ന്യൂഡൽഹി: ഒഡീഷയിലെ ബാലസോറിൽ ഇരുനൂറിലേറെ പേരുടെ മരണത്തിനിടയാക്കിയ ട്രെയിൻ അപകടത്തിന് ഒരു വർഷം തികയുമ്പോഴാണ് പശ്ചിമ ബംഗാളിലെ ജൽപായ്ഗുഡിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിന്റെ വാർത്ത രാജ്യത്തെ ആശങ്കയിലാഴ്‌ത്തുന്നത്. ജൽപായ്ഗുഡിൽ ട്രെയിനുകൾ നേർക്കുനേർ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഇതുവരെ 15 മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. നിരവധിപേർക്ക് ഗുരുതരമായി പരിക്കേറ്റെന്നാണ് ദേശീയമാധ്യമങ്ങൾ റിപ്പോർട്ടുചെയ്യുന്നത്. അതിനാൽ മരണസംഖ്യ ഉയരാനുള്ള സാധ്യതയാണുള്ളത്. അപകടത്തിൽ മൊത്തം 60 പേർക്ക് പരിക്കേറ്റെന്നാണ് റിപ്പോർട്ട്. ചരക്ക് ട്രെയിനിന്റെ ലോക്കോ പൈലറ്റ് ഉൾപ്പടെ മരിച്ചവരിൽ മൂന്നുപേർ റെയിൽവേ ജീവനക്കാരാണ്. ട്രെയിനുകളുടെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയാണ് മിക്കവരും മരിച്ചത്.

അപകടത്തിലേക്ക് നയിച്ച കാരണങ്ങൾ എന്ത് എന്നത് സംബന്ധിച്ച് വ്യക്തത കൈവന്നിട്ടില്ലെങ്കിലും ചരക്ക് തീവണ്ടി സിഗ്‌നൽ തെറ്റിച്ചെത്തിയതാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക വിവരം. ബാലസോറിലെ ട്രെയിൻ അപകടത്തിന് ഒരു വർഷം തികഞ്ഞത് കഴിഞ്ഞ ജൂൺ രണ്ടിനായിരുന്നു. കൃത്യം രണ്ടാഴ്ചയ്ക്കു ശേഷം ബംഗാളിലുണ്ടായ അപകടവും സമാനമായ സ്വഭാവത്തിലുള്ളതാണ്. ഒരേ ട്രാക്കിലേക്ക് രണ്ടു ട്രെയിനുകൾ വരുന്നതും ഒന്ന് മറ്റൊന്നിനുമേലേക്ക് ഇടിച്ചുകയറുകയും ചെയ്യുന്ന സാമ്യത. സമാനമായ രീതിയിൽ ട്രെയിൻ അപകടം രാജ്യത്ത് ആവർത്തിക്കുമ്പോൾ ട്രെയിനുകളുടെ സുരക്ഷയ്ക്കായി ഇന്ത്യ വികസിപ്പിച്ച 'കവച്' സംവിധാനം കാര്യക്ഷമമായി നടപ്പാക്കാൻ കഴിയാതെ പോയതും ചർച്ചയാവുകയാണ്.

