- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കൾക്കെതിരേ ഇഡി അന്വേഷണം
കൊച്ചി: 'മഞ്ഞുമ്മൽ ബോയ്‌സ്' സിനിമയുടെ നിർമ്മാതാക്കളായ പറവ ഫിലിംസിനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടങ്ങി. പറവ ഫിലിംസ് കള്ളപ്പണം ഇടപാടുകൾ നടത്തിയിട്ടുണ്ടോയെന്നാണ് ഇ.ഡി അന്വേഷിക്കുന്നത്. നിർമ്മാതാക്കളിലൊരാളായ ഷോൺ ആന്റണിയെ ഇ.ഡി ചോദ്യം ചെയ്തു. നടനും നിർമ്മാതാവുമായ സൗബിൻ ഷാഹിർ, ബാബു ഷാഹിർ എന്നിവരെയും ചോദ്യം ചെയ്യും.
സിനിമാ മേഖലയിൽ കള്ളപ്പണമിടപാട് നടക്കുന്നുവെന്ന് ഇഡിക്ക് നേരത്തേ പരാതി ലഭിച്ചിരുന്നു. തുടർന്ന് സിനിമാ നിർമ്മാണ കമ്പനികളെ കേന്ദ്രീകരിച്ച് ഇഡി അന്വേഷണം നടത്തി വരികയായിരുന്നു. ഈ ഘട്ടത്തിലാണ് മഞ്ഞുമ്മൽ ബോയ്സ് നിർമ്മാതാക്കൾക്കെതിരേ ആലപ്പുഴ അരൂർ സ്വദേശി സിറാജ് വലിയവീട്ടിൽ പരാതി നൽകുന്നത്. ചിത്രത്തിന്റെ നിർമ്മാതാക്കളായ പറവ ഫിലിംസുമായി ബന്ധപ്പെട്ടവർ ലാഭവിഹിതമോ മുടക്കുമുതലോ നൽകാതെ ചതിച്ചെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.
തുടർന്നുള്ള അന്വേഷണത്തിൽ ഗുരുതരമായ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നായിരുന്നു പൊലീസ് കണ്ടെത്തിയത്. ഈ റിപ്പോർട്ട് പൊലീസ് ഹൈക്കോടതിയിൽ സമർപ്പിച്ചു. പൊലീസ് റിപ്പോർട്ടിന്റെ പശ്ചാത്തലാണ് ഇ.ഡിയുടെ ഇടപെടൽ. സിനിമയുടെ നിർമ്മാണവുമായി കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോ എന്നതടക്കം ഇഡി പരിശോധിക്കും.
കഴിഞ്ഞയാഴ്ച ഇസിഐആർ രജിസ്റ്റർ ചെയ്ത ഇ.ഡി, പറവ ഫിലിംസിന്റെ സൗബിൻ ഷാഹിർ, പിതാവ് ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവർക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടിസ് അയച്ചിരുന്നെങ്കിലും ഇവർ ഹാജരായില്ലെന്നാണ് സൂചന. ചോദ്യം ചെയ്യലിന് ഹാജരാകാൻ വീണ്ടും നോട്ടിസ് നൽകും.
സിനിമ മേഖലയുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടുകൾ സംബന്ധിച്ച് ഇ.ഡി നേരത്തേതന്നെ നിർമ്മാണക്കമ്പനികളിലും മറ്റും റെയ്ഡ് നടത്തിയിരുന്നു. പിന്നാലെയാണ് മഞ്ഞുമ്മൽ ബോയ്‌സുമായി ബന്ധപ്പെട്ട വിവാദം ഉയർന്നത്. സിനിമ വൻ വിജയം നേടിയെങ്കിലും സാമ്പത്തിക തട്ടിപ്പ് ആരോപണമുയർന്നു. സിറാജ് ഹമീദിന്റെ പരാതിയിൽ എറണാകുളം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ നിർദേശപ്രകാരമാണ് പൊലീസ് സാമ്പത്തിക തട്ടിപ്പ് കേസിൽ കേസെടുത്തത്. പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഇപ്പോൾ ഹൈക്കോടതിയിലാണ്.
