ന്യൂഡൽഹി: മൂന്നാം നരേന്ദ്ര മോദി മന്ത്രി സഭയിൽ സഹമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് സുരേഷ് ഗോപിയും ജോർജ്ജ് കുര്യനും. കേരളത്തിന്റെ പ്രതിനിധിയായി തൃശൂർ എംപി സുരേഷ് ഗോപി കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. സഹമന്ത്രിമാരുടെ വിഭാഗത്തിലായിരുന്നു സുരേഷ് ഗോപിയുടെ സത്യപ്രതിജ്ഞ. അൻപത്തൊന്നാമനായി എത്തിയ സുരേഷ് ഗോപി, ഇംഗ്ലിഷിൽ ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. 70-ാമനായി ജോർജ് കുര്യനും സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു.

ശക്തമായ ത്രികോണമത്സരമെന്നനിലയിൽ രാജ്യം ഉറ്റുനോക്കിയ തൃശ്ശൂരിൽ ബിജെപി.യുടെ സുരേഷ് ഗോപി നേടിയത് ആരേയും അമ്പരപ്പിക്കുന്ന ജയമായിരുന്നു. 74686 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു തൃശ്ശൂരിൽ സുരേഷ് ഗോപിയുടെ ജയം. മോദിയുമായുള്ള അടുപ്പം കേന്ദ്രമന്ത്രിസഭയിലേക്കുള്ള വഴിതുറക്കുമെന്ന പ്രചാരണവും ശക്തമായിരുന്നു. ഇതോടെ തൃശ്ശൂരിനൊരു കേന്ദ്രമന്ത്രിയെന്ന പ്രചാരണവാക്യം കത്തിപ്പടർന്നു.

തൃശൂർ മണ്ഡലത്തിൽ നിന്ന് വിജയിച്ച് ലോക്‌സഭയിലേക്ക് എത്തിയ സുരേഷ് ഗോപിയും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയായ ജോർജ് കുര്യനും ഇംഗ്ലീഷിൽ ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. നേരത്തെ ദേശീയ ന്യൂനപക്ഷ കമ്മീഷനിൽ വൈസ് ചെയർമാനായിരുന്നു ജോർജ് കുര്യൻ. ക്രിസ്ത്യൻ ന്യൂനപക്ഷ പ്രതിനിധിയെന്ന നിലയിൽ കൂടിയാണ് ജോർജ് കുര്യന് മന്ത്രിസഭയിൽ അംഗത്വം ലഭിച്ചത്.

മെച്ചപ്പെട്ട പ്രകടനം കാഴ്ച വെച്ച കേരളത്തിനുള്ള പരിഗണനക്കും അപ്പുറത്ത് ദേശീയ തലത്തിൽ തന്നെ ബിജെപി ഉയർത്തിക്കാട്ടുന്ന ന്യൂനപക്ഷ മുഖമായാണ് ജോർജ് കുര്യൻ മൂന്നാം മോദി മന്ത്രിസഭയിൽ അംഗമാകുന്നത്. ക്രൈസ്തവ വിഭാഗത്തിന് ബിജെപിയോട് അനുഭാവം ഉണ്ടാക്കും വിധം രാജ്യത്തുടനീളം നടത്തി വന്ന പരിശ്രമങ്ങൾക്കുള്ള അംഗീകാരം കൂടിയാണ് ജോർജ് കുര്യന്റെ കേന്ദ്ര മന്ത്രി പദവി. ബിജെപി ഉണ്ടായകാലം മുതൽ കോട്ടയത്തുകാരൻ ജോർജ് കുര്യൻ ബിജെപിക്കാരനാണ്.

പാർട്ടിക്ക് സ്വന്തമായൊരു ഓഫീസോ എന്നെങ്കിലും അധികാരത്തിലെത്തുമെന്ന വിശ്വാസമോ ഇല്ലാതിരുന്ന കാലം മുതലുള്ള മികച്ച സംഘാടകൻ. നാട്ടകം കോളേജിൽ ഡിഗ്രിക്ക് പഠിക്കുമ്പോൾ വിദ്യാർത്ഥി ജനതാ നേതാവിൽ നിന്നാണ് തുടക്കം. ബിജെപി ദേശീയ നിർവ്വാഹക സമിതി അംഗമായും സംസ്ഥാന സെക്രട്ടറിയായും സംസ്ഥാന വക്താവായും സംഘടനാ തലത്തിൽ നിർണ്ണായക ചുമതലകൾ ജോർജ് കുര്യൻ വഹിച്ചിട്ടുണ്ട്. ന്യൂനപക്ഷ കമ്മീഷൻ വൈസ് ചെയർമാനായി ചുമതല ഏറ്റെടുത്ത ജോർജ് കുര്യൻ ക്രൈസ്തവ വിഭാഗത്തെ ബിജെപിയോട് അടുപ്പിക്കാൻ രാജ്യത്തുടനീളം നടത്തിയ പ്രവർത്തനങ്ങളിലൂടെ കൂടിയാണ് നേതൃത്വത്തിന് പ്രിയങ്കരനായത്.

