ലണ്ടൻ: സ്പേസ് എക്സ് മേധാവി ഇലോൺ മസ്‌കിനെതിരെ ഗുരുതര ആരോപണങ്ങളുമായി വാൾ സ്ട്രീറ്റ് ജേണൽ. മസ്‌ക തന്റെ കമ്പനിയിലെ ജീവനക്കാരികളുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടിരുന്നുവെന്ന് വാർത്ത. ഒരു മുൻ ഇന്റേണുമായും ഇദ്ദേഹം ലൈംഗിക ബന്ധത്തിലേർപ്പെട്ടുവെന്നും പിന്നീട് അവരെ തന്റെ എക്സിക്യൂട്ടീവ് ടീമിലേക്ക് എടുത്തുവെന്നും വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു. ഇതിനുപുറമെ മറ്റൊരു ജീവനക്കാരിയോട് തന്റെ കുട്ടികളെ പ്രസവിക്കാമോ എന്നും ഇദ്ദേഹം ചോദിച്ചതായി റിപ്പോർട്ടിൽ പറയുന്നു.

മസ്‌ക് പ്രണയത്തോടെ തങ്ങളെ സമീപിച്ചുവെന്ന് ആരോപിച്ച് നിരവധി സ്ത്രീകളാണ് രംഗത്തെത്തിയത്. താൻ കോളേജിൽ പഠിക്കുന്ന സമയത്താണ് മസ്‌കിനെ പരിചയപ്പെട്ടതെന്ന് മുൻ ഇന്റേൺ ആയി ജോലി ചെയ്തിരുന്ന സ്ത്രീ പറഞ്ഞു. സ്പേസ് എക്സിൽ മാറ്റങ്ങൾ കൊണ്ടുവരുന്നതിനെപ്പറ്റി മസ്‌കുമായി ചർച്ച ചെയ്യുമായിരുന്നുവെന്നും ഈ സംഭാഷണങ്ങളിലൂടെ അദ്ദേഹവുമായി അടുത്തുവെന്നും ഇന്റേൺ പറഞ്ഞു. വൈകാതെ ആ സംഭാഷണങ്ങൾ ലൈംഗിക ബന്ധത്തിലേക്ക് എത്തിയെന്നും ഇന്റേൺ പറഞ്ഞു.

ഒരുവർഷത്തിന് ശേഷം തന്റെ ഇന്റേൺഷിപ്പ് കഴിഞ്ഞതോടെ മസ്‌ക് തന്നെയും കൊണ്ട് സിസിലിയിലെ റിസോർട്ടിലെത്തിയിരുന്നുവെന്നും ഇവർ പറഞ്ഞു. അതിന് ശേഷമാണ് തങ്ങൾ വേർപിരിഞ്ഞതെന്നും ഇവർ വാൾസ്ട്രീറ്റ് ജേണലിനോട് പറഞ്ഞു. ബന്ധം വീണ്ടും തുടരാൻ മസ്‌ക് ശ്രമിച്ചുവെന്നും എന്നാൽ താൻ വിസമ്മതിക്കുകയായിരുന്നുവെന്നും മുൻ ഇന്റേൺ പറഞ്ഞു. 2013ൽ സ്പേസ് എക്സ് വിട്ട ഒരു ജീവനക്കാരിയും മസ്‌കിനെതിരെ ആരോപണങ്ങൾ ഉന്നയിച്ച് രംഗത്തെത്തിയിരുന്നു.

തന്റെ കുട്ടികളെ പ്രസവിക്കാമോ എന്ന് ചോദിച്ച് മസ്‌ക് തന്നെ സമീപിച്ചതായി യുവതി പറഞ്ഞു. 2014ൽ ഏകദേശം ഒരു മാസത്തോളം മസ്‌കുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടിരുന്നുവെന്ന് മറ്റൊരു ജീവനക്കാരിയും പറഞ്ഞു. പിന്നീട് കമ്പനിയിൽ നിന്ന് തനിക്ക് പുറത്തുപോകേണ്ടി വന്നുവെന്നും ഇവർ കൂട്ടിച്ചേർത്തു. മസ്‌കുമായി ബന്ധമുണ്ടായിരുന്നുവെന്ന് ആരോപിച്ച മറ്റൊരു ജീവനക്കാരിക്കെതിരെ സ്പേസ് എക്സ് പ്രസിഡന്റ് ഗ്വിൻ ഷോട്ട്വെൽ രംഗത്തെത്തിയതും ഏറെ ചർച്ചയായിരുന്നു.

തന്റെ ഭർത്താവുമായി സ്ത്രീയ്ക്ക് ബന്ധമുണ്ടെന്നായിരുന്നു ഷോട്ട്വെൽ ആരോപിച്ചത്. തുടർന്ന് ഷോട്ട്വെൽ ഈ യുവതിയെ ഓഫീസിൽ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. ലൈംഗികാരോപണങ്ങൾ ഉന്നയിച്ച സ്ത്രീകളുടെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും, മസ്‌കിന്റെ കമ്പനികളിലെ മുൻ ജീവനക്കാരും ഉൾപ്പടെ 48ലധികം പേരിൽ നിന്ന് ശേഖരിച്ച സന്ദേശങ്ങൾ, ഇമെയിലുകൾ, സത്യവാങ്മൂലങ്ങൾ, മറ്റ് രേഖകൾ എന്ന പരിശോധിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. അതേസമയം ആരോപണങ്ങളിൽ ഇലോൺ മസ്‌ക് ഇതുവരെ പ്രതികരിച്ചിട്ടില്ല.