അങ്ങിനെ സംഗീതപ്രേമികളുടെ കാത്തിരിപ്പിന് വിരാമമാകുന്നു.ആരാധകരുടെ കാത്തിരിപ്പിനും പ്രാർത്ഥനകൾക്കുമൊടുവിൽ അവർ വീണ്ടും ഒന്നിക്കുകയാണ്..മാറ്റാരുമല്ല ലോകമൊട്ടാകെ ആരാധകരുള്ള പ്രശസ്ത ദക്ഷിണ കൊറിയൻ പോപ്പ് ഗ്രൂപ്പായ ബിടിഎസ് തങ്ങളുടെ രണ്ടാം വരവിന് ഒരുങ്ങുകയാണ്.പ്രായഭേദമന്യേ ലോകത്താകമാനം സംഗീത പ്രേമികളെ ആകർഷിച്ച ഗ്രൂപ്പാണ് ബിടിഎസ്.2022ൽ വേർപിരിഞ്ഞ് പറഞ്ഞ വാക്കുപാലിച്ച് കൃത്യം രണ്ട് വർഷത്തിന് ശേഷമാണ് സംഘം വീണ്ടും ഒന്നിക്കുന്നത്.

രണ്ടാം വരവിൽ ആദ്യം അംഗങ്ങളുടെ സോളോ ആൽബങ്ങളും പിന്നാലെ ബിടിഎസിന്റെ ആൽബവും പുറത്തിറക്കാനാണ് ആലോചന.2025 ആദ്യത്തോടെ ട്രൂപ്പിന്റെ പാട്ടുകൾ വീണ്ടും ആരാധകർക്ക് ആസ്വദിക്കാനാകും.എന്തായാലും തങ്ങളുടെ പ്രിയസംഘം വീണ്ടും ഒന്നിക്കുന്നതിൽ അതിയായ ആകാംഷയിലാണ് ആരാധകർ



ബിടിഎസ് ബാന്റ് വേർപിരിഞ്ഞതെന്തിന്..പിന്നിലെ യാഥാർത്ഥ്യം

2022ലെ ബിടിഎസിന്റെ വേർപിരിയൽ പ്രഖ്യാപനം ലോകത്താകമാനമുള്ള ആരാധകവൃന്ദത്തെ തെല്ലൊന്നുമല്ല ദുഃഖത്തിലാഴ്‌ത്തിയത്.വേർപിരിയലിന് പിന്നാലെ കഥകൾ പലതും പ്രചരിച്ചെങ്കിലും സംഘാംഗങ്ങളുടെ തീരുമാനത്തിന് പിന്നിൽ മറ്റൊരു കാരണമായി.ട്രൂപ്പ് വേർപിരിഞ്ഞ് കുറച്ച് നാളുകൾക്ക് ശേഷമാണ് തീരുമാനത്തിന് പിന്നിലെ യഥാർത്ഥ വസ്തുത വ്യക്തമായത്.

ദക്ഷിണ കൊറിയയിലെ നിയമമനുസരിച്ച് 18നും 28നും ഇടയിൽ പ്രായമുള്ള ആരോഗ്യവാന്മാരായ എല്ലാ പുരുഷന്മാരും നിർബന്ധമായും സൈനിക സേവനത്തിലേർപ്പെട്ടിരിക്കണം.ഇതുപ്രകാരമാണ് അംഗങ്ങൾ ബിടിഎസിൽ നിന്ന് ഇടവേളയെടുത്ത് സൈനികസേവനത്തിനിറങ്ങിയത്.ദക്ഷിണ കൊറിയയുടെ സാംസ്‌കാരിക സാമ്പത്തിക രംഗത്തിന് ബിടിഎസ് നൽകിയ സംഭാവനകൾ പരിഗണിച്ച് നിർബന്ധിത സൈനിക സേവനത്തിൽ അംഗങ്ങൾക്ക് ഇളവുകൾ ഉണ്ടാകുമെന്ന് ആരാധകർ പ്രതീക്ഷിച്ചിരുന്നു.എന്നാൽ പൂർണ്ണമായും ഇളവുകൾ നൽകാതെ പ്രവേശനത്തിനുള്ള സമയം കുറച്ചുവർഷം കൂടി ദീർഘിപ്പിച്ച് നൽകുകയാണ് അധികൃതർ ചെയ്തത്.

