- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഈ കോട്ടയത്തുകാരൻ മോദിക്ക് ഏറെ പ്രിയപ്പെട്ടവൻ
തിരുവനന്തപുരം: മൂന്നാം മോദി മന്ത്രിസഭയിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ജോർജ് കുര്യൻ അംഗമായി മാറുന്നുവെന്ന വാർത്ത ഏറെ ആകാംക്ഷയോടെയാണ് കേരളം കാതോർത്തത്. സത്യപ്രതിജ്ഞാ ചടങ്ങിനായി ഡൽഹിയിൽ നിന്നുള്ള അറിയിപ്പെത്തിയതോടെ സുരേഷ് ഗോപി കുടുംബത്തിനൊപ്പം ഡൽഹിയിലേക്ക് യാത്രതിരിക്കുന്ന വാർത്തകൾ ദൃശ്യമാധ്യമങ്ങളിൽ മിന്നിമറയുന്നതിനിടെയായിരുന്നു കേരളത്തിലെ പാർട്ടിയുടെ ഏറ്റവും പ്രധാന ന്യൂനപക്ഷ മുഖമായ ജോർജ് കുര്യന്റെ മന്ത്രിസ്ഥാനം സർപ്രൈസ് എൻട്രിയായി എത്തിയത്.
സുരേഷ് ഗോപിക്ക് പുറമേ കേരളത്തിലെ ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ള നേതാവിന് കൂടി കേന്ദ്രമന്ത്രിസ്ഥാനം ലഭിച്ചേക്കാമെന്ന സൂചനകളുണ്ടായിരുന്നെങ്കിലും ജോർജ് കുര്യന്റെ പേര് ആദ്യം ഉയർന്നുകേട്ടിരുന്നില്ല. എന്നാൽ ഒടുവിൽ, സീറോ മലബാർ സഭാംഗം കൂടിയായ ജോർജ് കുര്യനെ ബിജെപി ദേശീയ നേതൃത്വം മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു. ജോർജ് കുര്യനെ തെരഞ്ഞെടുത്തതിലൂടെ കേരളത്തിലെ ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നുള്ള വോട്ടുകൾ ഉയർത്താനുള്ള ലക്ഷ്യം കൂടിയുണ്ട് ബിജെപിക്ക്.
കോട്ടയം കാണക്കാരി നമ്പ്യാർകുളം സ്വദേശിയായ ജോർജ് കുര്യൻ നാലരപ്പതിറ്റാണ്ട് കാലമായി ബിജെപിയിൽ സജീവമാണ്. നിലവിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ആണ്. 1977ൽ അടിയന്തരാവസ്ഥക്കാലത്ത് വിദ്യാർത്ഥി ജനതയിലൂടെയാണ് ജോർജ് കുര്യൻ പൊതുരംഗത്തേക്ക് എത്തുന്നത്. 1980ൽ ബിജെപി രൂപീകൃതമായപ്പോൾ മുതൽ ബിജെപിക്കൊപ്പമുണ്ട് ജോർജ് കുര്യൻ. ബിഎസ് സി എൽഎൽബി ബിരുദധാരിയായ അദ്ദേഹം ആർട്‌സിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. ചാനൽ ചർച്ചകളിലും ദേശീയ നേതാക്കൾ കേരളത്തിൽ എത്തുമ്പോൾ പ്രസംഗം തർജിമ ചെയ്യുന്നതിലും സജീവമായിരുന്നു അദ്ദേഹം.
മെച്ചപ്പെട്ട പ്രകടനം കാഴ്ച വച്ച കേരളത്തിനുള്ള പരിഗണനയ്ക്കും അപ്പുറത്ത് ദേശീയ തലത്തിൽ തന്നെ ബിജെപി ഉയർത്തിക്കാട്ടുന്ന ന്യൂനപക്ഷ മുഖമായാണ് ജോർജ്ജ് കുര്യൻ മൂന്നാം മോദി മന്ത്രിസഭയിൽ അംഗമായി മാറുന്നത്. ക്രൈസ്തവ വിഭാഗത്തിന് ബിജെപിയോട് അനുഭാവം ഉണ്ടാക്കും വിധം രാജ്യത്തുടനീളം നടത്തി വന്ന പരിശ്രമങ്ങൾക്കുള്ള അംഗീകാരം കൂടിയായി മാറുകയാണ് കേന്ദ്രമന്ത്രി പദവി.
ബിജെപി ഉണ്ടായ കാലം മുതൽ കോട്ടയത്തുകാരൻ ജോർജ്ജ് കുര്യൻ ബിജെപിക്കാരനാണ്. പാർട്ടിക്ക് സ്വന്തമായൊരു ഓഫീസോ എന്നെങ്കിലും അധികാരത്തിലെത്തുമെന്ന വിശ്വാസമോ ഇല്ലാതിരുന്ന കാലം മുതലുള്ള മികച്ച സംഘാടകൻ.
നാട്ടകം കോളേജിൽ ഡിഗ്രിക്ക് പഠിക്കുമ്പോൾ വിദ്യാർത്ഥി ജനതാ നേതാവിൽ നിന്നാണ് തുടക്കം. നിലക്കൽ സമരകാലത്ത് സഭയ്ക്കകത്തുനിന്നും പുറത്ത് നിന്നും മാത്രമല്ല കുടുംബത്തിൽ നിന്ന് പോലും നേരിട്ട വെല്ലുവിളികളും എതിർപ്പുകളും അതിജീവിച്ചായിരുന്നു യുവമോർച്ചയിലേക്കുള്ള വളർച്ച. ഒ രാജഗോപാൽ കേന്ദ്ര സഹമന്ത്രിയായപ്പോൾ ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി ആയി ഡൽഹിയിലെത്തി.
