ബെംഗളൂരു: കന്നഡ സിനിമ ലോകത്തെ സൂപ്പർതാരം ദർശൻ തൂഗുദീപ കൊലപാതക കേസിൽ അറസ്റ്റിലായതിന്റെ ഞെട്ടലിലാണ് ആരാധകർ. ചിത്രദുർഗ സ്വദേശിയായ രേണുകസ്വാമി എന്നയാളുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ദർശനെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തത്. മൈസൂരിലെ ഫാം ഹൗസിൽനിന്ന് അറസ്റ്റ് ചെയ്ത നടനെ ബെംഗളൂരുവിലേക്ക് മറ്റുമെന്നാണ് വിവരം. ദർശനുമായി അടുപ്പമുള്ള നടി പവിത്ര ഗൗഡയ്ക്ക് അശ്ലീല സന്ദേശം അയച്ചതിന്റെ പേരിലായിരുന്നു കൊലപാതകം. മൈസൂരുവിലെ ഫാംഹൗസിൽ നിന്നാണ് ദർശനെ പൊലീസ് പിടികൂടിയത്.

ഗാർഹിക പീഡനക്കേസിൽ ജയിൽവാസമടക്കം ഒട്ടേറെ തവണ വിവാദങ്ങളിൽ നിറഞ്ഞുനിന്ന നടനാണ് ദർശൻ. ഡി ബോസ് എന്നാണ് താരത്തെ ആരാധകർ വിളിക്കുന്നത്. മുതിർന്ന കന്നഡ നടൻ തൂഗുദീപ ശ്രീനിവാസിന്റെ മകനായ ദർശൻ 2001 ൽ മജസ്റ്റിക് എന്ന ചിത്രത്തിലൂടെയാണ് സാന്റൽവുഡിലേക്ക് നായകനായി എത്തിയത്. അവസാനമായി ഇറങ്ങിയ ദർശന്റെ കാറ്റെര എന്ന ചിത്രം വിജയമായിരുന്നു. ഈ വർഷത്തെ ഇതുവരെയുള്ള കന്നഡയിലെ ഏറ്റവും വലിയ വിജയവും ഈ ചിത്രം തന്നെയാണ്. പക്ഷെ അപ്രതീക്ഷിതമായാണ് താരം ഒരു കൊലക്കേസിൽ അറസ്റ്റിലായ വാർത്ത എത്തിയത്.

സാന്റൽവുഡിലെ 'ഡി ബോസ്'

താരപുത്രനായി ജനനം. തുടക്കം ചെറുവേഷങ്ങളിലൂടെ. പിന്നെ കന്നഡ സിനിമാ മേഖലയിൽ ഏറ്റവും ആരാധകരുള്ള താരങ്ങളിലൊരാൾ. നിർമ്മാതാവായി, വിതരണക്കാരനായി. കന്നഡ സിനിമാ പ്രേമികൾ ആ താരത്തെ ചാലഞ്ചിങ് സ്റ്റാർ എന്ന ഓമനപ്പേരിട്ടുവിളിച്ചു. സാൻഡൽവുഡിലെ റൗഡി എന്ന് വിളിപ്പേരുള്ള ദർശൻ സിനിമാ ജീവിതത്തിന് അപ്പുറം എന്നും വിവാദങ്ങളുടെ തോഴനായിരുന്നു.

കന്നഡ നടൻ തൂഗുദീപ ശ്രീനിവാസിന്റെയും മീനയുടേയും മകനായാണ് ദർശന്റെ ജനനം. ഹേമന്ത് കുമാറെന്നായിരുന്നു അച്ഛനമ്മമാർ നൽകിയ പേര്. 1990-കളുടെ മധ്യത്തിൽ പരമ്പരകളിലൂടെയും സിനിമകളിൽ ചെറുവേഷങ്ങൾ അവതരിപ്പിച്ചായിരുന്നു തുടക്കം. 2002-ൽ പുറത്തിറങ്ങിയ മജെസ്റ്റിക് എന്ന ചിത്രത്തിലൂടെയായിരുന്നു ബിഗ് സ്‌ക്രീൻ അരങ്ങേറ്റം. ചിത്രം ഹിറ്റായതോടെ ദർശൻ കന്നഡ സിനിമയുടെ അവിഭാജ്യ ഘടകമായി മാറി.