ഇതിനിടെ പൊലീസ് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ നിർമ്മാതാക്കൾ കരുതിക്കൂട്ടിത്തന്നെ സിറാജിനെ വഞ്ചിക്കുകയായിരുന്നു എന്ന് പറയുന്നുണ്ട്. ഏഴു കോടി രൂപ നിക്ഷേപിച്ചാൽ 40% ലാഭവിഹിതം നൽകാമെന്നായിരുന്നു പരാതിക്കാരനുമായി നിർമ്മാണ കമ്പനി ഉണ്ടാക്കിയ കരാർ. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയായി എന്നായിരുന്നു 2022 നവംബർ 30ന് കരാർ ഒപ്പിടുമ്പോൾ നിർമ്മാതാക്കൾ പറഞ്ഞിരുന്നത്. എന്നാൽ ആ സമയം ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ മാത്രമാണ് കഴിഞ്ഞിരുന്നത്.
26 തവണയായി 5.99 കോടി രൂപ അക്കൗണ്ട് വഴിയും ബാക്കി നേരിട്ടുമായി ആകെ 7 കോടി രൂപ പരാതിക്കാരൻ നിർമ്മാതാക്കൾക്ക് നൽകി. വിതരണത്തിനും മാർക്കറ്റിങ്ങിനുമടക്കം 22 കോടി ചെലവായെന്നായിരുന്നു നിർമ്മാതാക്കൾ അറിയിച്ചത്. എന്നാൽ കണക്കുകൾ പരിശോധിച്ചതിൽനിന്നും ജിഎസ്ടി അടക്കം 18 കോടി 65 ലക്ഷം രൂപ മാത്രമാണ് ചെലവായിട്ടുള്ളത് എന്നും റിപ്പോർട്ടിൽ പറയുന്നു. സിനിമയ്ക്ക് 250 കോടി രൂപയെങ്കിലും കുറഞ്ഞത് കിട്ടിയിട്ടുണ്ടെന്നും നിർമ്മാണച്ചെലവുകൾ കുറച്ചാൽ പോലും 100 കോടിയെങ്കിലും ലാഭമുണ്ടെന്നും കരാറനുസരിച്ച് തനിക്ക് 47 കോടിയെങ്കിലും ലഭിക്കേണ്ടതുണ്ടെന്നുമാണ് സിറാജിന്റെ വാദം.
'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ വക്കാലത്ത് കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് അഭിഭാഷകൻ ഒഴിഞ്ഞത്. തുടർന്ന് നിർമ്മാതാക്കളുടെ മുൻകൂർ ജാമ്യഹർജി ജൂൺ 12-ന് പരിഗണിക്കാൻ മാറ്റി. ഇത് അവസാന അവസരമായിരിക്കുമെന്ന് ജസ്റ്റിസ് സി.എസ്. ഡയസ് മുന്നറിയിപ്പുനൽകുകയും ചെയ്തു. ഹർജി തീർപ്പാക്കാനിരിക്കെയാണ് അഭിഭാഷകൻ വക്കാലത്തൊഴിഞ്ഞത്. ഒത്തുതീർപ്പ് നിർദേശങ്ങളോട് ഹർജിക്കാർ അനുകൂല നിലപാട് സ്വീകരിക്കാത്തതിനാലാണ് അഭിഭാഷകൻ പിന്മാറിയതെന്നാണ് സൂചന. വഞ്ചനക്കേസിൽ പ്രതികളുടെ അറസ്റ്റ് ഹൈക്കോടതി നേരത്തേ സ്റ്റേ ചെയ്തിരുന്നു. ഈ ഉത്തരവ് 12 വരെ നീട്ടിയിട്ടുണ്ട്