- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കൊടുമൺ പഞ്ചായത്ത് പ്രസിഡന്റിന് പിന്നിൽ അണി നിരന്ന് ലോക്കൽ-ഏരിയാ കമ്മറ്റികൾ
പത്തനംതിട്ട: ആരോഗ്യമന്ത്രി വീണാ ജോർജിന്റെ ഭർത്താവ് ജോർജ് ജോസഫ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി തന്റെ ഭൂമിയുടെ മുന്നിൽ ഓടയുടെ അലൈന്മെന്റ് മാറ്റാൻ നീക്കം നടത്തി എന്ന ആരോപണം ഉന്നയിച്ച സിപിഎം ജില്ലാ കമ്മറ്റിയംഗമായ കൊടുമൺ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശ്രീധരനെതിരേ നടപടി എടുക്കാനുള്ള ജില്ലാ നേതൃത്വത്തിന്റെ നീക്കം പാളി.
സിപിഎം കൊടുമൺ ലോക്കൽ, ഏരിയാ കമ്മറ്റികൾ ശ്രീധരന് പിന്നിൽ ഉറച്ചു നിൽക്കാൻ തീരുമാനിച്ചതോടെ ജില്ലാ നേതൃത്വം വെട്ടിലായി. മന്ത്രിയുടെ ഭർത്താവിന് വേണ്ടി പാർട്ടിയും ഉദ്യോഗസ്ഥരും വിടുപണി ചെയ്യുന്നതിനെതിരേയാണ് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശ്രീധരൻ തുറന്നടിച്ചത്. പ്രസിഡന്റിന്റെ ആരോപണം ഏറ്റുപിടിച്ച് കോൺഗ്രസ് സമരവും ഹർത്താലും നടത്തി. സിപിഎം ജില്ലാ സെക്രട്ടറി നേരിട്ട് സ്ഥലത്തു വന്നാണ് ഉദ്യോഗസ്ഥരോട് അലൈന്മെന്റ് വളയ്ക്കാൻ ആവശ്യപ്പെട്ടതെന്ന് കോൺഗ്രസ് ആക്ഷേപം ഉയർത്തി.
സംഭവം കൈവിട്ടു പോവുകയും മന്ത്രി വീണ പ്രതിക്കൂട്ടിലാവുകയും ചെയ്തതോടെയാണ് ജില്ലാ കമ്മറ്റിയംഗമായ കെ.കെ. ശ്രീധരനെതിരേ നടപടി എടുക്കാൻ ജില്ലാ നേതൃത്വം തീരുമാനിച്ചത്. എന്നാൽ, പാർട്ടി ലോക്കൽ, ഏരിയാ കമ്മറ്റി യോഗങ്ങൾ ഒറ്റക്കെട്ടായി ശ്രീധരന പിന്തുണ പ്രഖ്യാപിച്ചതാണ് ജില്ലാ നേതൃത്വത്തെ വെട്ടിലാക്കിയത്. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ ഓഫീസിൽ ഇടപെട്ട് ഓടയുടെ ഗതി മാറ്റാൻ നിർദ്ദേശം നൽകിയത് സിപിഎം ജില്ലാ സെക്രട്ടറി ഉദയഭാനുവാണെന്ന ആക്ഷേപം ശക്തമായിരിക്കുമ്പോഴാണ് ജില്ലാ കമ്മറ്റിയംഗത്തിനെതിരേ നടപടി എടുക്കാൻ നീക്കം നടന്നത്.
രൂക്ഷമായ വിമർശനമാണ് ജില്ലാ കമ്മറ്റിയംഗം കെ.കെ. ശ്രീധരൻ മന്ത്രിയുടെ ഭർത്താവിനെതിരേ ഉയർത്തിയത്. നടപടി എടുത്ത് അദ്ദേഹത്തെ നിശബ്ദനാക്കാനുള്ള നീക്കമാണ് നടന്നത്. താൻ ഉന്നയിച്ച ആരോപണത്തിൽ നിന്ന് പിന്നോട്ടില്ലെന്നും വേണമെങ്കിൽ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാൻ തയാറാണെന്നും ശ്രീധരൻ അറിയിക്കുക കൂടി ചെയ്തതോടെ ജില്ലാ നേതൃത്വം ശരിക്കും പെട്ടു.
അതിനിടെ മന്ത്രിക്കും ഭർത്താവിനുമെതിരേ സമരവുമായി രംഗത്തു വന്ന കോൺഗസ് നേതാക്കൾ അവരുടെ പാർട്ടി ഓഫീസ് പുറമ്പോക്ക് കൈയേറി നിർമ്മിച്ചതാണെന്ന് മന്ത്രി വീണാ ജോർജ് ആരോപിച്ചു. എന്നാൽ, തങ്ങളല്ല കൈയേറിയതെന്നും സിപിഎം ഓഫീസാണ് കൈയേറ്റഭൂമിയിലുള്ളതെന്നും കോൺഗ്രസ് നേതാക്കൾ തിരിച്ചടിച്ചു. കൊടുമൺ പൊലീസ് സ്റ്റേഷന്റെ ഭൂമിയുടെ വലിയൊരു ഭാഗം ജോർജ് ജോസഫ് കൈയേറിയിട്ടുണ്ട്. അത് തിരിച്ചു പിടിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.