- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കേരളത്തിന്റെ അംബാസിഡറാകാൻ സുരേഷ് ഗോപി
ന്യൂഡൽഹി: അനിശ്ചിതത്വങ്ങൾക്കും അഭ്യൂഹങ്ങൾക്കും വിരാമമിട്ട് സിനിമയെ വെല്ലുന്ന ട്വിസ്റ്റുകൾക്കൊടുവിൽ കേന്ദ്ര മന്ത്രിപദത്തിലേക്ക് സൂപ്പർതാരം സുരേഷ് ഗോപി. നരേന്ദ്ര മോദിയുടെ സ്വന്തം പ്രതിനിധിയായി തൃശൂരിൽ പോരാട്ടത്തിനിറങ്ങി കേരളത്തിന്റെ ചരിത്രത്തിലാദ്യമായി ബിജെപി കാത്ത് കാത്തിരുന്ന താമര വിരിയിച്ചാണ് ആക്ഷൻ ഹീറോ ക്യാബിനറ്റ് പദവി ഏറ്റെടുക്കാൻ ഒരുങ്ങുന്നത്.
നേരത്തെ കരാറൊപ്പിട്ട സിനിമകളുടെ തിരക്കുള്ളതിനാൽ ക്യാബിനറ്റ് പദവി ഏറ്റെടുക്കാൻ സുരേഷ് ഗോപി വിസമ്മതിച്ചെന്ന തരത്തിലുള്ള വാർത്തകൾ പുറത്ത് വന്നിരുന്നു. ഡൽഹിയിലേക്ക് പോകാതെ തിരുവനന്തപുരത്ത് തന്നെ തുടർന്ന സുരേഷ് ഗോപിയുടെ നടപടിയും അഭ്യൂഹങ്ങൾ ശക്തമാക്കി. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേരിട്ടുള്ള വിളിയെത്തിയതോടെ ഒടുവിൽ സുരേഷ് ഗോപി തന്നെ ആ അഭ്യൂഹങ്ങൾക്ക് വിരാമം കുറിച്ചാണ് ഡൽഹിക്ക് പറന്നത്.
ഉറപ്പിച്ച മന്ത്രിസ്ഥാനത്തിൽ രാവിലെ മുതൽ പലതരം അനിശ്ചിതത്വമുണ്ടായി. ഒടുവിൽ നരേന്ദ്ര മോദി നേരിട്ട് വിളിച്ചതോടെയാണ് അമ്മയ്ക്കും ഭാര്യയ്ക്കും ഒപ്പം സുരേഷ് ഗോപി ഡൽഹിക്ക് പുറപ്പെട്ടത്. തൃശൂർ എടുത്തത് മുതൽ ഉറപ്പിച്ചതായിരുന്നു സുരേഷ് ഗോപിയുടെ മന്ത്രിസ്ഥാനം. പക്ഷെ ഇന്നലെ രാത്രി മുതലാണ് പലതരം അഭ്യൂഹങ്ങളും സംശയങ്ങളുമുയർന്നത്. സിനിമക്കായി തൽക്കാലം പദവി വേണ്ടെന്ന നിലപാട് ഒരിക്കൽ കൂടി താരം സ്വീകരിച്ചു.
ഇതിനിടെ തെക്കേ ഇന്ത്യയിൽ നിന്ന് മറ്റൊരു നേതാവിനെ പരിഗണിക്കുന്നുവെന്ന അഭ്യൂഹങ്ങളുമയർന്നു. രാവിലെ മുതൽ ആർക്കും പിടിതരാതെ സുരേഷ് ഗോപി ശാസ്തമംഗലത്തെ വീട്ടിലുണ്ടായിരുന്നു. 6.10 ന്റെ തിരുവനന്തപുരം ഡൽഹി വിമാനം പോയി. പിന്നീടുള്ള വിമാനങ്ങളിലും ടിക്കറ്റെടുക്കാതെ താരം വീട്ടിൽ തന്നെ തുടർന്നു.