അന്താരാഷ്ട്ര ടൂർണമെന്റുകളിൽ വിജയം കൈവരിച്ച അത്ലറ്റുകൾക്കും ശാസ്ത്രീയ സംഗീതജ്ഞർക്കും നിലവിൽ ദക്ഷിണ കൊറിയയിലെ നിർബന്ധിത സൈനിക സേവനത്തിൽനിന്ന് ഇളവുകൾ നൽകുന്നുണ്ട്.ഇതൊക്കെ കണക്കിലെടുത്ത് ട്രൂപ്പിലെ ഒരോ അംഗത്തിനും സൈനീകസേവനത്തിന് രണ്ടു വർഷത്തെ പ്രത്യേക ഇളവും അനുവദിച്ചിരുന്നു.ഇതുകൂടി പൂർത്തിയായതോടയാണ് അംഗങ്ങൾ പിരിയാൻ തീരുമാനിച്ചത്.18 മുതൽ 21 മാസം വരെയാണ് സേവനത്തിന്റെ ദൈർഘ്യം. ബാൻഡിലെ മുതിർന്ന അംഗമായ ജിൻ ആണ് 2022 ഡിസംബറിൽ സംഘത്തിൽ നിന്നാദ്യമായി ദക്ഷിണ കൊറിയൻ ബൂട്ട് ക്യാംപിൽ പ്രവേശിച്ചത്.മാസങ്ങളുടെ ഇടവേളയിൽ മറ്റുള്ളവരും വിവിധ ക്യാംപുകളിലെത്തി.

ഇതിൽ ഒരോ അംഗങ്ങളായി സേവനം പൂർത്തിയാക്കി വരികയാണ്.ബാൻഡിലെ മറ്റ് അംഗങ്ങളായ ഷുഗ, ജെ- ഹോപ്പ്, ആർഎം, ജിമിൻ, വി, ജങ്കൂക്ക് എന്നിവർ നിലവിൽ പരിശീലനത്തിലാണ്. ഇവർ പരിശീലനം പൂർത്തിയാക്കി തിരിച്ചെത്തിയതിന് ശേഷമായിരിക്കും ബാൻഡ് വീണ്ടും ഒത്തുചേരുക. ഇതിനായി 2025വരെ കാത്തിരിക്കേണ്ടിവരും.



ആദ്യം സോളോ ആൽബം..പിന്നാലെ ബിടിഎസ് പൂർണ്ണരൂപത്തിൽ

സൈനികസേവനം പൂർത്തിയാക്കി തങ്ങൾ മടങ്ങിവരുമെന്നും പഴയതുപോലെ വേദികളിലെത്തുമെന്നും ബിടിഎസ് ആരാധകർക്ക് ഉറപ്പ് നൽകിയിരുന്നു.ഈ ഉറപ്പാണ് ഇനി എതാനും മാസങ്ങൾക്കപ്പുറം പാലിക്കപ്പെടാൻ പോകുന്നത്.ബിടിഎസിലെ ഏറ്റവും പ്രായം കൂടിയ അംഗം ജിന്നിന്റെ സൈനിക സേവന കാലാവധിയാണ് ആദ്യം അവസാനിച്ചത്.സേവനത്തിൽ നിന്ന് പിരിഞ്ഞ് 24 മണിക്കൂറിന് ശേഷം സിയോളിൽ നടന്ന ഒരു പരിപാടിയിൽ തന്റെ ആയിരം ആരാധകർക്ക് സൗജന്യ ആലിംഗനങ്ങൾ നൽകി കൊണ്ടാണ് ജിൻ തന്റെ രണ്ടാംവരവ് ആഘോഷിച്ചത്.