സിനിമയെ വെല്ലുന്ന ട്വിസ്റ്റുകൾക്കൊടുവിൽ സൂപ്പർതാരം സുരേഷ് ഗോപി കേന്ദ്രമന്ത്രിസഭയിലേക്ക് എത്തുന്നത്. ഉറപ്പിച്ച മന്ത്രിസ്ഥാനത്തിൽ രാവിലെ മുതൽ പലതരം അനിശ്ചിതത്വമുണ്ടായെങ്കിലും ഒടുവിൽ നരേന്ദ്ര മോദി നേരിട്ട് വിളിച്ചതോടെയാണ് ഡൽഹിക്ക് പുറപ്പെട്ടത്. തൃശൂർ 'എടുത്തത്' മുതൽ ഉറപ്പിച്ചതായിരുന്നു സുരേഷ് ഗോപിയുടെ മന്ത്രിസ്ഥാനം. എന്നാൽ ഇന്നലെ രാത്രി മുതൽ പലതരം അഭ്യൂഹങ്ങളും സംശയങ്ങളുമുയർന്നിരുന്നു.

ഇതോടെ സിനിമക്കായി തൽക്കാലം ക്യാബിനറ്റ് പദവി വേണ്ടെന്ന നിലപാട് ഒരിക്കൽ കൂടി താരം സ്വീകരിച്ചു. ഒടുവിൽ ഡൽഹിയിൽ നിന്നും നേരിട്ട് മോദിയുടെ കോളെത്തിയതോടെ സുരേഷ് ഗോപി കേന്ദ്രമന്ത്രിസഭയിലേക്ക് എത്തുകയായിരുന്നു. 74686 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു തൃശ്ശൂരിൽ സുരേഷ് ഗോപിയുടെ ജയം. കേരളത്തിന്റെ അംബാസിഡറാകുമെന്ന സുരേഷ് ഗോപിയുടെ പ്രഖ്യാപനത്തിലാണ് മലയാളികളുടെ പ്രതീക്ഷ.

ആകെ 30 കാബിനറ്റ് മന്ത്രിമാരാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. 6 പേർക്ക് സ്വതന്ത്ര ചുമതലയുണ്ട്. 36 പേർ സഹമന്ത്രിമാർ. രാഷ്ട്രത്തലവന്മാരും എൻഡിഎ നേതാക്കളും മറ്റു വിശിഷ്ടാതിഥികളുമടക്കം എണ്ണായിരത്തോളം പേർ രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിനു സാക്ഷിയായി. ജവാഹർലാൽ നെഹ്‌റുവിനു ശേഷം തിരഞ്ഞെടുപ്പിലൂടെ തുടർച്ചയായി 3 തവണ പ്രധാനമന്ത്രിയാകുന്ന ആദ്യത്തെയാളാണ് നരേന്ദ്ര മോദി. സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി രാവിലെ രാജ്ഘട്ടും യുദ്ധ സ്മാരകവും അടൽബിഹാരി വാജ്‌പേയിയുടെ സ്മൃതികുടീരവും സന്ദർശിച്ച ശേഷമാണ് മോദി സത്യപ്രതിജ്ഞയ്‌ക്കെത്തിയത്.

നരേന്ദ്ര മോദിയെ രാഷ്ട്രപതി 7.23ന് സത്യപ്രതിജ്ഞയ്ക്കായി ക്ഷണിച്ചു. ദൈവനാമത്തിലാണ് മോദി സത്യപ്രതിജ്ഞ ചെയ്തത്. സത്യവാചകം പൂർത്തിയായപ്പോൾ സദസ്സിൽനിന്ന് കരഘോഷമുയർന്നു. മുതിർന്ന നേതാവ് രാജ്‌നാഥ് സിങ് രണ്ടാമതായി സത്യപ്രതിജ്ഞ ചെയ്തു. മൂന്നാമതായി അമിത്ഷായും നാലാമതായി നിതിൻ ഗഡ്കരിയും സത്യപ്രതിജ്ഞ ചെയ്തു. പാർട്ടി അധ്യക്ഷൻ ജെ.പി.നഡ്ഡയും മന്ത്രിസഭയിൽ ഇടംപിടിച്ചു.

ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, റിപ്പബ്ലിക് ഓഫ് സീഷെൽസ് വൈസ് പ്രസിഡന്റ് അഹമ്മദ് അഫീഫ്, മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു, ശ്രീലങ്കൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെ, നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹൽ പ്രചണ്ഡ, ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിങ് ടോബ്ഗേ, മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്നാഥ് തുടങ്ങിയവർ ചടങ്ങിനെത്തി. അംബാനി കുടുംബവും നടൻ ഷാറുഖ് ഖാനും അടക്കമുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ഇന്ത്യ മുന്നണിയുടെ തീരുമാനം അനുസരിച്ച് ചടങ്ങിനെത്തി. ഏക്‌നാഥ് ഷിൻഡെയും അജിത് പവാറും ചടങ്ങിൽ പങ്കെടുത്തു.