ട്രെയിനുകളുടെ കൂട്ടിയിടിയും സിഗ്‌നൽ മറികടന്നും മറ്റുമുള്ള അപകടങ്ങളും ഒഴിവാക്കാൻ ഇന്ത്യ 2012ൽ വികസിപ്പിച്ച ഓട്ടമാറ്റിക് സംവിധാനമാണ് കവച്. യുപിഎ സർക്കാരിന്റെ കാലത്ത് ട്രെയിൻ കൊളീഷൻ അവോയ്ഡൻസ് സിസ്റ്റം (ടിസിഎഎസ്) എന്ന പേരിൽ തുടങ്ങിയ സംവിധാനം ട്രയൽ റൺ തുടങ്ങിയത് 2016ൽ മോദി സർക്കാർ വന്ന ശേഷമാണ്. കവച് സംവിധാനത്തിൽ ട്രെയിൻ എൻജിനിലും ട്രാക്കിലും സ്റ്റേഷനുകളിലും സിഗ്‌നൽ സംവിധാനത്തിലും ഉപകരണങ്ങളുണ്ടാകും. ഒരു ട്രാക്കിൽ രണ്ട് ട്രെയിനുകൾ നേർക്കുനേർ വന്നാൽ കവച് ഓട്ടമാറ്റിക് ബ്രേക്കിങ് സംവിധാനം പ്രവർത്തിപ്പിച്ച് ട്രെയിനുകൾ നിർത്തും. ലോക്കോ പൈലറ്റ് ചുവപ്പു സിഗ്‌നൽ മറികടന്നാലും കവച് മുന്നറിയിപ്പു നൽകുകയും സമാന രീതിയിൽ ട്രെയിൻ നിർത്തുകയും ചെയ്യും. ഒരേ ദിശയിൽ വരുന്ന രണ്ട് ട്രെയിനുകളിലും ഈ സംവിധാനമുണ്ടായിരിക്കണം. ഒന്നിൽ മാത്രമെങ്കിൽ 90% അപകട സാധ്യതയുണ്ട്.

ഇതുവരെ 6,000 കിലോമീറ്ററിൽ കവച് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്നാണ് റെയിൽവേ മന്ത്രാലയം പറയുന്നത്. പതിനായിരം കിലോമീറ്ററിൽ കവച് ഏർപ്പെടുത്താൻ ടെൻഡർ നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. രാജ്യത്ത് ആകെ 68,000 കിലോമീറ്റർ റെയിൽപാതയുണ്ട്. എഴുപതോളം ട്രെയിനുകളിലാണ് നിലവിൽ കവച് സംവിധാനമുള്ളത്.

പഴയ കോച്ചുകൾ

ഉയർന്ന സുരക്ഷാസംവിധാനമുള്ള എൽഎച്ച്ബി (ലിങ്ക് ഹോഫ്മാൻ ബുഷ്) കോച്ചുകൾ ആയിരുന്നില്ല കാഞ്ചൻജംഗ എക്സ്‌പ്രസിൽ ഉണ്ടായിരുന്നത് എന്നാണ് റിപ്പോർട്ട്. ജർമൻ സാങ്കേതിവിദ്യ ഉപയോഗിച്ചുള്ള ഇത്തരം കോച്ചുകൾ പരസ്പരം ഇടിച്ചുകയറില്ല എന്നതാണ് പ്രധാന സവിശേഷത. സ്റ്റെയിൻലെസ്സ് സ്റ്റീലിൽ നിർമ്മിതമായ എൽഎച്ച്ബി കോച്ചുകൾക്ക് ഇരുമ്പിൽ നിർമ്മിക്കുന്ന സാധാരണ കോച്ചുകളേക്കാൾ ചെലവ് കൂടുതലാണ്.

ട്രെയിനിന്റെ വേഗത വർധിപ്പിക്കാൻ എൽഎച്ച്ബി കോച്ചുകൾക്ക് കഴിയും. പുറം സ്റ്റെയിൻലെസ് സ്റ്റീലും ഉൾവശം അലൂമിനിയവും ഉപയോഗിച്ച് നിർമ്മിച്ചതിനാൽ സാധാരണ കോച്ചുകളേക്കാൾ ഇവയ്ക്ക് ഭാരം കുറവായിരിക്കും. എൽഎച്ച്ബി കോച്ചുകളിലേക്ക് മാറ്റി ട്രെയിനുകൾ നവീകരിക്കുന്ന പ്രവൃത്തികൾ നടക്കുന്നുണ്ടെങ്കിലും കാഞ്ചൻജംഗ എക്സ്‌പ്രസ് ഉൾപ്പടെ പല പ്രധാന ട്രെയിനുകളിലും ഇപ്പോഴുമുള്ളത് ഇന്റഗ്രൽ കോച്ച് ഫാക്ടറി (ഐസിഎഫ്) നിർമ്മിച്ച പഴയ കോച്ചുകളാണ്.

