കൊൽക്കത്ത: ജയ്പാൽഗുഡിയിലെ കാഞ്ചൻജംഗ ട്രെയിൻ അപകടത്തിന്റെ കാരണം കണ്ടെത്താൻ റെയിൽവേ ഉദ്യോഗസ്ഥരുടെ പരിശോധന തുടരുന്നതിനിടെ അപകടത്തിന്റെ ഉത്തരവാദിത്തം മരിച്ച ഗുഡ്‌സ് ട്രെയിൻ ലോക്കോ പൈലറ്റിന്റെ മാത്രമെന്ന രീതിയിൽ പ്രചരിപ്പിക്കുന്നതിൽ പ്രതിഷേധം ശക്തമാകുന്നു. ട്രെയിൻ അപകടം ഗുഡ്‌സ് ട്രെയിൻ ലോക്കോ പൈലറ്റിന്റെ മാത്രം പിഴവു കൊണ്ട് സംഭവിച്ചതല്ലെന്ന് രേഖകൾ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കാഞ്ചൻജംഗ കടന്നുപോയ അതേ ട്രാക്കിലൂടെ ഗുഡ്‌സ് കടന്നുപോകാൻ നിർദ്ദേശം നൽകിയത് രംഗപാണി സ്റ്റേഷൻ മാസ്റ്ററാണ്. എന്നാൽ ഗുഡ്‌സ് ട്രെയിൻ സിഗ്‌നൽ തെറ്റിച്ച് പോയതാണ് അപകടകാരണമെന്നായിരുന്നു പ്രാഥമിക വിലയിരുത്തൽ.

രംഗപാണി സ്റ്റേഷൻ മാസ്റ്റർ നിർദ്ദേശം നൽകിയതു കൊണ്ടാണ് ഗുഡ്‌സ് ട്രെയിൻ കാഞ്ചൻജംഗ എക്സ്‌പ്രസ് പോയ ട്രാക്കിലൂടെ പോയതെന്നാണ് ടിഎ 912 എന്ന രേഖയിൽനിന്ന് വ്യക്തമാകുന്നത്. ഓട്ടമാറ്റിക് സിഗ്‌നലിങ് സിസ്റ്റം പ്രവർത്തിക്കുന്നില്ലെന്നു വ്യക്തമായതിന് പിന്നാലെ അതേ ട്രാക്കിലൂടെ ഗുഡ്‌സ് കടന്നുപോകാൻ നിർദ്ദേശം നൽകിയത്. ഓട്ടമാറ്റിക് സംവിധാനം തകരാറിലായതിനാൽ രംഗപാണി സ്റ്റേഷൻ മുതൽ ഛത്തർ ഹട്ട് ജംഗ്ഷൻ വരെ എല്ലാ സിഗ്‌നലുകളും മറികടക്കാൻ ഗുഡ്‌സ് ട്രെയിനിന് അനുവാദം നൽകിയിരിക്കുന്നെന്നും പുറത്തുവന്ന രേഖയിൽ പറയുന്നു.

