്നുവെന്നും മോദി പറഞ്ഞു.

പ്രശംസിച്ച് നായിഡു

മൂന്നാം എൻഡിഎ സർക്കാരിന്റെ നേതാവായി തിരഞ്ഞെടുക്കപ്പെട്ട നരേന്ദ്ര മോദിയെ പ്രശംസകൊണ്ട് ചൊരിഞ്ഞ് കക്ഷി നേതാക്കൾ. ഇന്ത്യക്ക് ശരിയായ സമയത്ത് ശരിയായ നേതാവിനെ ലഭിച്ചുവെന്ന് ടിഡിപി അദ്ധ്യക്ഷൻ ചന്ദ്രബാബു നായിഡു പറഞ്ഞു. പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ എൻഡിഎ നേതാക്കളുടെ യോഗത്തിനിടെയാണ് അദ്ദേഹത്തിന്റെ വാക്കുകൾ.

കഴിഞ്ഞ മൂന്നുമാസമായി പ്രധാനമന്ത്രി വിശ്രമമില്ലാതെ പ്രചരണം നടത്തുകയായിരുന്നു. പ്രധാനമന്ത്രിയുടെ ആത്മാർത്ഥമായ പ്രവർത്തനം ആന്ധ്രാപ്രദേശിലെ വിജയത്തിന് പിന്തുണ നൽകി. ഒറ്റ പ്രസംഗം കൊണ്ട് ആന്ധ്രയിലെ ഗതി തന്നെ മാറ്റിമറിച്ചയാളാണ് ആഭ്യന്തര മന്ത്രിയായിരുന്ന അമിത് ഷാ. ആന്ധ്രയ്ക്കൊപ്പം കേന്ദ്രമുണ്ടെന്ന ഉറപ്പ് ജനങ്ങൾക്കുണ്ടായി.
പിന്തുണ നൽകിയ എല്ലാ എൻഡിഎ മന്ത്രിമാർക്കും നന്ദിയുണ്ടെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു.

പ്രധാനമന്ത്രിയുടെ പത്തുവർഷത്തെ സേവനം രാജ്യത്തിന്റെ മുഖച്ഛായ തന്നെ മാറ്റിമറിച്ചു. ലോകത്തിന്റെ പവർഹൗസ് ആയി ഇന്ത്യ മാറി. ഭാരതത്തിന് ലോകമാകമാനം അംഗീകാരം നേടിത്തന്ന നരേന്ദ്ര മോദിക്ക് നന്ദി. മൂന്നാമത്തെ ഏറ്റവും വലിയ സാമ്പത്തിക വ്യവസ്ഥയായി ഇന്ത്യയെ മാറ്റാൻ നരേന്ദ്ര മോദിക്ക് സാധിക്കും. വരുന്ന അഞ്ചുവർഷത്തെ മോദിയുടെ നേതൃത്വം ഭാരതത്തെ രണ്ടാം സ്ഥാനത്ത് അല്ലെങ്കിൽ ഒന്നാമത് എത്തിക്കും. അക്കാര്യത്തിൽ ഉറച്ച ആത്മവിശ്വാസമുണ്ടെന്നും നായിഡു ചൂണ്ടിക്കാട്ടി.

സമീപഭാവിയിൽ ഭാരതീയർ ലോക നേതാക്കളാക്കാൻ പോവുകയാണ്. എല്ലാ അർത്ഥത്തിലും ഭാരതം ലോകത്തിന് മുതൽക്കൂട്ടാകും. കൃത്യമായ കാഴ്ചപ്പാടും, അത് നടപ്പാക്കാനുള്ള ആർജ്ജവവും നരേന്ദ്ര മോദിക്കുണ്ട്. ശരിയായ സമയത്ത് രാജ്യം തെരഞ്ഞെടുക്ക ശരിയായ നേതാവാണ് നരേന്ദ്ര മോദി. ലോകത്തെ എല്ലാ രാജ്യങ്ങളും ഒന്നോ രണ്ടോ ശതമാനമാണ് വളരുന്നത്. എന്നാൽ ഇന്ത്യ അതിവേഗ വളർച്ച നേടിക്കൊണ്ടിരിക്കുന്നു. പത്തോ ഇരുപതോ വർഷം ഈ പുരോഗതി തുടരുക തന്നെ ചെയ്യും.