ദക്ഷിണ കൊറിയൻ തലസ്ഥാനത്തെ ജാംസിൽ സ്പോർട്സ് കോംപ്ലക്‌സിൽ ഈ മാസം 13 ന് നടന്ന ഒരു പരിപാടിയിലാണ് ആരാധകരെ ആലിംഗനം ചെയ്തു കൊണ്ട് ജിൻ തന്റെ സന്തോഷം പങ്കുവെച്ചത്.വലിയ ആവേശത്തോടെയാണ് ബിടിഎസ് ആരാധകർ ജിന്നിന്റെ വരവ് സ്വാഗതം ചെയ്യുന്നത്.ആരാധകർക്കുവേണ്ടിയുള്ള സമൂഹ മാധ്യമ പ്ലാറ്റ്ഫോമായ 'വിവേഴ്‌സി'ലൂടെയാണ് ബിടിഎസിന്റെ മാനേജ്മന്റ് ഏജൻസി താരം തിരിച്ചെത്തുന്ന വിവരം നേരത്തെ അറിയിച്ചത്.സുരക്ഷാപരമായ കാരണങ്ങളാൽ ആരാധകരോട് ക്യാമ്പിന് മുൻപിൽ എത്തരുതെന്ന് ഏജൻസി ആവശ്യപ്പെട്ടിരുന്നു.പ്രാദേശിക മാധ്യമങ്ങൾ നൽകിയ വിവരമനുസരിച്ച് രണ്ട് ആരാധകർ മാത്രമാണ് 'ആർമി'യെ പ്രധിനിധീകരിച്ചുകൊണ്ട് ക്യാമ്പിന് പുറത്തുണ്ടായിരുന്നത്.

വികാരപരമായ യാത്രയയപ്പായിരുന്നു ക്യാമ്പ് അധികൃതർ താരത്തിനു നൽകിയത്. "സിയോക്ജിൻ, താങ്കൾ കഴിഞ്ഞ 548 ദിവസങ്ങൾ വിജയകരമായി പൂർത്തിയാക്കിയിരിക്കുന്നു. ഞങ്ങളുടെ അചഞ്ചലമായ സ്‌നേഹം എന്നും താങ്കളോടൊപ്പം ഉണ്ടാകും," 'ജിൻ, കഴിഞ്ഞ ഒന്നര വർഷം ഏറെ ആനന്ദകരമായിരുന്നു. യോഞ്ചിയോൻ താങ്കളെ ഒരിക്കലും മറക്കില്ല' തുടങ്ങിയ വാചകങ്ങളടങ്ങിയ ബാനറുകൾ ക്യാമ്പിന് പുറത്തുണ്ടായിരുന്നു.

മിലിറ്ററി ക്യാമ്പിൽനിന്ന് അവസാന സല്യൂട്ട് നൽകി പുറത്തിറങ്ങിയ താരത്തിനെ ബിടിഎസിന്റെ ആദ്യ 100 മില്യൺ റെക്കോർഡ് ഗാനമായ 'ഡയനാമൈറ്റ് ' സാക്‌സോഫോണിൽ വായിച്ചുകൊണ്ടാണ് ബിടിഎസ് അംഗം ആർഎം വരവേറ്റത്. താരത്തിനെ വരവേൽക്കാനായി എത്തിയ മറ്റ് അംഗങ്ങൾ പൂച്ചെണ്ടുകൾ സമ്മാനിച്ചും ആലിംഗനം ചെയ്തും സന്തോഷം പങ്കുവെച്ചു.ആരാധകർ വർണാഭമായ ബാനറുകൾ ക്യാമ്പിന് പുറത്തു തൂക്കിയും തങ്ങളുടെ പ്രിയപ്പെട്ട കെ-പോപ്പ് താരത്തിന്റെ മടങ്ങിവരവ് ആഘോഷമാക്കി.അതേപോലെ ജിന്നിനെ വരവേൽക്കാനായി മറ്റ് അഞ്ച് അംഗങ്ങൾ സൈനിക സേവനത്തിൽനിന്ന് ഒരു ദിവസത്തെ അവധിയെടുത്ത് എത്തിയിരുന്നു.
തോളെല്ലിനു മുൻപുണ്ടായ പരുക്കിനെ തുടർന്ന് ശസ്ത്രക്രിയയ്ക്കു വിധേയനാകേണ്ടി വന്നതിനാൽ നിലവിൽ സൈനിക സേവനത്തിനു പുറത്തുള്ള സിവിലിയൻ ചുമതലകൾ നിർവഹിക്കുന്ന ബിടിഎസ് അംഗമായ ഷുഗയ്ക്ക് ജിന്നിനെ വരവേൽക്കാൻ എത്താൻ കഴിഞ്ഞില്ല.

