ചെന്നൈ: കൊച്ചി - സേലം ദേശീയപാതയിൽ കോയമ്പത്തൂരിന് സമീപം മലയാളി യാത്രക്കാർക്ക് നേരെ മുഖംമൂടി സംഘം ആക്രമണം നടത്തിയത് കുഴൽപണമുണ്ടെന്ന് ധാരണയിൽ വാഹനം മാറിയെന്ന് സൂചന. പത്തിലധികം വരുന്ന അക്രമികളിൽ നിന്ന് തലനാരിഴക്കാണ് എറണാകുളം പട്ടിമറ്റം സ്വദേശികളായ അസ്ലംസിദ്ദിഖും ചാൾസും രക്ഷപ്പെട്ടത്. കേസിൽ മധുക്കര പൊലീസ് രണ്ട് പാലക്കാട്ടുകാരടക്കം നാല് പേരെ അറസ്റ്റ് ചെയ്തിരുന്നു. പാലക്കാട് ചിറ്റൂർ സ്വദേശികളായ വിഷ്ണു, രമേഷ് ബാബു, അജയകുമാർ, ശിവദാസ് എന്നിവരാണ് പിടിയിലാത്. മറ്റു പ്രതികൾ ഒളിവിലാണ്.

ഹവാല ഇടപാടിൽ വാഹനം മാറി അക്രമിക്കുകയായിരുന്നുവെന്നാണ് ലഭിക്കുന്ന സൂചന. കസ്റ്റഡിയിലെടുത്തവരിൽ ഒരാൾ സൈനികനാണ് എന്നതും കേസിൽ ദുരൂഹത ഉയർത്തുന്നു. പിടിയിലായ വിഷ്ണു മദ്രാസ് റെജിമെന്റ് 21-ാം ബെറ്റാലിയനിലെ സൈനികനാണ്. ഏപ്രിൽ നാലിന് അവധിക്ക് നാട്ടിലെത്തിയ ഇയാൾ ജോലിയിൽ തിരികെ പ്രവേശിച്ചിരുന്നില്ല.

കൊച്ചിയിൽ നടത്തുന്ന ഡിസൈൻ കടയ്ക്ക് വേണ്ട ലാപ്‌ടോപ് ഉൾപെടെയുള്ള സാധനങ്ങൾ വാങ്ങി ബെംഗളൂരുവിൽ നിന്ന് മടങ്ങുകയായിരുന്നു അസ്ലം സിദ്ദിഖും സ്‌നേഹിതൻ ചാൾസും കടയിലെ രണ്ട് ജീവനക്കാരും. മൂന്ന് വാഹനങ്ങളിലായെത്തിയ അക്രമിസംഘം കാർ തടഞ്ഞതും ചില്ല് തകർത്തതുമൊക്കെ പെട്ടെന്നായിരുന്നു. മനസാന്നിധ്യം വീണ്ടെടുത്ത് കാർ പെട്ടെന്നെ് ഓടിച്ചു പോയതുകൊണ്ട് ജീവൻ രക്ഷപ്പെട്ടെന്ന് അസ്ലം സിദ്ദിഖും ചാൾസും പറയുന്നു.

പരാതി കേൾക്കാനും നടപടിയെടുക്കാനുമൊക്കെ മധുക്കര പൊലീസ് കാണിച്ച ജാഗ്രതയും കരുതലും നാട്ടിലെത്തി സംഭവം അറിയിക്കാൻ പോയപ്പോൾ കുന്നത്തുനാട് പൊലീസ് കാട്ടിയില്ലെന്ന് ഇവർക്ക് പരാതിയുണ്ട്. ഈ ആക്ഷേപം അന്വേഷിക്കാൻ സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്‌പിക്ക് റൂറൽ എസ് പി നിർദ്ദേശം നൽകിയിട്ടുണ്ട്. കാറിൽ പണമുണ്ടെന്ന് കരുതിയുള്ള മോഷണശ്രമമെന്നാണ് മധുക്കര പൊലീസ് കരുതുന്നത്. ഇനിയും പിടികൂടാനുള്ള പ്രതികൾക്കായി തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

കുഴൽപണമുണ്ടെന്ന് ധാരണയിൽ വാഹനം മാറി ആക്രമിക്കുകയായിരുന്നുവെന്നാണ് പേലീസിന്റെ പ്രാഥമിക അന്വേഷണത്തിലെ നിഗമനം. സൈനികൻ ഇതിൽ ഉൾപ്പെട്ടതെങ്ങനെയെന്നതിൽ വ്യക്തതയില്ല. ഇയാളുടെ പേരിൽ മറ്റു കേസുകളില്ലെന്നാണ് നിലവിൽ ലഭിക്കുന്ന വിവരം. കേസിൽ പത്തിലധികം പേർ നേരിട്ട് പങ്കെടുത്തതായാണ് വിവരം. ഇവർക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

കൊച്ചി-സേലം ദേശീയപാതയിൽ കോയമ്പത്തൂരിനടുത്താണ് എറണാകുളം പട്ടിമറ്റം സ്വദേശികളായ യുവാക്കൾക്കുനേരേ ആക്രമണമുണ്ടായത്. മൂന്ന് കാറുകളിലായെത്തിയ അക്രമിസംഘം യുവാക്കൾ സഞ്ചരിച്ചിരുന്ന കാർ അടിച്ചുതകർക്കുകയായിരുന്നു. ദിവസങ്ങൾക്ക് മുമ്പായിരുന്നു സംഭവം. ഇതിന്റെ വീഡിയോദൃശ്യങ്ങളും യുവാക്കൾ പുറത്തുവിട്ടിരുന്നു.

കോയമ്പത്തൂർ മധുക്കര സ്റ്റേഷൻ പരിധിയിലെ എൽ ആൻഡ് ടി ബൈപ്പാസിനു സമീപമായിരുന്നു ആക്രമണം. റെഡ് സിഗ്‌നലിൽ വാഹനം നിർത്തിയപ്പോഴായിരുന്നു ആക്രമണം. അക്രമികൾ ഉപദ്രവിച്ചെങ്കിലും അതിവേഗം കാറോടിച്ച് രക്ഷപ്പെടുകയായിരുന്നു. തുടർന്ന് ചെക്‌പോസ്റ്റിലും മധുക്കര പൊലീസ് സ്റ്റേഷനിലുോമെത്തി പരാതി നൽകി. ആക്രമണ ദൃശ്യങ്ങൾ കാറിന്റെ ഡാഷ് ക്യാമിൽ പതിഞ്ഞിട്ടുണ്ട്. കേസിൽ കെഎൽ-47-ഡി-6036, KL-42-എസ്-3960 എന്നീ നമ്പറുകളിലുള്ള രണ്ട് കാറുകളും പിടിച്ചെടുത്തു.