കണ്ണൂർ: കണ്ണൂരിൽ കഴിഞ്ഞ ഇരുപതുവർഷമായി സിപിഎം - സിഐ.ടി.യു വേട്ടയ്ക്ക് ഇരയായ ഓട്ടോറിക്ഷ തൊഴിലാളിയായ ദളിത് യുവതി ചിത്രലേഖയ്ക്കും കുടുംബത്തിനുമെതിരെ വീണ്ടും പ്രതികാര നടപടികളുമായി സഖാക്കൾ. ചിത്രലേഖയുടെ ഭർത്താവും ഓട്ടോ ഡ്രൈവറുമായ ശ്രീഷ്‌കാന്തിനെ സിഐടിയു യൂണിയനിൽപ്പെട്ട ഓട്ടോ ഡ്രൈവർമാരടക്കം പത്തോളം പേർ ചേർന്ന് മർദ്ദിച്ചു. കണ്ണൂർ നഗരത്തിൽ ഓട്ടോറിക്ഷ ഓടിക്കാൻ ടി. പി. പെർമിറ്റില്ല എന്ന കാരണം പറഞ്ഞാണ് സിഐടിയു യൂണിയനിൽപ്പെട്ട ഡ്രൈവർമാരും സംഘവും മർദ്ദിച്ചത്. ശ്രീഷ്‌കാന്തിന്റെ പരാതിയിൽ പൊലീസ് കേസെടുത്തു.

എ.കെ.ജി ആശുപത്രിക്ക് മുന്നിലുള്ള ഓട്ടോ സ്റ്റാൻഡിൽ പാർക്ക് ചെയ്ത ഓട്ടോയിൽ യാത്രക്കാർ കയറുന്ന സമയത്താണ് കെ എൽ 13 എ. വി. 8791, കെ എൽ 19 എ.സി. 3580, കെ എൽ 13 എ.വി. 0209 നമ്പർ ഓട്ടോറിക്ഷയുടെ ഡ്രൈവർമാരും മറ്റ് പത്തോളം സിഐടിയു പ്രവർത്തകരും ചേർന്ന് വാഹനത്തിൽ നിന്നും കോളറിൽ പിടിച്ച് വലിച്ച് പുറത്തിറക്കി മർദ്ദിച്ചതെന്ന് പരാതിയിൽ പറയുന്നു. അടിവയറ്റിൽ ചവിട്ടുകയും സ്പാനർ കൊണ്ട് ഇടതു കാൽമുട്ടിനും കൈയ്ക്കും അടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തുവെന്ന് കണ്ണൂർ ജില്ലാ സൂപ്രണ്ടിന് നൽകിയ പരാതിയിൽ പറയുന്നു. കണ്ടാലറിയാവുന്ന പത്തോളം പേർക്കുമെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. അതേ സമയം സിഐടിയു യൂണിയനിൽപ്പെട്ട തൊഴിലാളികളുടെ പരാതിയിൽ ശ്രീഷ്‌കാന്തിനെതിരെയും കേസെടുത്തിട്ടുണ്ട്.

കണ്ണൂർ ജില്ലയിലെ ഒരു ഓട്ടോ സ്റ്റാൻഡിലും ജോലി ചെയ്യാൻ അനുവദിക്കില്ലെന്ന് ഇവർ ഭീഷണിപ്പെടുത്തി. നഗരത്തിൽ ഓട്ടോറിക്ഷ ഓടിക്കാൻ അനുമതി ഉണ്ടായിട്ടും അധികൃതർ വിഷയത്തിൽ ഇടപെട്ടില്ലെന്നും ചിത്രലേഖയും കുടുംബവും പറയുന്നു. ചിത്രലേഖ കണ്ണൂർ ടൗണിൽ വർഷങ്ങളായി ഓട്ടോ ഓടിച്ചിരുന്നയാളാണ്. കണ്ണൂർ കോർപറേഷൻ രൂപീകരിക്കുന്നതിന് മുൻപ് സർക്കാർ പ്രത്യേകം നൽകിയ പെർമിറ്റിലായിരുന്നു ഓട്ടോ ഓടിച്ചിരുന്നത്. കോർപറേഷൻ രൂപീകരിച്ചു കഴിഞ്ഞപ്പോൾ ചുറ്റുമുള്ള ഏതാനും പഞ്ചായത്തുകൾ കൂടി കോർപറേഷന്റെ ഭാഗമായി മാറിയിരുന്നു. ഇതോടെ ആ പഞ്ചായത്തുകളിലുള്ള ഓട്ടോറിക്ഷ തൊഴിലാളികളും ടൗണിൽ വന്ന് ഓട്ടോ ഓടിക്കാൻ തുടങ്ങി. ഇതോടെ തർക്കമുണ്ടാകുകയും ടൗൺ പെർമിറ്റ് എന്ന രീതിയിൽ പൊതുധാരണപ്രകാരം ആർടിഒ ഇടപെട്ട് വർഷങ്ങളായി ടൗണിൽ ഓട്ടോ ഓടിച്ചിരുന്നവർക്ക് പെർമിറ്റ് നൽകുകയായിരുന്നു. എന്നാൽ അപേക്ഷ നൽകിയിട്ടും പ്രത്യേക പെർമിറ്റ് ചിത്രലേഖയ്ക്ക് അനുവദിച്ചില്ല.