അംഗങ്ങൾ സൈനികസേവനം പൂർത്തിയാക്കി മടങ്ങുന്ന തീയതികൾ സംബന്ധിച്ച് നേരത്തേ ഔദ്യോഗിക സ്ഥിരീകരണങ്ങൾ വന്നിരുന്നു. ജിന്നിനു പിന്നാലെ ഈ മാസം തന്നെ ജംഗൂക്കും തിരിച്ചെത്തും. ഒക്ടോബറിൽ ആണ് ജെഹോപിന്റെ സൈനികസേവനം പൂർത്തിയാവുക. ബിടിഎസിലെ മറ്റ് അംഗങ്ങളുടെ സൈനികസേവനം അടുത്തവർഷമേ അവസാനിക്കൂ. 2025 ജൂൺ 10നാണ് ആർഎമ്മും വിയും മടങ്ങിയെത്തുക.അതേ മാസം തന്നെ ജിമിന്റെയും സുഗയുടെയും സേവന കാലാവധി അവസാനിക്കും. ജിമിൻ ആണ് ഏറ്റവുമൊടുവിലായി സൈനിക സേവനത്തിനിറങ്ങിയത്.

പുറത്തെത്തിയതിന് പിന്നാലെ ജിൻ നടത്തിയ സംഗീതപരിപാടി കാണാൻ ആരാധകരാണ് ഒഴുകിയെത്തിയത്.ബാൻഡിലെ മറ്റൊരംഗം ജിമിന്റെ സോളോ ആൽബം 'മ്യൂസ്' ജൂലൈ 19നു പുറത്തിറങ്ങുമെന്നാണ് ഏറ്റവുമൊടുവിലായി പുറത്തുവരുന്ന വിവരം. ഇരുപത്തിയെട്ടുകാരനായ ജിമിൻ നിർബന്ധിത സൈനിക സേവനം കഴിഞ്ഞ് ഇറങ്ങുന്നതോടെയാകും ആൽബത്തിന്റെ റിലീസ്. ജിമിന്റെ ആദ്യ സോളോ ആൽബം 'ഫെയ്സ്' വൻ തരംഗമായിരുന്നു.2025 ൽ എല്ലാവരും മടങ്ങിയെത്തിയ ശേഷം 2026 ൽ ബാൻഡിന്റെ വേൾഡ് ടൂർ ഉണ്ടാകുമെന്നുള്ള സൂചനയും പുറത്തുവരുന്നുണ്ട്.



അൽപ്പം ചരിത്രം...ബാന്റിന്റെ പിറവിക്ക് പിന്നിലെ കഥ

2012 ജൂൺ 13 നാണ് ലോകമൊട്ടാകെ ആരാധകരുള്ള പ്രശസ്ത ദക്ഷിണ കൊറിയൻ പോപ്പ് ഗ്രൂപ്പായ ബിടിഎസ് കെ പോപ്പ് ലോകത്ത് അരങ്ങേറ്റം കുറിക്കുന്നത്.BTS എന്നതിന്റെ പൂർണ്ണരൂപം കൊറിയൻ ഭാഷയിൽ Bangtan Sonyondan എന്നാണ്. അർഥം ബുള്ളറ്റ് പ്രൂഫ് ബോയ് സ്‌കൗട്ട്സ്. പ്രതിബന്ധങ്ങളെ അഭിമുഖീകരിക്കുമ്പോൾ ആത്മവിശ്വാസവും ശക്തിയും പ്രകടിപ്പിക്കുക എന്നോർമപ്പെടുത്തുന്ന പേര്. 1990 കളിൽ ആധുനിക പോപ്പ് സംഗീതലോകത്തെ നിർമ്മാതാവും ഗാനരചയിതാവും ആയിരുന്ന ബാംഗ് ഷി ഹ്യുക്കാണ് സംഘത്തിന് രൂപം കൊടുക്കുന്നത്.