ആവർത്തിക്കുന്ന പിഴവുകൾ

ജൽപായ്ഗുഡിലെ ട്രെയിൻ അപകടകാരണത്തെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ലെങ്കിലും ജീവനക്കാരുടെ പിഴവാണ് അപകടത്തിലേക്ക് നയിച്ചത് എന്ന പ്രാഥമിക നിഗമനത്തിലാണ് റെയിൽവേ. കാഞ്ചൻജംഗ എക്സ്‌പ്രസിന്റെ പിന്നിൽ ചരക്കുതീവണ്ടി ഇടിച്ചു കയറുകയായിരുന്നുവെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ടുചെയ്തു. ഇടിയുടെ ആഘാതത്തിൽ പാസഞ്ചർ ട്രെയിനിന്റെ മൂന്ന് കോച്ചുകൾ പാളംതെറ്റിയെന്നും അദ്ദേഹം പറഞ്ഞു. സിഗ്‌നൽ തെറ്റിച്ചെത്തിയ ചരക്കു ട്രെയിൻ, എക്സ്‌പ്രസിന്റെ പിന്നിലെ പാർസൽ കോച്ചിൽ ഇടിച്ചെന്നാണ് എഎൻഐ റിപ്പോർട്ടു ചെയ്യുന്നത്. അപകടകാരണം അറിയാനുള്ള പ്രധാന സാധ്യത ചരക്ക് ട്രെയിനിന്റെ ലോക്കോ പൈലറ്റിനോട് സംസാരിക്കുക എന്നുള്ളതായിരുന്നുവെന്നും എന്നാൽ ദൗർഭാഗ്യവശാൽ അദ്ദേഹം മരണപ്പെട്ടെന്നും റെയിൽവേ ബോർഡ് ചെയർപേഴ്‌സൺ രേഖ ശർമ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

രക്ഷാ പ്രവർത്തനം പൂർത്തിയായിയെന്നും ബോഗികൾക്കിടയിൽ കുടുങ്ങിയവരെ എല്ലാം ആശുപത്രിയിൽ എത്തിച്ചുവെന്നും റെയിൽ ബോർഡ് ചെയർപേഴ്‌സൺ അറിയിച്ചു. അതേസമയം, സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അപകടസ്ഥലത്തേക്ക് തിരിച്ചു. അപകടത്തിൽ മരിച്ചവരുടെ കുടുംബംങ്ങൾ പ്രധാനമന്ത്രി സഹായധനം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷവും പരിക്കേറ്റവർക്ക് അരലക്ഷവും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് നൽകും. കേന്ദ്ര റെയിൽവെ മന്ത്രി അശ്വനി വൈഷ്ണവും സഹായധനം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബത്തിന് പത്ത് ലക്ഷം സഹായധനം നൽകുമെന്നും, ഗുരുതരമായി പരിക്കേറ്റവർക്ക് രണ്ടര ലക്ഷവും ചെറിയ പരിക്കേറ്റവർക്ക് അന്പതിനായിരം രൂപ വീതം സഹായവും നൽകുമെന്ന് മന്ത്രി അറിയിച്ചു.