കരിയ, കലാസിപാളയ, ഗജ, നവഗ്രഹ, സാരഥി, ബുൾബുൾ, യജമാനാ, റോബർട്ട്, കാട്ടേരാ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങൾ. 2006-ൽ തൂഗുദീപ പ്രൊഡക്ഷൻസ് എന്ന പേരിൽ നിർമ്മാണക്കമ്പനിയും ആരംഭിച്ചു. താരത്തിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ കാട്ടേരാ എന്ന ചിത്രം 100 കോടി ക്ലബിലും ഇടംപിടിച്ചിരുന്നു.

എന്നും വിവാദങ്ങളുടെ തോഴൻ

സിനിമയിൽ സജീവമായി നിൽക്കുമ്പോഴും വിവാദങ്ങൾ വിട്ടൊഴിയാതെ ദർശനെ പിന്തുടർന്നിരുന്നു. 2011-ൽ ഗാർഹിക പീഡനത്തിന് ദർശനെതിരെ ഭാര്യ വിജയലക്ഷ്മി പൊലീസിൽ പരാതി നൽകി. ദർശൻ തന്നെ മർദിച്ചതായും വെടിവെച്ചു കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു പരാതിയുടെ ഉള്ളടക്കം. തുടർന്ന് നടത്തിയ വൈദ്യപരിശോധനയിൽ വിജയലക്ഷ്മിയുടെ ദേഹത്ത് മുറിവുകളും ചതവുകളും കണ്ടെത്തി.

ഇതേക്കുറിച്ച് ചോദിച്ചപ്പോൾ മദ്യലഹരിയിലായിരുന്നതിനാൽ ഒന്നും ഓർമയില്ലെന്നായിരുന്നു ദർശന്റെ മറുപടി. തുടർന്ന് അറസ്റ്റ് ചെയ്യപ്പെട്ട താരം 14 ദിവസം പരപ്പന അഗ്രഹാര ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞു. ഈ കേസ് പിന്നീട് കോടതിക്ക് പുറത്തുവെച്ച് ഒത്തുതീർപ്പാക്കുകയായിരുന്നു. ഈ സംഭവത്തിൽ ദർശൻ ആരാധകരോട് പരസ്യമായി മാപ്പുപറഞ്ഞത് വലിയ വാർത്തയായിരുന്നു. ഈ കേസ് ദർശന്റെ കരിയറിനെ ബാധിക്കും എന്ന് കരുതിയെങ്കിലും പിന്നീട് ഇറങ്ങിയ ചിത്രം സാരഥി വൻ ഹിറ്റായി മാറി.

2016-ൽ ദർശൻ മോശമായി പെരുമാറുന്നെന്ന പരാതിയുമായി ഭാര്യ വീണ്ടും രംഗത്തെത്തി. അവർ ബെംഗളൂരു പൊലീസിനായിരുന്നു പരാതി നൽകിയത്. 2021-ലാണ് ദർശൻ വീണ്ടും വാർത്തകളിൽ നിറഞ്ഞത്. 2021ൽ മൈസൂരിലെ ഹോട്ടലിൽ വെയിറ്ററെ മർദ്ദിച്ചുവെന്നാരോപിച്ചാണ് ദർശനെതിരെ കേസെടുത്തിരുന്നു. എന്നാൽ പിന്നീട് കേസ് ഒത്തുതീർപ്പായതായും വെയിറ്റർക്ക് 50,000 രൂപ നൽകി കേസ് ഒതുക്കിയതായും ആരോപണമുയർന്നിരുന്നു.

