കണ്ണൂർ: ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് വീണ്ടും പരോൾ അനുവദിച്ചു. മുഖ്യ പ്രതികളിലൊരാളായ കൊടി സുനി ഒഴികെ പത്ത് പ്രതികൾക്കാണ് പരോൾ അനുവദിച്ചത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കഴിഞ്ഞതോടെയാണ് നടപടി. തിരഞ്ഞെടുപ്പിന് മുൻപ് അപേക്ഷ സമർപ്പിച്ചവരുടെ പരോളാണ് അനുവദിച്ചതെന്നു കണ്ണൂർ സെൻട്രൽ ജയിൽ അധികൃതർ വ്യക്തമാക്കി.

കഴിഞ്ഞ ഫെബ്രുവരിയിൽ ടിപി വധക്കേസിലെ പ്രതികൾക്ക് ശിക്ഷ വർധിപ്പിച്ചുള്ള കോടതി ഉത്തരവ് പുറത്ത് വന്നിരുന്നു. പരോളുകൾ അനുവദിക്കുന്നതിനും കോടതി വിലക്കേർപ്പെടുത്തിയിരുന്നു. ഈ ഉത്തരവ് മറികടന്നാണ് ഇപ്പോൾ പ്രതികൾക്ക് പരോൾ അനുവദിച്ചത്.

കൊടി സുനി തവനൂർ ജയിലിലാണ്. ടിപി വധക്കേസിലെ പ്രതികൾക്ക് എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന ശേഷം പരോൾ ലഭിച്ചത് 2013 ദിവസമാണെന്നു നിയമസഭയിൽ സർക്കാർ 2022ൽ വെളിപ്പെടുത്തിയിരുന്നു. തടവുകാലത്തെ ആശുപത്രിവാസത്തിനു പുറമെയാണ് പതിനൊന്ന് പ്രതികൾക്കു പല തവണയായി ആറ് മാസത്തോളം പരോൾ ലഭിച്ചത്.

നേരത്തെ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്നവർക്കാണ് പരോൾ അനുവദിച്ചത്. നിലവിൽ കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുകയായിരുന്നു പ്രതികൾ. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം പിൻവലിച്ച ഉടനാണ് പരോൾ പ്രാബല്യത്തിലായത്.

ശിക്ഷിക്കപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുകയായിരുന്ന പ്രതികളിൽ ആറ് പേർക്ക് ഫെബ്രുവരിയിൽ ഹൈക്കോടതി ശിക്ഷ ഇരട്ടജീവപര്യന്തമാക്കി വർധിപ്പിച്ചിരുന്നു. ടിപിയെ വെട്ടിക്കൊന്നതിൽ നേരിട്ട് പങ്കാളികളായ ഒന്നാം പ്രതി എംസി അനൂപ്, രണ്ടാം പ്രതി കിർമാണി മനോജ്, മൂന്നാം പ്രതി കൊടി സുനി, നാലാം പ്രതി ടികെ രജീഷ്, അഞ്ചാം പ്രതി കെകെ മുഹമ്മദ് ഷാഫി, ഏഴാം പ്രതി കെ ഷിനോജ് എന്നിവർക്ക് കൊലപാതകം കൂടാതെ ഗൂഢാലോചനയിലും പങ്കുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് നിലവിലെ ജീവപര്യന്തത്തിനു പുറമേ മറ്റൊരു ജീവപര്യന്തം കൂടി ഹൈക്കോടതി വിധിച്ചത്.

20 വർഷം കഴിയാതെ ശിക്ഷ ഇളവ് നല്കാൻ പാടില്ല എന്നും കോടതി വ്യക്തമാക്കിയിരുന്നു. ആറാം പ്രതി അണ്ണൻ സിജിത്ത്, എട്ടാം പ്രതി കെ സി രാമചന്ദ്രൻ, പതിനൊന്നാം പ്രതി ട്രൗസർ മനോജ് എന്നിവരുടെ ജീവപര്യന്തം തടവ് ശിക്ഷയും വർധിപ്പിച്ചിട്ടില്ല.

പ്രതികളുടെ ശിക്ഷ വർധിപ്പിച്ചു എന്ന് മാത്രമല്ല കെകെ കൃഷ്ണൻ, ജ്യോതി ബാബു എന്നീ പുതുതായി പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയവർക്കും കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. അവരുടെ പ്രായം കണക്കിലെടുത്തതായിരുന്നു ജീവപര്യന്തത്തിൽ ഒതുക്കിയത്.

റവല്യൂഷണറി മാർക്സിസ്റ്റ് പാർട്ടിയുടെ സ്ഥാപകനായ ടിപി ചന്ദ്രശേഖരനെ (52) 2012 മെയ് നാലിനാണ് ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ബൈക്കിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ടിപിയെ സംഘം കാറിൽ ഇടിച്ച് വീഴ്‌ത്തി ക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. 2014 ജനുവരി 22 ന് കോഴിക്കോട് അഡീഷണൽ സെഷൻസ് കോടതി 11 പേർക്ക് ജീവപര്യന്തം തടവും മറ്റൊരാൾ ലംബു പ്രദീപിന് മൂന്ന് വർഷം തടവും വിധിച്ചിരുന്നു.

സിപിഐഎം മുൻ പാനൂർ ഏരിയാ കമ്മിറ്റി അംഗം പികെ കുഞ്ഞനന്തൻ 2020 ജൂൺ 11 ന് ജയിൽവാസത്തിനിടെ മരിച്ചു. കേസിൽ സിപിഎം ജില്ലാ സെക്രട്ടറി പി മോഹനൻ ഉൾപ്പെടെ 24 പ്രതികളെ കോഴിക്കോട് വിചാരണക്കോടതി വെറുതെ വിട്ടു. ടിപി ചന്ദ്രശേഖറിന്റെ ഭാര്യയായ കെ കെ രമ പിന്നീട് വടകര നിയോജക മണ്ഡലത്തിൽ നിന്നും വിജയിച്ച് എംഎൽഎയായി.

സിപിഎം വിട്ട് ആർഎംപി എന്ന പാർട്ടി രൂപീകരിച്ച ടിപി ചന്ദ്രശേഖരനെ 2012 മെയ്‌ നാലിനാണ് ഒരു സംഘം ബോംബെറിഞ്ഞു വീഴ്‌ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തിയത്. സിപിഎമ്മിൽനിന്ന് വിട്ടുപോയി തന്റെ നാടായ ഒഞ്ചിയത്ത് ആർഎംപിയെന്ന പേരിൽ പാർട്ടിയുണ്ടാക്കിയതിലുള്ള പകയിൽ സിപിഎമ്മുകാരായ പ്രതികൾ ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്.