- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കുവൈറ്റിലേത് സമാനതകളില്ലാത്ത ദുരന്തം
കുവൈറ്റ് സിറ്റി: കുവൈത്തിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ എണ്ണം 14 ആയി ഉയർന്നു. അപകടത്തിൽ മൊത്തം 49 പേർ മരിച്ചതായാണ് വിവരം. ഇതിൽ 41 പേരുടെ മരണം സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇതിൽ 26 പേരെ തിരിച്ചറിഞ്ഞു. പരിക്കേറ്റ 50 -ലധികം പേരിൽ മൂപ്പതോളം പേർ മലയാളികളാണ്. മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്. മൃതദേഹങ്ങൾ വ്യോമസേനാ വിമാനത്തിൽ നാട്ടിലെത്തിക്കാനുള്ള നടപടികൾ ഇന്ത്യൻ വിദേശ കാര്യമന്ത്രാലയം തുടങ്ങിയിട്ടുണ്ട്.
കൊല്ലം ശൂരനാട് വടക്ക് വയ്യാങ്കര തുണ്ടുവിള വീട്ടിൽ ഷമീർ ഉമറുദ്ദീൻ (30), കാസർകോട് ചെങ്കള കുണ്ടടുക്ക ഹൗസിലെ കെ. രഞ്ജിത്ത് (34), കാസർകോട് പിലിക്കോട് എരവിൽ സ്വദേശി കേളു പൊന്മലേരി (58), കോട്ടയം പാമ്പാടി വിശ്വഭാരതി കോളേജിനു സമീപം ഇടിമണ്ണിൽ സാബു ഫിലിപ്പിന്റെ മകൻ സ്റ്റെഫിൻ ഏബ്രഹാം സാബു (29), പത്തനംതിട്ട പന്തളം മുടിയൂർക്കോണം ശോഭനാലയത്തിൽ പരേതനായ ശശിധരൻ നായരുടെയും ശോഭനകുമാരിയുടെയും മകൻ ആകാശ് ശശിധരൻ നായർ (31), കൊല്ലം പുനലൂർ നരിക്കൽ വാഴവിള അടിവള്ളൂർ സാജൻ ജോർജ് (29), പത്തനംതിട്ട കോന്നി അട്ടച്ചാക്കൽ ചെന്നശ്ശേരിൽ സജു വർഗീസ് (56), വള്ളിക്കോട് വാഴമുട്ടം പുളിനിൽക്കുന്നതിൽ വടക്കേതിൽ പി.വി. മുരളീധരൻ (68) കൊല്ലം വെളിച്ചിക്കാല വടകോട്ട് വിളയിൽ ലൂക്കോസ് (സാബു-48),തിരുവല്ല മേപ്രാൽ ചിറയിൽ കുടുംബാംഗം തോമസ് ഉമ്മൻ(37), കണ്ണൂർ ധർമടം സ്വദേശി വിശ്വാസ് കൃഷ്ണൻ, മലപ്പുറം തിരൂർ കൂട്ടായി കോതപറമ്പ് കുപ്പന്റെപുരക്കൽ നൂഹ് (40), പുലാമന്തോൾ തിരുത്ത് സ്വദേശി എംപി. ബാഹുലേയൻ (36), ചങ്ങനാശ്ശേരി ഇത്തിത്താനം ഇളങ്കാവ് ഭാഗത്ത് കിഴക്കേടത്ത് വീട്ടിൽ പ്രദീപ് -ദീപ ദമ്പതികളുടെ മകൻ ശ്രീഹരി പ്രദീപ് (27) എന്നിവരെയാണ് തിരിച്ചറിഞ്ഞത്.
അപകടത്തിൽ 146 പേർ സുരക്ഷിതരെന്ന് റിപ്പോർട്ടിൽ പറയുന്നു. 195 പേരായിരുന്നു കെട്ടിടത്തിൽ താമസക്കാരായി ഉണ്ടായിരുന്നത്. 146 പേരിൽ 49 പേർ നിലവിൽ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. നിസാര പരിക്കേറ്റ 11 പേരെ ചികിത്സ നൽകി ഡിസ്ചാർജ് ചെയ്തു. സംഭവ സമയത്ത് 19 പേർ വിവിധ കമ്പനികളിൽ ജോലിയിലായിരുന്നു. അവരും അപകടത്തിൽ നിന്നും രക്ഷപ്പെട്ടു. തെക്കൻ കുവൈത്തിൽ അഹ്‌മദി ഗവർണറേറ്റിലെ മംഗഫിൽ വിദേശ തൊഴിലാളികൾ താമസിക്കുന്ന മേഖലയിലാണ് അപകടമുണ്ടായത്. മലയാളി വ്യവസായി കെജി എബ്രഹാമിന്റെ ഉടമസ്ഥതയിലുള്ള എൻബിടിസി കമ്പനി ജീവനക്കാരുടെ ഫ്‌ളാറ്റിലാണ് ഇന്നലെ പുലർച്ചെ തീപിടിത്തമുണ്ടായത്. സ്വദേശി പൗരന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. കെട്ടിട ഉടമയെയും സുരക്ഷാ ജീവനക്കാരനെയും അറസ്റ്റു ചെയ്തു.
കെട്ടിട ഉടമയുടെ അത്യാഗ്രഹമാണ് അപകടത്തിലേക്ക് നയിച്ചതെന്ന് ഉപപ്രധാനമന്ത്രി ഷെയ്ക് ഫഹദ് യൂസുഫ് സൗദ് അൽ സബാഹ് പറഞ്ഞു. പരുക്കേറ്റ ഇന്ത്യക്കാർക്ക് മികച്ച ചികിൽസ ഉറപ്പു വരുത്തിയതായി ഇന്ത്യൻ സ്ഥാനപതി പറഞ്ഞു. തീപിടിത്തത്തിൽ മരിച്ചവരുടെ ആശ്രിതർക്കും പരുക്കേറ്റവർക്കും എല്ലാ സഹായവും ഉറപ്പാക്കുമെന്ന് എൻബിടിസി കമ്പനി അറിയിച്ചു. കുവൈത്ത് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ലോക കേരള സഭയുടെ ഇന്നത്തെ പരിപാടികൾ സംസ്ഥാന സർക്കാർ ഒഴിവാക്കി. കുവൈത്തിലുണ്ടായ തീപിടിത്തം ചർച്ച ചെയ്യാൻ അടിയന്തര മന്ത്രിസഭായോഗവും ചേരും.
താഴത്തെ നിലയിൽ സുരക്ഷാ ജീവനക്കാരന്റെ മുറിക്ക് സമീപത്ത് നിന്നാണ് തീപടർന്നത്. ഗ്യാസ് സിലിണ്ടറുകൾ സൂക്ഷിച്ചിരുന്ന മുറിയിലേക്ക് വ്യാപിച്ചതോടെ മുകളിലത്തെ നിലകളിലേക്ക് ആളിപ്പടരുകയായിരുന്നു. ഷോർട്ട്‌സർക്യൂട്ടാകാം കാരണമെന്നു കരുതുന്നു. സുരക്ഷാ ജീവനക്കാരൻ ഭക്ഷണം പാകം ചെയ്യുന്നതിനിടെ സംഭവിച്ചതാണെന്നും അഭ്യൂഹമുണ്ട്.