കൊച്ചി: കോയമ്പത്തൂരിന് സമീപം സേലം - കൊച്ചി ദേശീയപാതയിൽ നാല് മലയാളി യാത്രക്കാർക്കുനേരെ മുഖംമൂടി സംഘത്തിന്റെ ആക്രമണം. മൂന്ന് കാറുകളിലായെത്തിയ മുഖംമൂടി ധരിച്ച സംഘമാണ് കാർ അടിച്ചു തകർത്ത് കവർച്ചയ്ക്ക് ശ്രമിച്ചത്. വെള്ളിയാഴ്ച പുലർച്ചെ രണ്ടരയോടെയാണ് സംഭവം. എറണാകുളം പട്ടിമറ്റം സ്വദേശികളായ അസ്ലം സിദ്ദിഖും ചാൾസ് റജിയും രണ്ട് സഹപ്രവർത്തകരുമാണ് ആക്രമണത്തിനിരയായത്.

മൂന്ന് കാറുകളിലായെത്തിയ അക്രമിസംഘം യുവാക്കൾ സഞ്ചരിച്ചിരുന്ന കാർ തടഞ്ഞുനിർത്തി ആയുധങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി കവർച്ചയ്ക്ക് ശ്രമം നടത്തിയത്.. ദിവസങ്ങൾക്ക് മുമ്പായിരുന്നു സംഭവം. ഇതിന്റെ വീഡിയോദൃശ്യങ്ങളും യുവാക്കൾ പുറത്തുവിട്ടിട്ടുണ്ട്. കുഴൽപ്പണവുമായി വരുന്നവരെന്ന് തെറ്റിദ്ധരിച്ചാണ് ആക്രമണമെന്നാണ് പ്രാഥമിക നിഗമനം

നാട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് പട്ടിമറ്റം സ്വദേശികളായ നാലുപേർ സഞ്ചരിച്ച വാഹനത്തിന് നേരേ ആക്രമണമുണ്ടായത്. മൂന്ന് കാറുകളിലായി മുഖംമറച്ചെത്തിയ അക്രമിസംഘം വാഹനം തടഞ്ഞുനിർത്തി ആയുധങ്ങളുമായി ഭീഷണിപ്പെടുത്തുകയും വാഹനം അടിച്ചുതകർക്കുകയുമായിരുന്നു. ഇതോടെ യുവാക്കൾ പെട്ടെന്ന് കാർ മുന്നോട്ടെടുത്താണ് രക്ഷപ്പെട്ടത്.

തുടർന്ന് മീറ്ററുകൾക്ക് അകലെയുണ്ടായിരുന്ന തമിഴ്‌നാട് പൊലീസ് സംഘത്തെ വിവരമറിയിക്കുകയുംചെയ്തു. അതേസമയം, സംഭവത്തെക്കുറിച്ച് നാട്ടിലെ പൊലീസ് സ്റ്റേഷനിൽ വിവരമറിയിക്കാൻ പോയപ്പോൾ മോശം സമീപനമാണുണ്ടായതെന്നും യുവാക്കൾ പറയുന്നു.

കോയമ്പത്തൂർ മധുക്കര സ്റ്റേഷൻ പരിധിയിലെ എൽ ആൻഡ് ടി ബൈപ്പാസിനു സമീപമായിരുന്നു ആക്രമണം. ബെംഗളൂരുവിൽ നിന്ന് കമ്പനിയിലേക്കുള്ള കംപ്യൂട്ടറുകൾ വാങ്ങിയ ശേഷം മടങ്ങുകയായിരുന്നു യുവാക്കൾ. റെഡ് സിഗ്‌നലിൽ വാഹനം നിർത്തിയപ്പോഴായിരുന്നു ആക്രമണം.

കേരള രജിസ്ട്രേഷനിലുള്ള വെളുത്തനിറത്തിലുള്ള ഇന്നോവ കാർ ആദ്യം തങ്ങളുടെ കാറിന്റെ ഡോറിലുരച്ചു. ഇതോടെ വാഹനം ഇടതുവശത്തേക്ക് ചേർത്തെങ്കിലും ഇന്നോവ മുന്നിലേക്ക് നിർത്തി വട്ടംവെച്ചു. ഈ സമയം പിന്നിൽ മറ്റൊരു കാറിലെത്തിയവർ തങ്ങളുടെ കാറിന്റെ പിന്നിൽ അടിക്കാൻ തുടങ്ങിയിരുന്നു. ഇതോടെ ഒപ്പമുണ്ടായിരുന്നവർ ഭയന്ന് കരയാൻ തുടങ്ങി. ഈ സമയം തന്നെ ഇന്നോവ കാറിൽനിന്ന് മുഖംമറച്ച് പുറത്തിറങ്ങിയവർ ആയുധങ്ങളുമായി വാഹനം അടിച്ചുതകർത്തു. യാത്രയ്ക്കിടെ ഇവരുമായി തർക്കങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും ഇവരെ മുൻപരിചയമില്ലെന്നും യുവാക്കൾ വ്യക്തമാക്കി.

