ന്യൂഡൽഹി: 14 ഇനം വിളകൾക്ക് കേന്ദ്ര സർക്കാർ താങ്ങുവില വർധിപ്പിച്ചു. നെല്ലിന്റെ അടക്കം താങ്ങുവിലയിൽ വർധനയുണ്ടായിട്ടുണ്ട്. വൈകിട്ട് ചേർന്ന കേന്ദ്ര ക്യാബിനറ്റ് യോഗത്തിലാണ് സുപ്രധാനമായ തീരുമാനം സ്വീകരിച്ചത്. ഹരിയാനയിൽ അടക്കം തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം. കർഷക രോഷമാണ് എൻഡിഎ മുന്നണിക്ക് സീറ്റ് കുറച്ചതെന്ന വിലയിരുത്തൽ ശക്തമാണ്. ഇത് മനസ്സിലാക്കി കൂടിയാണ് തീരുമാനം.

നെല്ലിന് ക്വിന്റലിന് 117 രൂപയുടെ വർധന വരുത്തിയിട്ടുണ്ട്. ഇതോടെ നെല്ലിന്റെ താങ്ങുവില ക്വിന്റലിന് 2300 രൂപയായി ഉയരും. റാഗി ചോളം പരുത്തി എന്നീ വിളകൾക്കും താങ്ങുവില വർധിപ്പിച്ചിട്ടുണ്ട്. തെങ്ങയുടെ താങ്ങുവില കിലോയ്ക്ക് 23 രൂപയായും ഉയർത്തി. കിലോയ്ക്ക് 1 രൂപ 17 പൈസയാണ് കൂടിയത്. കർഷകർക്ക് നിർണായക സ്വാധീനമുള്ള ഹരിയാന, മഹാരാഷ്ട്ര, ജാർഖണ്ഡ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിലാണ് നിർണായക തീരുമാനം. വിഷയത്തിൽ കർഷക സംഘടനകളുടെ പ്രതികരണമെന്തെന്നത് നിർണായകമാണ്.

നെല്ലിന് 2014-15 ഉണ്ടായിരുന്ന താങ്ങുവിലയുമായി താരതമ്യം ചെയ്താൽ 69 ശതമാനം വർധന ഉണ്ടായെന്ന് കേന്ദ്ര വാർത്താവിനിമയ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. കർഷകർക്ക് രണ്ട് ലക്ഷം കോടി രൂപ താങ്ങുവിലയായി മാത്രം ലഭിക്കുമെന്നും കഴിഞ്ഞ സീസണെ അപേക്ഷിച്ച് 35,000 കോടിരൂപയുടെ വർധനവാണുണ്ടാകുകയെന്നും അദ്ദേഹം പറഞ്ഞു. മൂന്നാം മോദി സർക്കാർ കർഷകരുടെ ക്ഷേമത്തിന് വലിയ പ്രധാന്യമാണ് നൽകുന്നതെന്നും മന്ത്രി പറഞ്ഞു. ഉൽപ്പാദനച്ചെലവിന്റെ 1.5 ഇരട്ടിയെങ്കിലും താങ്ങുവില വേണമെന്ന നയപരമായ തീരുമാനം വർധനവിൽ പാലിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

സിഎസിപിയാണ് ചെലവ് ശാസ്ത്രീയമായി കണക്കാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ പക്കൽ നിലവിൽ 53.4 ദശലക്ഷം ടൺ അരിയുടെ സ്റ്റോക്കുണ്ട്. നിലവിലെ സ്റ്റോക്ക് ജൂലൈ 1-ന് ആവശ്യമായതിന്റെ നാലിരട്ടിയും ഒരു വർഷത്തേക്ക് ക്ഷേമ പദ്ധതികൾക്ക് കീഴിലുള്ള ആവശ്യം നിറവേറ്റാൻ പര്യാപ്തവുമാണെന്നും മന്ത്രി പറഞ്ഞു.

'ഇന്നത്തെ മന്ത്രിസഭയിൽ വളരെ പ്രധാനപ്പെട്ട ചില തീരുമാനങ്ങൾ എടുത്തിട്ടുണ്ട്. കർഷകരുടെ ക്ഷേമത്തിനായി വളരെ പ്രധാനപ്പെട്ട ഒരു തീരുമാനം എടുത്തിട്ടുണ്ട്. ഖാരിഫ് സീസൺ ആരംഭിക്കുകയാണ്. അതിനായി 14 വിളകൾക്ക് മിനിമം താങ്ങുവില (എംഎസ്‌പി) മന്ത്രിസഭ അംഗീകരിച്ചുവെന്നാണ് ഔദ്യോഗിക വിശദീകരണം.