തിരുവനന്തപുരം: കുവൈത്തിലെ തീപിടിതത്തിൽ മരണമടഞ്ഞ മലയാളികളുടെ കുടുംബാംഗങ്ങൾക്ക് സംസ്ഥാന സർക്കാർ അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകും. പരിക്കേറ്റ മലയാളികൾക്ക് ഒരു ലക്ഷം രൂപ വീതം നൽകാനും വ്യാഴാഴ്ച ചേർന്ന പ്രത്യേക മന്ത്രി സഭായോഗം തീരുമാനിച്ചു.

ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് അടിയന്തിരമായി കുവൈത്തിലേക്ക് യാത്ര തിരിക്കും. സ്റ്റേറ്റ് മിഷൻ ഡയറക്ടർ (എൻഎച്ച്എം) ജീവൻ ബാബു അനുഗമിക്കും. പരിക്കേറ്റ മലയാളികളുടെ ചികിത്സ, മരണമടഞ്ഞവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കൽ തുടങ്ങിയ പ്രവർത്തനങ്ങളുടെ ഏകോപനത്തിനായാണ് ഇവർ കുവൈത്തിൽ എത്തുന്നത്. മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതം സഹായം നൽകാം എന്ന് ഒരു പ്രമുഖ വ്യവസായിയും രണ്ട് ലക്ഷം രൂപ വീതം സഹായം നൽകാം എന്ന് മറ്റൊരു പ്രമുഖ പ്രവാസി വ്യവസായി രവിപിള്ളയും മുഖ്യമന്ത്രിയെ ബന്ധപ്പെട്ട് അറിയിച്ചിട്ടുണ്ട്. നോർക്ക മുഖേനയാണ് ഈ സഹായം ലഭ്യമാക്കുക. ഇതോടെ ഒരു കുടുംബത്തിന് 12 ലക്ഷം രൂപയാണ് സഹായം ലഭിക്കുക.

കുവൈത്ത് അഗ്‌നിബാധ മരണങ്ങളിൽ മന്ത്രി സഭ അനുശോചനം രേഖപ്പെടുത്തി ഇതുവരെ ലഭിച്ച വിവരങ്ങൾ അനുസരിച്ച 19 മലയാളികൾ മരണമടഞ്ഞു എന്നാണ് മനസിലാക്കുന്നത്. സാധ്യമായ എല്ലാ സഹായങ്ങളും അപകടത്തിൽപ്പെട്ടവർക്ക് ലഭ്യമാക്കാൻ നോർക്കയുടെ ആഭിമുഖ്യത്തിലും പ്രവാസികളുടെ മുൻകൈയിലും ശ്രമം നടക്കുന്നുണ്ട്. ഹെൽപ്പ് ഡെസ്‌ക്കും ഗ്ലോബൽ കോൺടാക്ട് സെന്ററും മുഴുവൻ സമയവും പ്രവർത്തിക്കുന്നുണ്ട്. ഇന്ത്യ ഗവൺമെന്റ് കുവൈത്തിൽ നടത്തുന്ന ഇടപെടലുകളിൽ സംസ്ഥാന സർക്കാർ പൂർണ്ണപിന്തുണ നൽകും. കേരളത്തിന്റെ ഡൽഹിയിലെ പ്രതിനിധി പ്രൊഫസർ കെ വി തോമസ് വിദേശ മന്ത്രാലയവുമായി നിരന്തരം ബന്ധം പുലർത്തുന്നുണ്ട്.

കുവൈത്തിലെ മംഗെഫിൽ തൊഴിലാളി ക്യാമ്പിലുണ്ടായ തീപ്പിടിത്തത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നത് 27 പേരാണ്. ഇവരിൽ കൂടുതലും മലയാളികളാണ്. ബുധനാഴ്ച പുലർച്ചെയായിരുന്നു അപകടം. മരിച്ച 14 മലയാളികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. വിദേശകാര്യ സഹമന്ത്രി കെ.വി സിങ് കുവൈത്തിൽ എത്തിയിട്ടുണ്ട്. മരിച്ചവരുടെ മൃതദേഹങ്ങൾ വ്യോമസേനാ വിമാനത്തിൽ ഇന്ത്യയിൽ എത്തിക്കാനാണ് ശ്രമം നടക്കുന്നത്. അതിനിടെ, ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ കുവൈത്ത് വിദേശകാര്യമന്ത്രി അബ്ദുള്ള അലി അൽ- യഹിയയുമായി സംസാരിച്ചു. തീപ്പിടിത്തത്തിനുശേഷം കുവൈത്ത് അധികൃതർ സ്വീകരിച്ച നടപടികളെ കുറിച്ച് അബ്ദുല്ല അലി അൽ യഹിയ ജയശങ്കറിനോട് വിവരിച്ചു.

അപകടത്തിൽ മൊത്തം 49 പേർ മരിച്ചതായാണ് വിവരം. ഇതിൽ 41 പേരുടെ മരണം സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇതിൽ 26 പേരെ തിരിച്ചറിഞ്ഞു. കുവൈത്ത് എൻ.ബി.ടി.സിയിൽ ബുധനാഴ്ചയുണ്ടായ ദുരന്തത്തിൽ ജീവഹാനി സംഭവിച്ച ജീവനക്കാരുടെ കുടുംബത്തോടൊപ്പം എല്ലാ കാര്യങ്ങൾക്കും മുൻപന്തിയിൽ ഉണ്ടാകുമെന്ന് എൻ.ബി.ടി.സി മാനേജ്മെന്റ് അറിയിച്ചു. മരണപ്പെട്ടവരുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ ദ്രുതഗതിയിൽ നടന്നുവരുന്നുണ്ടെന്നും എല്ലാ നഷ്ടപരിഹാരങ്ങളും അവരുടെ കുടുംബത്തിലേക്കെത്തിക്കാൻ എൻ.ബി.ടി.സി പ്രതിജ്ഞാബദ്ധമാണെന്നും മാനേജ്മെന്റ് അറിയിച്ചു. അപകടത്തിൽ പരിക്കേറ്റ മുഴുവൻ ജീവനക്കാർക്കും ആവശ്യമായ ചികിത്സാ സൗകര്യങ്ങൾ ഉറപ്പുവരുത്തിയതായും മാനേജ്മെന്റ് വ്യക്തമാക്കി.