കഴിഞ്ഞ വർഷം ചിത്രലേഖയുടെ ഓട്ടോ അക്രമികൾ കത്തിച്ചതോടെ ടൗണിൽ ഓട്ടോ ഓടിക്കാൻ സാധിക്കാതെ വന്നിരുന്നു. ഈ കാലയളവ് ചൂണ്ടിക്കാട്ടിയാണ് പെർമിന്റ് നൽകുന്നതിനെ സിഐടിയു വിഭാഗം എതിർത്തത്. എന്നാൽ സർക്കാർ പ്രത്യേകമായി നൽകിയ പെർമിറ്റുള്ള കാര്യം ആർഡിഒയുമായി സംസാരിച്ചതിനെ തുടർന്ന് ഓട്ടോ ഓടിക്കാൻ അനുമതി നൽകി. അധികൃതരുടെ അനുമതി നിലനിൽക്കെയാണ് സിഐടിയു തൊഴിലാളികൾ തർക്കം ഉണ്ടാക്കുകയും ശ്രീഷ്‌കാന്തിനെ മർദ്ദിക്കുകയും ചെയ്തതെന്ന് ചിത്രലേഖ പറയുന്നു.

കണ്ണൂർ ടൗണിൽ ഓട്ടോ ഓടിക്കുന്നതിന് കെഎംസി നമ്പർ സർക്കാർ ചിത്രലേഖയ്ക്ക് പ്രത്യേകമായി അനുവദിച്ച് നൽകിയിട്ടുണ്ട്. അതിന് ശേഷം കോർപറേഷൻ ആയപ്പോൾ ആർടിഒ ഇടപെട്ട് യൂണിയനുകളുമായി ബന്ധപ്പെട്ട് ഉണ്ടാക്കിയ ധാരണ പ്രകാരം കെഎംസി നമ്പർ ഉള്ള എല്ലാവർക്കും പ്രത്യേക പെർമിറ്റായി ടി.പി പെർമിറ്റു കൂടി അനുവദിക്കുകയായിരുന്നു. ഈ പുതിയ പെർമിറ്റ് ചിത്രലേഖയ്ക്ക് യോഗ്യത ഉണ്ടായിരുന്നെങ്കിലും അനുവദിച്ചില്ല. ഒരു വർഷം മുമ്പാണ് ടി പി പെർമിറ്റ് അനുവദിച്ചത്. ചിത്രലേഖയുടെ ഓട്ടോറിക്ഷ കത്തിച്ചതിനാൽ കുറച്ചുനാൾ ഓട്ടോ ഓടിക്കാൻ സാധിച്ചിരുന്നില്ല. ഈ കാലയളവ് ചുണ്ടിക്കാട്ടിയാണ് സിഐടിയു എതിർപ്പ് ഉന്നയിച്ചത്.