വിവിധ ജനറേഷനുകളിൽ പെട്ട ഒട്ടനവധി പോപ്പ് ഗ്രൂപ്പുകളുള്ള ദക്ഷിണ കൊറിയയിൽ തങ്ങളുടെ വരവറിയിക്കാൻ ബിടിഎസിന് ഒരുപാട് കാത്തിരിക്കേണ്ടി വന്നു.ഇന്ത്യയിലുൾപ്പെടെ ലക്ഷക്കണക്കിന് ആരാധകരും ഇൻസ്റ്റഗ്രാമിലും യൂട്യൂബിലും ട്വിറ്ററിലുമൊക്കെ ഏറ്റവും പ്രശസ്തമായ ബാൻഡുകളിൽ ഒന്നാണ് ഇന്ന് ബിടിഎസ് അതിലേക്കുള്ള യാത്ര സംഘത്തിനെ സംബന്ധിച്ചിടത്തോളം എളുപ്പമായിരുന്നില്ല.2005ൽ ആണ് ബാംഗ് ഷി ഹ്യുക്കിന്റെ ബിഗ് ഹിറ്റ് എന്റർടൈന്മെന്റ് രൂപീകൃതമാവുന്നത്. 2010 ഓടെ കമ്പനി സാമ്പത്തിക തകർച്ചയിലായി.അപ്പോഴാണ് നിലവിലുള്ള കെ പോപ്പ് ഗ്രൂപുകളിൽ നിന്ന് വ്യത്യസ്തമായി യുവാക്കളോട് അടുത്തിടപഴകാൻ സാധിക്കുന്ന ഒരു ഗ്രൂപ്പ് ഉണ്ടാക്കാൻ ബിഗ് ഹിറ്റ് തീരുമാനിക്കുന്നത്.

ആദ്യം 16 വയസ്സുള്ള റാപ്പറായ കിം നാംജൂനെ ഓഡിഷൻ ചെയ്ത് കണ്ടെത്തി ഗ്രൂപ്പിന്റെ ലീഡർ ആക്കി. ശേഷം മിൻ യൂങ്കി (സുഗ), ജെ ഹോപ്പ് എന്നീ റാപ്പർമാരെ കൂടി ടീമിൽ എടുത്തു.ഒരു ഹിപ്-ഹോപ്പ് ഗ്രൂപ്പ് നിർമ്മിക്കാനായിരുന്നു ആദ്യത്തെ പദ്ധതി. എന്നാൽ അത് പോരെന്ന് തോന്നിയതോടെ ജുങ്കുക്ക്, വി, പാർക്ക് ജി-മിൻ, ജിൻ എന്നിവർ കൂടി ബിടിഎസിന്റെ ഭാഗമായി.ഒരു ബസിൽ യാത്ര ചെയ്യവെയാണ് കാസ്റ്റിങ് ഡയറക്ടർ ജിന്നിനെ കണ്ടെത്തുന്നത്.ജെ ഹോപ്പ് ആവട്ടെ ഒരു സ്ട്രീറ്റ് ഡാൻസർ ആയിരുന്നു.ഇവരാരും ഇതിന് മുൻപ് പാട്ടിലോ ഡാൻസിലോ പരിശീലനം നേടിയിരുന്നില്ല എന്നതാണ് ഇന്നും ട്രൂപ്പിനെ അത്ഭുതമാക്കി മാറ്റുന്നത്.

പരിമിതികളിൽ തളരാതെ കൂടുതൽ പരിശീലനങ്ങൾക്ക് ശേഷം 2013 ൽ അവർ കെ പോപ്പിലേക്ക് ചുവട് വെച്ചു. അക്കാലത്തെ മിക്ക ഗ്രൂപ്പുകളിൽ നിന്നും വ്യത്യസ്തമായി, ബിടിഎസ് ന്സ്വയം പ്രകടിപ്പിക്കാൻ കൂടുതൽ സ്വാതന്ത്ര്യം ലഭിച്ചിരുന്നു.അവരുടെ യുവാക്കളായ ആരാധകരുമായി സംവദിക്കാൻ സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ സമ്മർദ്ദങ്ങളെക്കുറിച്ചും ആദ്യ പ്രണയത്തെക്കുറിച്ചുമെല്ലാം കൊറിയൻ ഭാഷയിൽ അവർ പാട്ടുകളെഴുതി.തങ്ങളുടെ ആദ്യ ഗാനമായ 'നോ മോർ ഡ്രീമിൽ' മാതാപിതാക്കളുടെ ഇഷ്ടത്തിന് മാത്രം ജീവിച്ച് സ്വന്തം സ്വപ്നങ്ങൾ ത്യജിക്കുന്ന രീതിയെ അവർ ചോദ്യം ചെയ്തു.