സുരേഷ് ഗോപിയുടെ ശാസ്തമംഗലത്തെ വീടിനു മുന്നിൽ രാവിലെ മുതൽ ദേശീയ മാധ്യമങ്ങളടക്കം തടിച്ചുകൂടി. വീട്ടിൽനിന്ന് ആരും പുറത്തു വരികയോ മാധ്യമങ്ങളോട് പ്രതികരിക്കുകയോ ചെയ്തില്ല. വീടിന്റെ വാതിൽ അടഞ്ഞു കിടന്നു. ഫോണിലും സുരേഷ് ഗോപിയുടെ പ്രതികരണം ലഭിച്ചില്ല. മന്ത്രിസഭാ രൂപീകരണ ചർച്ചകൾ ഡൽഹിയിൽ നടക്കുന്നതിനിടെ സുരേഷ് ഗോപി വീട്ടിൽ തുടർന്നു. രാവിലെ 6.10ന് ഡൽഹിക്ക് വിമാനമുണ്ടായിരുന്നെങ്കിലും പോയില്ല. പിന്നീട് 8.30 മുതൽ ഡൽഹിയിലേക്ക് കണക്ടിങ് ഫ്‌ളൈറ്റുകൾ ഉണ്ടായിരുന്നെങ്കിലും യാത്ര സംബന്ധിച്ച് അനിശ്ചിതത്വം തുടർന്നു.
സിനിമാ തിരക്കുകൾ താരം കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരുന്നു. സുരേഷ് ഗോപിയുടെ സത്യപ്രതിജ്ഞ പിന്നീടായിരിക്കുമെന്നും കേരളത്തിൽനിന്ന് മറ്റാരെയെങ്കിലും കേന്ദ്രമന്ത്രിയാക്കാനുള്ള സാധ്യതകളുണ്ടെന്നും പ്രചാരണമുണ്ടായി. എന്നാൽ പത്തരയോടെ സത്യപ്രതിജ്ഞയ്ക്കു ക്ഷണമെത്തി. 11 മണിയോടെ വീടിന്റെ വാതിൽ തുറന്ന് ജീവനക്കാർ പുറത്തുവന്നു.
പിന്നാലെ സുരേഷ് ഗോപിയും ഭാര്യ രാധികയും രാധികയുടെ അമ്മയും പുറത്തേക്ക്. മാധ്യമങ്ങൾ വീട്ടുവളപ്പിലേക്കു കയറി. മോദിയും അമിത്ഷായും പറയുന്നത് അനുസരിക്കുമെന്നും എത്രയും വേഗം ഡൽഹിയിലെത്തണമെന്ന് മോദി നിർദേശിച്ചതായും സുരേഷ് ഗോപി മാധ്യമങ്ങളെ അറിയിച്ചു. 12.30നുള്ള വിമാനത്തിൽ സുരേഷ്‌ഗോപിയും കുടുംബവും ഡൽഹിയിലേക്ക് പോയി.
ഡൽഹിയിൽ നിന്നും കാൾവന്നിട്ടും സസ്‌പെൻസ് തീർന്നില്ല. 12.10 നുള്ള വിമാനത്തിൽ ടിക്കറ്റില്ല. ബംഗ്‌ളൂരുവിലെത്തി അവിടെ നിന്ന് ചാർട്ടർ വിമാനത്തിലേക്ക് യാത്രക്കായി ശ്രമം. ഒടുവിൽ 12.10 ന്റെ ഡൽഹിക്ക് നേരിട്ടുള്ള വിമാനത്തിൽ ടിക്കറ്റ് ലഭിച്ചു. പിന്നാലെ സസ്‌പെൻസുകൾക്ക് വിരാമമിട്ട് ഡൽഹി യാത്ര.
നരേന്ദ്ര മോദിയുടെ കേരളത്തിലെ സ്വന്തം പ്രതിനിധിയായാണ് സുരേഷ് ഗോപി തൃശൂരിൽ ഇറങ്ങിയത്. കാത്ത് കാത്തിരുന്ന താമര വിരിയിച്ച് ഒടുവിൽ കാബിനറ്റിലേക്ക് ആക്ഷൻ ഹീറോ എത്തുമ്പോൾ കേരള ബിജെപിക്ക് മാത്രമല്ല സന്തോഷം. കേരളത്തിന്റെ അംബാസിഡറാകുമെന്ന സുരേഷ് ഗോപിയുടെ പ്രഖ്യാപനത്തിൽ മലയാളികളുടെ പ്രതീക്ഷകൾ ഏറെയാണ്.