ഇതോടെ പെട്ടെന്ന് തന്നെ കാർ പിറകോട്ടെടുത്തു. തുടർന്ന് ഇന്നോവയുടെ തുറന്നുവെച്ചിരുന്ന ഡോറുകൾ ഇടിച്ചുതെറിപ്പിച്ച് മുന്നോട്ടുപോവുകയായിരുന്നുവെന്നും കാർ ഓടിച്ച പട്ടിമറ്റം സ്വദേശി പറഞ്ഞു. 300 മീറ്ററോളം മുന്നോട്ടുപോയപ്പോൾ ടോൾബൂത്തിനരികെ രണ്ട് പൊലീസുകാരുണ്ടായിരുന്നു. വാഹനം നിർത്തി ഇവരോട് വിവരം പറഞ്ഞു. വാഹനത്തിലെ ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളും കൈമാറി. ഇന്നോവയുടെ നമ്പർ കേരള രജിസ്ട്രേഷനാണെന്ന് വ്യക്തമായിരുന്നു. തുടർന്ന് തമിഴ്‌നാട് പൊലീസ് തങ്ങളുടെ മൊഴിയെടുത്ത് കേസെടുത്തു.

അക്രമികൾ ഉപദ്രവിച്ചെങ്കിലും അതിവേഗം കാറോടിച്ച് രക്ഷപ്പെടുകയായിരുന്നെന്ന് യുവാക്കൾ പറയുന്നു. തുടർന്ന് ചെക്‌പോസ്റ്റിലും മധുക്കര പൊലീസ് സ്റ്റേഷനിലുമെത്തി പരാതി നൽകി. ആക്രമണത്തിന്റെ ദൃശ്യങ്ങൾ കാറിന്റെ ഡാഷ് ക്യാമിൽ പതിഞ്ഞിട്ടുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് പാലക്കാട് ചിറ്റൂർ സ്വദേശികളായ ശിവദാസ് (29), രമേഷ് ബാബു (27), കുന്നത്തുപാളയം സ്വദേശി വിഷ്ണു (28), മല്ലപ്പള്ളി അജയ് കുമാർ (24) എന്നിവരെ മധുക്കര പൊലീസ് അറസ്റ്റുചെയ്തു. കഴിഞ്ഞദിവസം പാലക്കാടു നിന്നാണ് ഇവർ അറസ്റ്റിലായത്. പ്രതികളെ റിമാൻഡ് ചെയ്തിട്ടുണ്ട്. മറ്റു പ്രതികൾ ഒളിവിലാണ്.

പ്രതികളിലൊരാളായ വിഷ്ണു മദ്രാസ് റജിമന്റിൽ സൈനികനാണ്. ജൂൺ നാലിന് അവധിക്ക് നാട്ടിൽ വന്നശേഷം ഇയാൾ തിരിച്ചുപോയിട്ടില്ല. അതിനിടെയാണ് സംഘത്തിനൊപ്പം ചേർന്ന് കവർച്ചയ്ക്കിറങ്ങിയത്. കുഴൽപ്പണവുമായി വരുന്നവരെന്ന് തെറ്റിദ്ധരിച്ചാണ് കവർച്ചയ്ക്ക് ശ്രമിച്ചത്. KL-47-D-6036, KL-42-S-3960 എന്നീ നമ്പറുകളിലുള്ള രണ്ട് കാറുകളും പിടിച്ചെടുത്തിട്ടുണ്ട്.

കുന്നത്തുനാട് പൊലീസ് സ്റ്റേഷനിൽ പരാതിയും ആക്രമണത്തിന്റെ വിഡിയോയുമായി ചെന്നിട്ടും കാര്യമായ നടപടിയുണ്ടായില്ലെന്ന് യുവാക്കൾ പറഞ്ഞു. വിഡിയോ നോക്കാൻ പോലും പൊലീസ് തയാറായില്ല. തമിഴ്‌നാട് പൊലീസിനെ അറിയിച്ചിട്ടുണ്ടല്ലോ പിന്നെ ഞങ്ങൾ നോക്കേണ്ട കാര്യമില്ലെന്നാണ് അവർ പറഞ്ഞത്. വാഹനം ഇപ്പോഴും തമിഴ്‌നാട്ടിലാണുള്ളത്.