കെഎംസി 2800 വരെയുള്ളവർക്കാണ് ടി പി പെർമിറ്റ് അനുവദിച്ചത്. എന്നാൽ ചിത്രലേഖയുടേത് ഇതിനുള്ളിൽ വരുന്ന നമ്പറാണ്. എന്നിട്ടും ടി പി കിട്ടാതെ പോയത് വാഹനം കത്തിച്ച ശേഷമുള്ള കാലയളവ് കണക്കിലെടുത്താണ്. അർഹത ഉണ്ടായിട്ടും ടി പി നമ്പർ അനുവദിക്കാതെയിരിക്കുകയായിരുന്നുവെന്ന് ചിത്രലേഖ പറയുന്നു. കോർപറേഷന്റെ പെർമിഷനുള്ളവർക്ക് ആർടിഒ പൊതുധാരണപ്രകാരം നൽകിയതാണ് ടി പി നമ്പർ. തർക്കം ഒഴിവാക്കാനാണ് ഇത് നൽകിയത്. ചിത്രയ്ക്ക് ടി പി നമ്പർ ലഭിക്കാൻ യോഗ്യതയുണ്ടെന്ന് മറ്റ് യൂണിയനുകളിൽപ്പെട്ട ഓട്ടോറിക്ഷ തൊഴിലാളികളടക്കം പറയുന്നു.



കഴിഞ്ഞ വർഷം കാട്ടാമ്പള്ളിയിലെ വീട്ടിൽ കയറി അക്രമികൾ ഓട്ടോറിക്ഷ അഗ്നിക്കിരയാക്കിയതിനെ തുടർന്ന് തൊഴിൽ രഹിതയായ ചിത്രലേഖയ്ക്ക് ആം ആദ്മി വനിതാ വിഭാഗമായ മഹിളാ ശക്തിയാണ് ഓട്ടോറിക്ഷ നൽകി സഹായിച്ചത്. തുടർച്ചയായി സിഐ.ടി.യു - സിപിഎം പ്രവർത്തകരെന്ന് ആരോപിക്കപ്പെടുന്ന സംഘം ചിത്രലേഖയുടെ വിടാക്രമിക്കുകയും ഓട്ടോറിക്ഷ അഗ്നിക്കിരയാക്കുകയും ചെയ്യുന്ന സാഹചര്യത്തിലായിരുന്നു ആംആദ്മി പ്രവർത്തകർ കൈത്താങ്ങായി എത്തിയത്.

പയ്യന്നൂരിലെ ഓട്ടോ സ്റ്റാൻഡിൽ ജോലി ചെയ്തിരുന്ന കാലത്ത് ദളിത് യുവതിയായ ചിത്രലേഖയ്ക്ക് നേരെ അവിടെ നിന്നും ഭ്രഷ്ട് കൽപ്പിക്കുകയും ഇതേ തുടർന്ന് ഇവർ കണ്ണാടിപറമ്പിലേക്ക് സ്ഥലം മാറുകയും ചെയ്തിരുന്നു. തുടർച്ചയായി ഓട്ടോറിക്ഷ നശിപ്പിക്കുന്ന സാഹചര്യത്തിലായിരുന്നു ചിത്രലേഖയുടെ പലായനം. ഉമ്മൻ ചാണ്ടി സർക്കാർ പട്ടയമേളയിൽ നൽകിയ സ്ഥലത്താണ് കാട്ടാമ്പള്ളിയിൽ ചിത്രലേഖ വീടു നിർമ്മിച്ചു താമസമാരംഭിച്ചത്. എന്നാൽ അവിടെയും സിപിഎം, സിഐ.ടി.യു പ്രവർത്തകർ അതിക്രമം തുടരുകയായിരുന്നു.

ഒൻപതു മാസം മുൻപാണ് കണ്ണാടിപറമ്പിലെ വീട്ടുമുറ്റത്ത് നിർത്തിയിട്ട ഓട്ടോറിക്ഷ കത്തിച്ചത്. ഇതേ തുടർന്ന് ജോലി ചെയ്യാനോ കുടുംബം നോക്കാനോ കഴിയാത്ത ചിത്രലേഖ തൊഴിൽ രഹിതയായി വീട്ടിലിരിക്കുന്ന സാഹചര്യത്തിലാണ് അവരെ കർമ്മരംഗത്ത് ഇറക്കുന്നതിനായി നാലു ലക്ഷം രൂപ ചെലവിൽ ആം ആദ്മി സവാരി യെന്ന പേരിൽ പുതിയ ബജാജ് ഓട്ടോറിക്ഷ ആപ്പ് പ്രവർത്തകർ ധനസമാഹരണം നടത്തി വാങ്ങി നൽകിയത്.