2022-ൽ ദർശൻ ഭീഷണിപ്പെടുത്തിയെന്ന പേരിൽ കന്നഡ സിനിമാ നിർമ്മാതാവായ ഭരത് പൊലീസിൽ പരാതി നൽകിയിരുന്നു. 2023 ജനുവരിയിൽ നടൻ ദർശന്റെ ഫാം ഹൗസിൽ വനം വകുപ്പിന്റെ റെയ്ഡ് നടന്നതും വിവാദമായിരുന്നു. പലപ്പോഴും എതിർ താരങ്ങളുടെ ഫാൻസ് സാന്റൽവുഡിലെ റൗഡി എന്ന് പോലും ദർശനെ വിശേഷിപ്പിക്കാറുണ്ട്. ആരാധകരെ തല്ലിയ വീഡിയോകളും ദർശന്റെതായി പലപ്പോഴും വൈറലായിട്ടുണ്ട്.

കഴിഞ്ഞ വർഷം കാട്ടേര എന്ന ചിത്രത്തിന്റെ വിജയാഘോഷം ബെംഗളൂരുവിലെ ഒരു ബാറിൽവെച്ച് താരം നടത്തിയിരുന്നു. നടന്മാരായ അഭിഷേക് അംബരീഷ്, ധനഞ്ജയ, നിർമ്മാതാവ് റോക്ക്‌ലൈൻ വെങ്കടേഷ് എന്നിവരും ഈ പാർട്ടിയിലുണ്ടായിരുന്നു. എന്നാൽ പാർട്ടി നടത്താൻ അനുമതിയുണ്ടായിരുന്ന രാത്രി 12.30 കഴിഞ്ഞും ആഘോഷം നീണ്ടുപോയതിനാൽ താരത്തിനും ഒപ്പമുണ്ടായിരുന്നവർക്കുമെതിരെ അധികൃതർ നോട്ടീസയച്ചിരുന്നു.

തന്റെ വീടിന് സമീപം കാർ പാർക്ക് ചെയ്തതിന് ഒരു സ്ത്രീക്കെതിരെ നായയെ അഴിച്ചുവിട്ട് കടിപ്പിക്കാൻ ശ്രമിച്ചതിന് കേസെടുത്ത സംഭവവും ദർശന്റെ വിവാദ ജീവിതത്തിലുണ്ടായിട്ടുണ്ട്. ഏറ്റവും ഒടുവിലത്തേതാണ് കാമാക്ഷിപാളയത്തെ രേണുകാ സ്വാമിയുടെ കൊലപാതകം.

2023-ലാണ് ദർശൻ പിന്നെയും വാർത്തകളിൽ ഇടംപിടിച്ചത്. ടി നർസിപുരിൽ ദർശന്റെ ഉടമസ്ഥതയിലുള്ള ഫാംഹൗസിൽ കർണാടക വനംവകുപ്പ് ഉദ്യോഗസ്ഥർ ഒരു റെയ്ഡ് നടത്തി. ഇവിടെ നിന്ന് സംരക്ഷിത വിഭാഗത്തിൽപ്പെടുന്ന നാല് ബാർ ഹെഡഡ് ഗീസ് പക്ഷികളെ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. നിയമംലംഘിച്ച് നടൻ വളർത്തിയതായിരുന്നു ഇവയെ. കൊല്ലപ്പെട്ട രേണുക സ്വാമി സന്ദേശം അയച്ച നടി പവിത്ര ഗൗഡയുമായി ദർശൻ വിവാഹേതരബന്ധം പുലർത്തിയിരുന്നതായും ആരോപണമുണ്ട്.

ഒടുവിൽ കൊലപാതക കേസും

കർണാടകത്തിലെ ചിത്ര ദുർഗ സ്വദേശിയായ രേണുക സ്വാമിയുടെ ശവശരീരം ജൂൺ 9മാണ് ബെംഗലൂരുവിലെ സോമനഹള്ളിയിൽ ഒരു പാലത്തിന്റെ താഴെ അഴുക്കുചാലിൽ നിന്നും ലഭിച്ചത്. ആദ്യം പൊലീസ് ഇതൊരു ആത്മഹത്യയാണ് എന്നാണ് കരുതിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്.