രാജ്യത്തെ നടുക്കിയ അപകടം

ഇന്ന് രാവിലെ ഒൻപതരയോടെ ഡാർജിലിങ് ജില്ലയിലെ രംഗാപാനിക്ക് സമീപം രാജ്യത്തെ നടുക്കി വീണ്ടും ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടമുണ്ടായത്. ത്രിപുരയിലെ അഗർത്തലയിൽനിന്ന് പശ്ചിമ ബംഗാളിലെ സെൽഡയിലേക്ക് സർവീസ് നടത്തുന്ന 13174 കാഞ്ചൻജംഗ എക്സ്‌പ്രസും ചരക്കുതീവണ്ടിയുമാണ് അപകടത്തിൽപ്പെട്ടത്. ന്യൂ ജയ്പാൽഗുരി സ്റ്റേഷൻ പിന്നിട്ട് മുന്നോട്ട് പോവുകയായിരുന്ന കാഞ്ചൻജംഗ എക്സ്‌പ്രസിന് പിന്നിലേക്ക് സിഗ്‌നൽ തെറ്റിച്ച് കുതിച്ചെത്തിയ ഗുഡ്‌സ് ട്രെയിൻ ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ കാഞ്ചൻ ജംഗ എക്സ്‌പ്രസിന്റെ മൂന്ന് ബോഗികൾ തകർന്നു. മരിച്ചവരിൽ ഗുഡ്‌സ് ട്രെയിനിന്റെ ലോക്കോ പൈലറ്റുമുണ്ടെന്നാണ് വിവരം. ബംഗാളിലെ പ്രധാനപ്പെട്ട വിനോദസഞ്ചാരകേന്ദ്രമായ ഡാർജിലിങ്ങിലേക്കുള്ള വിനോദസഞ്ചാരികളും ട്രെയിലെ യാത്രക്കാരായിരുന്നു എന്നാണ് സൂചന.

തകർന്ന ബോഗികൾക്കിടയിൽ നിരവധി പേർ കുടുങ്ങിയിട്ടുണ്ട്. യുദ്ധകാലാടിസ്ഥാനത്തിൽ ആരംഭിച്ച രക്ഷാ പ്രവർത്തനം ഉച്ചയോടെയാണ് പൂർത്തിയായത്. ദേശീയ - സംസ്ഥാന ദുരന്ത നിവാരണ സേനയും, പൊലീസും ഫയർഫോഴ്‌സും നാട്ടുകാരും രക്ഷാ പ്രവർത്തനത്തിനെത്തി. മുതിർന്ന ഉദ്യോഗസ്ഥരെ അപകട സ്ഥലത്തേക്ക് അയച്ചെന്ന് റെയിൽവേ അറിയിച്ചു. അപകട കാരണത്തെ കുറിച്ച് പരിശോധന തുടങ്ങി. ഡൽഹി റെയിൽ മന്ത്രാലയത്തിലും വാർ റൂം സജ്ജമാക്കി. കാഞ്ചൻജംഗ എക്സ്‌പ്രസിന്റെ 4 ബോഗികളും ഗുഡ്‌സ് ട്രെയിനിന്റെ എഞ്ചിനും അഞ്ച് കണ്ടെയിനറുകളുമാണ് അപകടത്തിൽ പെട്ടെന്ന് റെയിൽവെ അറിയിച്ചു. ഉച്ചയോടെ കാഞ്ചൻ ജംഗ എക്സ്‌പ്രസ് അപകടത്തിൽ പെടാത്ത ബോഗികളുമായി യാത്ര പുനരാരംഭിച്ചുവെന്നും യാത്രക്കാർക്ക് ഭക്ഷണവും മറ്റ് സൗകര്യങ്ങളും ഒരുക്കി എന്നും റെയിൽവേ അറിയിച്ചു.

ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. സ്ഥിതിഗതികൾ വലിയിരുത്താൻ ഉദ്യോഗസ്ഥരുമായി സംസാരിച്ചു. രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് നേതൃത്വം നൽകുന്നുണ്ട്. സംഭവം ദുഃഖകരമെന്ന് വിശേഷിപ്പിച്ച അദ്ദേഹം, പരിക്കേറ്റവർ എത്രയുംവേഗം സുഖം പ്രാപിക്കട്ടെയെന്നും പറഞ്ഞു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ദുരന്തത്തിൽ അനുശോചിച്ചു. അതേസമയം, ബാലസോറിലെ വലിയ ട്രെയിൻ ദുരന്തത്തിനു പിന്നാലെ പശ്ചിമ ബംഗാളിൽ ഉണ്ടായ അപകടത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് രാജിവെക്കണമെന്ന് കോൺഗ്രസും ആർജെഡിയും ഉൾപ്പടെ വിവിധ പ്രതിപക്ഷ കക്ഷികൾ ആവശ്യപ്പെട്ടു.