മറ്റൊരു ട്രെയിൻ മുന്നിൽ പോയിട്ടുണ്ടെന്ന വിവരം ഈ രേഖയിൽ ഉൾപ്പെടുത്തിയിട്ടില്ല. അതുകൊണ്ടുതന്നെ മുന്നിൽ പോയ ട്രെയിൻ ട്രാക്ക് കടന്നുപോയിരിക്കും എന്ന് സ്റ്റേഷൻ മാസ്റ്റർ കരുതിയിരിക്കാമെന്നാണ് അനുമാനം. അപകടം മാനുഷിക പിഴവ് മൂലമാണെന്നാണ് പ്രാഥമികമായി വ്യക്തമാകുന്നതെന്നാണ് റെയിൽവേ ബോർഡ് ചെയർപഴ്‌സൻ ജയ വർമ സിൻഹ മാധ്യമപ്രവർത്തകരോടു പറഞ്ഞത്. ഗുഡ്‌സ് ട്രെയിനിന്റെ ഡ്രൈവറും കൊല്ലപ്പെട്ടതിനാൽ എന്താണ് യഥാർഥത്തിൽ സംഭവിച്ചതെന്ന് അറിയാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ഗുഡ്‌സ് ട്രെയിൻ കടന്നുപോകുന്നതിനു മുൻപ് ഇതുവഴി നാലു ട്രെയിനുകൾ പോയിരുന്നെന്നും മറ്റൊരു റെയിൽവേ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. "ഓട്ടമാറ്റിക് സിഗ്‌നലിങ്ങിന്റെ പ്രോട്ടോക്കോൾ പ്രകാരം ചുവന്ന ലൈറ്റ് കണ്ടാൽ ഒരു മിനിറ്റ് നേരത്തേക്ക് ട്രെയിൻ നിർത്തണം. പിന്നീട് മിതമായ വേഗത്തിൽ വേണം മുന്നോട്ടുപോകാൻ. തുടർച്ചയായി ഹോണും അടിക്കണം. ഈ കേസിൽ ലോക്കോ പൈലറ്റ് വേഗം കുറച്ചതായി കാണുന്നില്ല" അദ്ദേഹം കൂട്ടിച്ചേർത്തു.

ലോക്കോ പൈലറ്റ് പുലർച്ചെ 6.30നാണ് ഡ്യൂട്ടിക്കായി ഒപ്പിട്ടതെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. രാവിലെ 8.55നാണ് അപകടം നടന്നത്. അതേസമയം, റെയിൽവേ ഉദ്യോഗസ്ഥരുടെ വാദത്തിനെതിരെ ലോക്കോ പൈലറ്റുമാരുടെ സംഘടന രംഗത്തെത്തി. സിബിഎസ് അന്വേഷണം നടക്കുന്നതിനു മുൻപേതന്നെ, മരിച്ചുപോയ ലോക്കോ പൈലറ്റിനെ ഉത്തരവാദിയാക്കുന്നതിനെതിരെ ശക്തമായി പ്രതിഷേധിക്കുന്നുവെന്ന് ഇന്ത്യൻ റെയിൽവേ ലോക്കോ റണ്ണിങ് മെൻ സംഘടനയുടെ വർക്കിങ് പ്രസിഡന്റ് സഞ്ജയ് പാന്ധി പറഞ്ഞു.

അസമിലെ സിൽചറിൽനിന്നു കൊൽക്കത്തയിലെ സീൽദാഹിലേക്കു സർവീസ് നടത്തുന്ന കാഞ്ചൻജംഗ എക്സ്‌പ്രസിൽ അതേ ലൈനിൽ സിഗ്‌നൽ തെറ്റിച്ചെത്തിയ ചരക്കു ട്രെയിൻ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. തിങ്കളാഴ്ച രാവിലെ 8:55നു നടന്ന സംഭവത്തിൽ 9 പേർ മരിക്കുകയും 40ൽ അധികം പേർക്കു പരുക്കേൽക്കുകയും ചെയ്തിരുന്നു. മരിച്ചവരിൽ 3 പേർ ഇരുട്രെയിനുകളിലെയും റെയിൽവേ ഉദ്യോഗസ്ഥരാണ്.

പരിക്കേറ്റവർ നോർത്ത് ബംഗാൾ മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ളത്. മരിച്ചവരുടെ മൃതദേഹങ്ങൾ നടപടികൾ പൂർത്തിയാക്കി ഇന്ന് ബന്ധുക്കൾക്ക് വിട്ടു നൽകും. അപകടത്തിന് കാരണം റെയിൽ മന്ത്രാലയത്തിന്റെ കെടുകാര്യസ്ഥതയാണെന്ന വിമർശനം ശക്തമാക്കിയ പ്രതിപക്ഷം അശ്വിനി വൈഷ്ണവ് രാജി വെയ്ക്കണമെന്ന ആവശ്യം ശക്തമാക്കുന്നുണ്ട്. അപകടത്തിൽ കാഞ്ചൻജംഗയുടെ മൂന്നു കോച്ചുകളും ചരക്കുവണ്ടിയുടെ ഏതാനും ബോഗികളും പാളം തെറ്റിയിരുന്നു.