നേരത്തെ കരാർ ഒപ്പിട്ട 4 സിനിമകൾ പൂർത്തിയാക്കാനുണ്ടെന്നും കാബിനറ്റ് റാങ്കിൽ ചുമതലയേറ്റാൽ സിനിമകൾ മുടങ്ങുമെന്നും ബിജെപി കേന്ദ്ര നേതൃത്വത്തെ സുരേഷ് ഗോപി അറിയിച്ചതായി വിവരം പുറത്തുവന്നിരുന്നു. കേന്ദ്രമന്ത്രിയാകാൻ സുരേഷ് ഗോപിയിൽ ബിജെപി നേതൃത്വം സമ്മർദം ചെലുത്തുന്നതായി വിവരം പുറത്തുവന്നിരുന്നു.
കേരളത്തിൽ നിന്നുള്ള ആദ്യ ബിജെപി ലോക്‌സഭാ അംഗമെന്ന നിലയിൽ സുരേഷ് ഗോപി കേന്ദ്രമന്ത്രിസഭയിൽ വേണമെന്ന് കേന്ദ്ര നേതൃത്വമാണ് നിർദ്ദേശിച്ചത്. രണ്ട് വർഷത്തേക്ക് സിനിമകളിൽ അഭിനയിക്കാൻ കരാർ ഒപ്പിട്ടെന്നും, അതിന് കേന്ദ്രമന്ത്രി സ്ഥാനം തടസമാകുമോയെന്ന ആശങ്കയും സുരേഷ് ഗോപി നേതൃത്വത്തെ നേരത്തെയും അറിയിച്ചിരുന്നു. എന്നാൽ മോദിക്കൊപ്പം ഞായറാഴ്ച തന്നെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കണമെന്ന് ദേശീയ നേതൃത്വം നിർദ്ദേശിക്കുകയായിരുന്നു. എന്നാൽ ചില ഇളവുകൾ തനിക്ക് അനുവദിക്കണമെന്നാണ് സുരേഷ് ഗോപി ആവശ്യപ്പെടുന്നതെന്നാണ് വിവരം.
അതേ സമയം, മൂന്നാം എൻഡിഎ സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് ഇന്ന് വൈകിട്ട് 7.15ന് രാഷ്ട്രപതി ഭവനിൽ വെച്ച് നടക്കും. അമിത് ഷാ, നിതിൻ ഗഡ്കരി, രാജ്‌നാഥ് സിങ് എന്നിവരെ ഇത്തവണയും മന്ത്രിസഭയിൽ ഉൾപ്പെടുത്തും. പ്രൾഹാദ് ജോഷിക്കും ജിതൻ റാം മാഞ്ചിക്ക് മന്ത്രി സ്ഥാനം നല്കും. ആദ്യം സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിമാരാകുന്നവർക്ക് അറിയിപ്പ് നല്കി തുടങ്ങിയിട്ടുണ്ട്.
എല്ലാ മന്ത്രിമാരുടെയും സത്യപ്രതിജ്ഞ ഇന്നുണ്ടാകില്ല. ഒരു ഘട്ടം കൂടി സത്യപ്രതിജ്ഞ ഉണ്ടാകുമെന്നാണ് സൂചന. ആദ്യ ഘട്ടത്തിൽ 45 മിനിറ്റോളം നീളുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം 30ഓളം മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന. മന്ത്രി സ്ഥാനത്തേക്ക് രാം മോഹൻ നായിഡുവിന്റെയും ചന്ദ്രശേഖർ പെമ്മസാനിയുടെയും പേര് ടിഡിപി സ്ഥിരീകരിച്ചിട്ടുണ്ട്. ജയന്ത് ചൗധരി, അനുപ്രിയ പട്ടേൽ എന്നിവർക്കും ആദ്യ ഘട്ടത്തിൽ സത്യപ്രതിജ്ഞ ചെയ്യാൻ അറിയിപ്പ് ലഭിച്ചു.