ബിജെപി ദേശീയ നിർവ്വാഹക സമിതി അംഗമായും സംസ്ഥാന സെക്രട്ടറിയായും സംസ്ഥാന വക്താവായും സംഘടനാ തലത്തിൽ നിർണ്ണായക ചുമതലകൾ വഹിച്ചു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ്, ദേശീയ നിർവാഹക സമിതി അംഗം, സംസ്ഥാന വക്താവ്, യുവമോർച്ച അഖിലേന്ത്യ വൈസ് പ്രസിഡന്റ്, അഖിലേന്ത്യാ സെക്രട്ടറി, നൂന്യപക്ഷ മോർച്ച അഖിലേന്ത്യ ജനറൽ സെക്രട്ടഖറി, യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി, എജ്യൂക്കേഷൻ സൊസൈറ്റി സെക്രട്ടറി, ഫൈൻ ആർട്‌സ് സൊസൈറ്റി സെക്രട്ടറി തുടങ്ങിയ ചുമതലകൾ വഹിച്ചിട്ടുണ്ട്. ദേശീയ ന്യൂനപക്ഷ കമ്മീഷന്റെ വൈസ് ചെയർമാൻ സ്ഥാനവും ജോർജ് കുര്യനെ തേടിയെത്തിയിട്ടുണ്ട്. പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിക്കെതിരെ നിയമസഭ തിരഞ്ഞെടുപ്പിലും ജോർജ്ജ് കുര്യൻ മത്സരിച്ചിട്ടുണ്ട്.
ന്യൂനപക്ഷ കമ്മീഷൻ വൈസ് ചെയർമാൻ ആയി ചുമതല ഏറ്റെടുത്ത ജോർജ്ജ് കുര്യൻ ക്രൈസ്തവ വിഭാഗത്തെ ബിജെപിയോട് അടുപ്പിക്കാൻ രാജ്യത്തുടനീളം നടത്തിയ പ്രവർത്തനങ്ങളിലൂടെ കൂടിയാണ് നേതൃത്വത്തിന് പ്രിയങ്കരനായത്. മണിപ്പൂർ കലാപം തെരഞ്ഞെടുപ്പ് പ്രചാരണകാലത്ത് പ്രതിസന്ധിയായപ്പോഴൊക്കെ ശക്തമായ പ്രതിരോധം തീർത്തു. അധികാരത്തർക്കത്തിലും സംസ്ഥാന ബിജെപിയിൽ മാറി മറിഞ്ഞ ഗ്രൂപ്പ് സമവാക്യങ്ങൾക്കിടയിലും പക്ഷം പിടിക്കാൻ പോയില്ല. പ്രധാനമന്ത്രിയുമായി അടുത്ത ബന്ധമുള്ള ജോർജ്ജ് കുര്യൻ ദേശീയ നേതാക്കളുടെ പ്രസംഗം പരിഭാഷപ്പെടുത്താനുള്ള പാനലിലെ അംഗം കൂടിയാണ്.
രാമജന്മഭൂമി പ്രശ്‌നം അടക്കം ബിജെപിയുടെ തീവ്ര നിലപാടുകളെ എല്ലാക്കാലത്തും ശക്തമായി പിന്തുണയ്ക്കുന്ന, അതിശക്തമായി ന്യായീകരിക്കുക്കുന്ന, ജോർജ്ജ് കുര്യൻ ആർഎസ്എസിനും അത്രമേൽ പ്രിയപ്പെട്ട ന്യൂനപക്ഷ നേതാവാണ്. ഒരു സീറ്റിലെ വിജയം മാത്രമല്ല കേരളത്തിലെ ബിജെപിയുടെ മെച്ചപ്പെട്ട പ്രകടനത്തിൽ ക്രൈസ്തവ വിഭാഗത്തിനുള്ള സ്വാധീനവും സഭയെ സംഘടനയോട് അടുപ്പിക്കുന്നതിൽ ജോർജ്ജ് കുര്യൻ വഹിച്ച പങ്കും എല്ലാം പരിഗണിച്ചാണ് മൂന്നാം മോദി സർക്കാരിലെ മന്ത്രി പദവി.
കോട്ടയം സ്വദേശിയായ ജോർജ് കുര്യൻ യുവമോർച്ചയിലൂടെയാണ് രാഷ്ട്രീയപ്രവർത്തനം ആരംഭിച്ചത്. ബിജെപിയുടെ ന്യൂനപക്ഷമുഖം എന്ന നിലയിൽ പാർട്ടിക്കിടയിൽ ശക്തമായ സ്ഥാനമുണ്ടാക്കിയെടുത്ത ജോർജ് കുര്യന് ഇത്തവണ കേന്ദ്രമന്ത്രി സഭയിലേക്ക് പരിഗണിക്കുകയായിരുന്നു. സുരേഷ് ഗോപിക്ക് പുറമെയാണ് കേരളത്തിൽ നിന്ന് ഒരാൾ കൂടി കേന്ദ്രമന്ത്രിസഭയിലേക്ക് എത്തുന്നത്.
ജോർജ് കുര്യൻ ഇപ്പോൾ ഡൽഹിയിൽ തുടരുന്നുണ്ട്. പാർട്ടിയുടെ ന്യൂനപക്ഷമാണ് അദ്ദേഹം. കേരളത്തിൽ മാത്രമല്ല, ദേശീയ തലത്തിൽ തന്നെ ക്രിസ്ത്യൻ വിഭാഗങ്ങളെ ബിജെപിയിലേക്ക് എത്തിക്കാൻ നിർണ്ണായക പ്രവർത്തനങ്ങൾ നടത്തുന്ന വ്യക്തിയാണ് ജോർജ് കുര്യൻ.