മികച്ച നേതാവുള്ളതിനാലാണ് വലിയ നേട്ടങ്ങൾ കൈവരിക്കാൻ ഭാരതത്തിന് സാധിക്കുന്നത്. ആ നേതാവ് നരേന്ദ്ര മോദിയാണ്. നരേന്ദ്ര മോദിയെ കക്ഷി നേതാവായി അംഗീകരിക്കുന്നുവെന്നും നായിഡു പറഞ്ഞു. രാജ്യത്തെ ദാരിദ്ര്യമുക്തമാക്കാൻ നരേന്ദ്ര മോദിക്ക് കഴിയും. അത് സാധ്യമാക്കുക തന്നെ ചെയ്യും. ആന്ധ്രയിൽ 95% സീറ്റുകളും എൻഡിഎ നേടി. മുന്നണിയോടുള്ള ജനങ്ങളുടെ വിശ്വാസത്തിന്റെ തെളിവാണത്. ഇത് തന്റെ ജീവിതത്തിൽ അഭിമാനം നൽകിയ നിമിഷമാണെന്നും ടിഡിപി അദ്ധ്യക്ഷൻ എടുത്തുപറഞ്ഞു.

വിലപേശൽ തുടരുന്നു

യോഗത്തിന് ശേഷം രാഷ്ട്രപതിയെ കണ്ട് മോദിയെ എൻഡിഎയുടെ നേതാവായി നിശ്ചയിച്ചതായുള്ള കത്ത് നേതാക്കൾ നൽകും. ഞായറാഴ്ചയാണ് ഡൽഹിയിൽ സത്യപ്രതിജ്ഞ നടക്കുന്നത്. സത്യപ്രതിജ്ഞയിൽ പങ്കെടുക്കാനായി അയൽ രാജ്യങ്ങളിലെ നേതാക്കൾ ഡൽഹിയിൽ എത്തും. അതേസമയം സ്പീക്കർ സ്ഥാനം വേണമെന്ന നിലപാടിൽ ടിഡിപി ഉറച്ചു നിൽക്കുകയാണ്. സ്പീക്കർ സ്ഥാനം ടിഡിപിക്ക് നല്കുന്നതിൽ ബിജെപി നേതാക്കൾ ഇന്നലെ ചർച്ച നടത്തി. ചന്ദ്രബാബു നായിഡു വിട്ടുവീഴ്ചയ്ക്ക് തയാറായില്ലെങ്കിൽ സ്പീക്കർ സ്ഥാനം ബിജെപി നൽകിയേക്കും.

അതേസമയം, തൃശ്ശൂരിലെ നിയുക്ത എംപി സുരേഷ് ഗോപി കേന്ദ്രമന്ത്രിസഭയിലേക്ക് എത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. ക്യാബിനറ്റ് പദവിയോ സ്വതന്ത്ര ചുമതലയോടെയോ മന്ത്രിസഭയിലേക്കെത്തും. പാർട്ടി തീരുമാനിക്കുമെന്നാണ് സുരേഷ് ഗോപി പ്രതികരിക്കുന്നതെങ്കിലും അദ്ദേഹം കേന്ദ്രമന്ത്രിസഭയിലുണ്ടാകുമെന്ന് ഉറപ്പാണെന്നാണ് ബിജെപി വൃത്തങ്ങൾ നൽകുന്ന സൂചന. വകുപ്പുകളുടെ കാര്യത്തിൽ വ്യക്തതയില്ല.

മന്ത്രിസഭാ രൂപവത്കരണം സംബന്ധിച്ച് മാരത്തൺ ചർച്ചകളാണ് ന്യൂഡൽഹിയിൽ പുരോഗമിക്കുന്നത്. മുതിർന്നനേതാക്കളായ അമിത് ഷാ, രാജ്‌നാഥ് സിങ് എന്നിവർ ബിജെപി. അധ്യക്ഷൻ ജെ.പി. നഡ്ഡയുടെ വസതിയിൽ യോഗംചേർന്നിരുന്നു. ഘടകകക്ഷികളുമായി ചർച്ചകൾ നടത്താൻ നരേന്ദ്ര മോദി ഈ നേതാക്കളെയാണ് നിയോഗിച്ചിരിക്കുന്നത്.

സത്യപ്രതിജ്ഞയ്ക്ക് വേദിയൊരുങ്ങുമ്പോഴും എൻ.ഡി.എ.ക്കുള്ളിൽ വിലപേശൽ തുടരുകയാണ്. നിരുപാധിക പിന്തുണയാണെന്ന് പറയുമ്പോഴും പ്രധാനഘടകകക്ഷികളായ ടി.ഡി.പി.യും ജെ.ഡി.യു.വും ഉന്നയിക്കുന്ന ആവശ്യങ്ങൾ ബിജെപി.ക്ക് പൂർണമായി സ്വീകാര്യമല്ല. എന്നാൽ, സ്ഥാനമാനങ്ങൾ തമ്മിൽ തർക്കങ്ങളില്ലെന്ന് ഘടകകക്ഷി നേതാക്കൾ ആവർത്തിക്കുന്നുണ്ട്.