ഒരു മൃതദേഹം തെരുവുനായ്ക്കൾ കടിച്ചുവലിക്കുന്നതു കണ്ടവരാണ് ഇക്കാര്യം പൊലീസിനെ അറിയിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇത് രേണുകസ്വാമി എന്നയാളുടെ മൃതദേഹമാണെന്ന് കണ്ടെത്തി. ആദ്യം ആത്മഹത്യയാണെന്ന് കരുതിയ കേസ് പിന്നീട് കൊലപാതകമെന്ന് തെളിയുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ 10 പേർ അറസ്റ്റിലായി.

സംഭവവുമായി ബന്ധപ്പെട്ട് ഗിരിനഗർ സ്വദേശികളായ മൂന്നു പേർ പൊലീസിൽ കീഴടങ്ങിയിരുന്നു. രേണുകസ്വാമിയെ ദർശന്റെ വീട്ടിൽവച്ചാണ് മർദിച്ച് കൊന്നതെന്ന് ഇവർ നൽകിയ മൊഴിയാണ് നിർണായകമായത്. തുടർന്ന് മൃദദേഹം പാലത്തിനു കീഴിൽ ഉപേക്ഷിക്കുകയായിരുന്നുവെന്നും അവർ വെളിപ്പെടുത്തി. സാമ്പത്തിക തർക്കത്തെ തുടർന്നാണ് രേണുകസ്വാമിയെ കൊലപ്പെടുത്തിയതെന്നാണ് ഇവർ ആദ്യം നൽകിയ മൊഴി. തുടർന്ന് പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തിൽ കന്നഡ സൂപ്പർതാരം ദർശന്റെ പങ്കാളിത്തം പുറത്തുവന്നത്.

ദർശന്റെ സുഹൃത്തായ കന്നഡ നടി പവിത്ര ഗൗഡയ്ക്ക് കൊല്ലപ്പെട്ട രേണുകസ്വാമി അശ്ലീല സന്ദേശം അയച്ചിരുന്നു. ഇവരുടെ സമൂഹമാധ്യമ അക്കൗണ്ടിലൂടെയാണ് ഇയാൾ അശ്ലീല സന്ദേശം അയച്ചത്. ഇക്കാര്യം അറിഞ്ഞ ദർശൻ, ചിത്രദുർഗയിൽ തന്റെ ഫാൻസ് അസോസിയേഷൻ പ്രസിഡന്റായ വ്യക്തിയെ ബന്ധപ്പെട്ടു. ഇവരാണ് ദർശന്റെ നിർദ്ദേശപ്രകാരം രേണുകസ്വാമിയെ നഗരത്തിൽ എത്തിച്ചതെന്നാണ് പൊലീസ് ഭാഷ്യം. തുടർന്ന് ഒരു ഷെഡിൽവച്ച് ഇയാളെ ക്രൂരമായി മർദ്ദിച്ചു. മരിച്ചെന്ന് വ്യക്തമായതോടെ മൃതദേഹം ഓടയിൽ ഉപേക്ഷിക്കുകയായിരുന്നു.

ചിത്രദുർഗയിൽ രജിസ്റ്റർ ചെയ്ത ആളെ കാണാതായെന്ന പരാതിയിലേക്കാണ് പ്രാഥമിക അന്വേഷണം നീണ്ടതോടെ മരിച്ചയാളെക്കുറിച്ച് വ്യക്തമായ ചിത്രം പൊലീസിന് ലഭിച്ചിരുന്നു. ആദ്യഘട്ടത്തിൽ കസ്റ്റഡിയിലായവർ ഈ കൊലപാതക ഉത്തരവാദിത്വം ഏറ്റെടുക്കാൻ സന്നദ്ധരായി എന്നാണ് കന്നഡ മാധ്യമങ്ങൾ പറയുന്നത്. അവർ ആദ്യം സാമ്പത്തിക തർക്കത്തിൽ കൊലപാതകം നടത്തിയെന്നാണ് പറഞ്ഞത്. എന്നാൽ തുടർന്നും പൊലീസ് നടത്തിയ അന്വേഷണത്തിലും ചോദ്യം ചെയ്യലിലും കൂടുതൽപ്പേർ പിടിയിലായി. ഇവരെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നാണ് ദർശന്റെ പങ്ക് പൊലീസ് മനസിലാക്കിയത്.