പക്ഷെ വിചാരിച്ചപ്പോലെ ക്ലിക്കായില്ല തുടക്കകാലത്ത്.2015-ലെ ദി മോസ്റ്റ് ബ്യൂട്ടിഫുൾ മൊമെന്റ് ഇൻ ലൈഫ് പിടി 1 എന്ന ആൽബത്തിലൂടെ തങ്ങളുടേതായ സ്ഥാനം ഇൻഡസ്ട്രിയിൽ ഉറപ്പിക്കാൻ ബാൻഡിന് സാധിച്ചു. ലക്ഷ്യബോധമില്ലാത്ത യൗവ്വനത്തിന്റെ നിരാശയും യുവതയുടെ അഭിനിവേശങ്ങളും അവരുടെ വരികളുടെ ഭാഗമായി.ആഭ്യന്തരമായ വിജയത്തോടെ ജപ്പാനിലേക്കും കിഴക്കൻ ഏഷ്യയിലെ മറ്റ് പരമ്പരാഗത കെ-പോപ്പ് വിപണികളിലേക്കും ബിടിഎസ് വ്യാപിച്ചു.പുതിയ തലമുറയുടെ പ്രശ്നങ്ങൾക്ക് കാരണമായി കൊറിയയിൽ നിലനിൽക്കുന്ന സാമൂഹ്യ ഘടനയെ അവർ സംഗീതത്തിലൂടെ വെല്ലുവിളിച്ചു.



ഇങ്ങനെ 'ആർമി' എന്ന പേരിൽ അവർക്ക് വലിയ ഒരു ആരാധകവൃന്ദം വളർന്നു വന്നു.പിന്നാലെ അന്താരാഷ്ട്ര തലത്തിലും ബിടിഎസിന് ആരാധകർ ഉണ്ടായി.കൊറിയൻ ആരാധകർ അന്താരാഷ്ട്ര ആരാധകരെ സഹായിക്കാൻ അവരുടെ പാട്ടുകളും പ്രസംഗങ്ങളും ഇംഗ്ലീഷിലേക്കും മറ്റ് ഭാഷകളിലേക്കും വിവർത്തനം ചെയ്തു.2022ൽ യൂട്യൂബിൽ, അവരുടെ ഗാനങ്ങൾ ഏകദേശം 8 ബില്ല്യൺ തവണ സ്ട്രീം ചെയ്യപ്പെട്ടു.പോപ്പ് രാജാക്കന്മാരായ ടെയ്‌ലർ സ്വിഫ്റ്റിനെയും വീക്കെൻഡിനെയും പിന്നിലാക്കിയായിരുന്നു ഈ നേട്ടം. ആഗോളതലത്തിൽ ഏകദേശം 80 ദശലക്ഷം ആളുകൾ മാത്രം സംസാരിക്കുന്ന ഒരു ഭാഷയെ പ്രതിനിധീകരിക്കുന്ന ഏഴ് ചെറുപ്പക്കാരുടെ സംഘം ഈ നേട്ടങ്ങൾ കരസ്ഥമാക്കുന്നത് ഇപ്പോഴും പലർക്കും കൗതുകകരമായ കാര്യമാണ്.

പത്താം വാർഷിക ദിനത്തിലാണ് തങ്ങൾ പിരിയുന്നുവെന്ന പ്രഖ്യാപനം ഗ്രൂപ്പ് അംഗങ്ങൾ നടത്തിയത്.സംഗീതപ്രേമികളെ ആകമാനം ഉലച്ചുകളഞ്ഞ ഈ തീരുമാനത്തിൽ നിന്ന് പിന്മാറണമെന്ന് സമൂഹമാധ്യമങ്ങളിൽക്കൂടി ഉൾപ്പടെ ലോകത്തിന്റെ വിവിധ കോണുകളിൽ നിന്ന് മുറവിളി ഉയർന്നു.ഈ കാത്തിരിപ്പിനാണ് ഇപ്പോൾ വിരാമമാകുന്നത്.അവരൊന്നിച്ച് ലോകത്തിലെ സംഗീതവേദികൾ കീഴടക്കാൻ വീണ്ടും വരുമെന്ന പ്രതീക്ഷയിലാണ് 'ബിടിഎസ് ആർമി' എന്നറിയപ്പെടുന്ന ആരാധകവൃന്ദം.ആദ്യ അംഗത്തിന്റെ മടങ്ങിവരവോടെ ആരാധകരുടെ ആവേശം വാനോളമുയർന്നു കഴിഞ്ഞു.