കുവൈത്ത് സിറ്റി: മംഗഫ് ലേബർ ക്യാംപിലെ കൂട്ടക്കുരുതിക്ക് കാരണമായ തീപിടിത്തം വൈദ്യുതി ഷോർട്ട് സർക്യൂട്ട് കാരണമാണെന്നു സ്ഥിരീകരിച്ച് കുവൈത്ത്. ഫ്‌ളാറ്റിലെ സെക്യൂരിറ്റി ജീവനക്കാരന്റെ മുറിയിൽ സൂക്ഷിച്ച പാചകവാതക സിലണ്ടർ ചോർന്നാണു തീപിടിത്തമുണ്ടായതെന്നു നേരത്തേ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഷോർട്ട് സർക്യൂട്ടാണു ദുരന്ത കാരണമെന്നു കുവൈത്ത് അഗ്‌നിരക്ഷാ സേന വ്യക്തമാക്കി. ദുരന്തസ്ഥലത്തു വിശദമായ പരിശോധനകൾ നടത്തിയാണ് നിഗമനത്തിൽ എത്തിയത്. തീ പടർന്നതിനു പിന്നാലെ അതിവേഗം വ്യാപിച്ച പുകയാണു മരണസംഖ്യ വർധിപ്പിച്ചത്. പൊള്ളലേറ്റു മരിച്ചതു 2 പേർ മാത്രമാണ്. ബാക്കി 47 പേരും മരിച്ചതു പുക ശ്വസിച്ചാണെന്നു എൻബിടിസി കമ്പനി പ്രതിനിധിയും വിശദീകരിച്ചു.

ഫ്‌ളാറ്റിലെ സെക്യൂരിറ്റി ജീവനക്കാരന്റെ മുറിയുൾപ്പെടെ പരിശോധിച്ചിരുന്നു. ഫ്‌ളാറ്റിനുള്ളിൽ മുറികൾ തിരിക്കാനായി ഉപയോഗിച്ചിരുന്ന സാമഗ്രികൾ അതിവേഗം തീ പടരാൻ ഇടയാക്കിയതായി ഫയർഫോഴ്‌സ് കേണൽ സയീദ് അൽ മൗസാവി പറഞ്ഞു. മുറികൾ തമ്മിൽ വേർതിരിക്കാൻ ഉപയോഗിച്ചിരുന്ന വസ്തുക്കൾ കത്തിയതു വലിയ തോതിൽ പുകയുണ്ടാക്കി. ഈ പുക അതിവേഗം മുകൾനിലയിലേക്കു പടർന്നു. ആറുനില കെട്ടിടത്തിൽ 24 ഫ്‌ളാറ്റുകളിലെ 72 മുറികളിലായി 196 പേരാണു താമസിച്ചിരുന്നത്. കെട്ടിടത്തിന്റെ ടെറസിലേക്കുള്ള വാതിൽ പൂട്ടിയിട്ടിരുന്നതിനാൽ രക്ഷപ്പെടാൻ ശ്രമിച്ചവർക്ക് അവിടേക്കു കയറാനായില്ല. ഗോവണിപ്പടി വഴി ടെറസിലേത്താൻ ശ്രമിച്ചവർ വാതിൽ തുറക്കാൻ കഴിയാതെ കുഴഞ്ഞുവീണു. പുലർച്ചെ നാലരയോടെ തീ പടരുമ്പോൾ ക്യാംപിലുള്ളവരെല്ലാം ഉറക്കത്തിലായിരുന്നു. ഇതും ദുരന്തവ്യാപ്തി കൂട്ടി.

രണ്ടാം വിവാഹത്തിനൊരുങ്ങിയ ഭർത്താവിനോടുള്ള പ്രതികാരമായി യുവതി ടെന്റിന് പെട്രോളൊഴിച്ച് തീ കൊളുത്തിയതിനെ തുടർന്ന് 57 പേർ മരിക്കുകയും 90 പേർക്ക് പരുക്കേൽക്കുകയും ചെയ്ത സംഭവമാണ് കുവൈത്ത് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ജീവഹാനിയുണ്ടാക്കിയ ദുരന്തം. മംഗഫിൽ മലയാളിയുടെ ഉടമസ്ഥതയിലുള്ള ഒരു കമ്പനിയിലെ ജീവനക്കാരായ 24 മലയാളികളുൾപ്പെടെ 50 ഇന്ത്യക്കാർ മരിച്ച ദുരന്തവും കുവൈറ്റിന് ഞെട്ടലായി. ഈ സാഹചര്യത്തിൽ 50 വിദേശ തൊഴിലാളികളുടെ മരണത്തിനിടയാക്കിയ മംഗഫ് തീപിടിത്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകാൻ അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് ഉത്തരവിട്ടിട്ടുണ്ട്.

നരഹത്യ, അന്യായമായ പരിക്കേൽപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി ചോദ്യം ചെയ്തതിന് ശേഷം ഒരു കുവൈറ്റ് പൗരനെയും രണ്ട് പ്രവാസികളെയും കസ്റ്റഡിയിലെടുക്കാൻ വ്യാഴാഴ്ച പ്രോസിക്യൂഷൻ ഉത്തരവിട്ടതായി പ്രോസിക്യൂഷൻ ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. ബുധനാഴ്ച വൈകി പ്രോസിക്യൂഷൻ ഉദ്യോഗസ്ഥർ പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ സന്ദർശിച്ചതായി പ്രസ്താവനയിൽ വ്യക്തമാക്കി. കുവൈറ്റിലെ തീപിടിത്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ അവരവരുടെ ജന്മനാട്ടിലേക്ക് കൊണ്ടുപോയിരുന്നു. കൊച്ചി വിമാനത്താളത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും മരിച്ചവർക്ക് അന്തിമോപചാരം അർപ്പിക്കുകയും ചെയ്തു.

കുവൈറ്റ് ദുരന്തത്തിൽ മരിച്ച 45 ഇന്ത്യക്കാരുടെ മൃതദേഹങ്ങളാണ് വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ കൊച്ചിയിൽ എത്തിച്ചത്. 23 മലയാളികളുടെയും ഏഴ് തമിഴ്‌നാട് സ്വദേശികളുടേയും ഒരു കർണാടക സ്വദേശിയുടേയും മൃതദേഹമാണ് കൊച്ചിയിൽ വച്ച് കൈമാറിയത്. ഒരു മലയാളി ഉൾപ്പെടെ മറ്റ് 14 പേരുടെ മൃതദേഹങ്ങൾ ഡൽഹിയിലേക്ക് കൊണ്ടുപോയി. മഹാരാഷ്ട്രയിൽ താമസിക്കുന്ന മലയാളിയായ ഡെന്നീസ് ബേബി അടക്കമുള്ളവരുടെ മൃതദേഹമാണ് കൊണ്ടുപോയത്.

തമിഴ്‌നാട്ടുകാരുടെ മൃതദേഹങ്ങൾ സംസ്ഥാനത്തുനിന്ന് എത്തിയ മന്ത്രി കെ.എസ്.മസ്താൻ ഏറ്റുവാങ്ങി. തമിഴ്‌നാട്ടിലേക്ക് പോകുന്ന ആംബുലൻസുകൾക്ക് സംസ്ഥാന അതിർത്തി വരെ കേരള പൊലീസ് അകമ്പടി സേവിക്കും. കർണാടക സ്വദേശിയുടെ മൃതദേഹം വിമാനമാർഗം കൊണ്ടുപോകുമെന്നാണ് വിവരം.