തുടർന്നാണ് ദർശനെ അറസ്റ്റ് ചെയ്തത്. മൈസൂരിൽ ഷൂട്ടിംഗിലായിരുന്നു ദർശനെന്നും അവിടെ എത്തിയാണ് അറസ്റ്റ് എന്നുമാണ് പൊലീസിനെ ഉദ്ധരിച്ച് കന്നഡ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അന്വേഷണത്തിൽ ദർശൻ നൽകിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് രേണുകയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ട്. തന്റെ ചിത്രദുർഗയിലെ ഫാൻസ് അസോസിയേഷൻ വഴി രേണുക സ്വാമിയെ കണ്ടെത്തി അയാളെ ബംഗലൂരുവിൽ എത്തിക്കുകയാണ് ചെയ്തത്. തുടർന്ന് രാജരാജേശ്വരി നഗറിലെ ദർശന്റെ വീട്ടിലെ ഗാരേജിൽ വെച്ച് ദർശന്റെ മുന്നിൽ വെച്ച് രേണുക ആയുധങ്ങൾ കൊണ്ട് അടിച്ച് കൊല്ലപ്പെടുത്തി. തുടർന്ന് മൃതദേഹം അഴുക്കുചാലിലേക്ക് വലിച്ചെറിഞ്ഞുവെന്നും പൊലീസിനെ ഉദ്ധരിച്ച് കന്നഡ മാധ്യമങ്ങളിലെ റിപ്പോർട്ടുകൾ പറയുന്നത്.

പവിത്ര ഗൗഡയുമായി അടുത്ത ബന്ധം

ദർശനുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന കന്നഡ നടി പവിത്ര ഗൗഡയെ സോഷ്യൽ മീഡിയയിൽ നിരന്തരം സന്ദേശമയച്ച് ശല്യപ്പെടുത്തിയതിനാണ് അരുണ സ്വാമിയെ കൊലപ്പെടുത്തിയത് എന്നാണ് പൊലീസ് എഫ്‌ഐആർ പറയുന്നത്. വളരെക്കാലമായി ദർശനുമായി ബന്ധമുണ്ടെന്ന് ഗോസിപ്പുകൾ കേൾക്കുന്ന നടിയാണ് പവിത്ര. ഇരുവരും തമ്മിലുള്ള ബന്ധം 2015 മുതൽ തുടങ്ങിയതാണ് എന്നാണ് സാന്റൽവുഡിലെ റിപ്പോർട്ടുകൾ.

ദർശനൊപ്പമുള്ള ചിത്രങ്ങൾ പലപ്പോഴും പവിത്ര തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. അടുത്തിടെ പവിത്ര പോസ്റ്റ് ചെയ്ത ഒരു ചിത്രത്തിന്റെ ക്യാപ്ഷൻ ഇരുവരും തമ്മിൽ പതിറ്റാണ്ട് നീണ്ട ബന്ധമാണ് എന്നാണ് പറഞ്ഞത്. കഴിഞ്ഞ നവംബറിൽ പോസ്റ്റ് ചെയ്ത ഒരു ഇൻസ്റ്റഗ്രാം റീലിൽ പവിത്രയുടെ മകളുടെ ജന്മദിന പാർട്ടിക്ക് ദർശൻ കേക്ക് മുറിക്കുന്നത് അടക്കം കാണാമായിരുന്നു. പവിത്രയുടെ പേര് ഇപ്പോൾ രേണുക സ്വാമി കൊലക്കേസിൽ ഉയർന്നുവരുകയാണ്. പൊലീസ് എഫ്‌ഐആറിൽ പവിത്രയ്ക്ക് സോഷ്യൽ മീഡിയയിൽ അശ്ലീല സന്ദേശമയച്ചതിന്റെ പേരിലാണ് കൊലപാതകം എന്ന് വ്യക്തമാക്കുന്നുണ്ട്.