മക്ക: ഹജ്ജ് തീർത്ഥാടനത്തിനിടെ ഉണ്ടായ ദുരന്തത്തിൽ മരണസംഖ്യ 1000 കടന്നു എന്ന് എ എഫ് പി റിപ്പോർട്ട് ചെയ്യുന്നു. സൗദി അറേബ്യയിലെ കഠിനമായ ചൂടാണ് വില്ലൻ വേഷത്തിൽ എത്തിയത്. മരിച്ചവരിൽ പകുതിയിലധികം പേരും രജിസ്റ്റർ ചെയ്യാതെ എത്തിയ തീർത്ഥാടകരാണെന്നും എ എഫ് പിയുടെ റിപ്പോർട്ടിൽ പറയുന്നു. ഈജിപ്തിൽ നിന്നുള്ള 58 പേരുടെ ഉൾപ്പടെയുള്ള മരണങ്ങൾ കൂടി ഇന്നലെ സ്ഥിരീകരിച്ചതോടെയാണ് മരണസംഖ്യ 1000 കടന്നത്.

മരണമടഞ്ഞവരിൽ 658 പേർ ഈജിപ്തിൽ നിന്നാണെന്ന് ഒരു അറേബ്യൻ നയതന്ത്ര പ്രതിനിധിയെ ഉദ്ധരിച്ചു കൊണ്ട് എ എഫ് പി റിപ്പോർട്ട് ചെയ്യുന്നു. അതിൽ 630 പേർ റെജിസ്റ്റർ ചെയ്യാത്തവരും. ഏകദേശം 10 രാജ്യങ്ങളിൽ നിന്നായി, 1081 പേരാണ് മരിച്ചത്. ഇസ്ലാം മത വിശ്വാസത്തിന്റെ ഏറെ പ്രാധാന്യമുള്ള ഒന്നാണ് ഹജ്ജ് തീർത്ഥാടനം . ഓരോ വിശ്വാസിയും ജീവിതത്തിൽ ഒരിക്കലെങ്കിലും ഇത് ചെയ്തിരിക്കണം എന്നാണ് വിശ്വാസം.

ചന്ദ്രമാസ പ്രകാരമുള്ള ഇസ്ലാമിക് കലണ്ടർ അനുസരിച്ചാണ് ഹജ്ജ് തീർത്ഥാടനത്തിന്റെ സമയം തീരുമാനിക്കുന്നത്. ഇത്തവണ അത് വന്നത് സൗദി അറേബ്യ കൊടും ചൂടിൽ വെന്തുരുകുന്ന സമയത്തും. ഈയാഴ്ച ആദ്യം, മക്കയിലെ വലിയ പള്ളി പരിസരത്ത് സൗദി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം രേഖപ്പെടുത്തിയ താപനില 51.8 ഡിഗ്രി സെൽഷ്യസ് ആയിരുന്നു.

ജോർദ്ദാനിൽ നിന്നുള്ള 58 പേർ മരണമടഞ്ഞതായി ജോർദ്ദാൻ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റ് 16 പേരെ കാണാതായിട്ടുണ്ടെന്നും മന്ത്രാലയം സമൂഹമാധ്യമങ്ങൾ വഴി അറിയിച്ചിട്ടുണ്ട്. മരണമടഞ്ഞവരിൽ ഭൂരിഭാഗം പേരെയും, അവരുടെ കുടുംബാംഗങ്ങളുടെ താത്പര്യ പ്രകാരം മക്കയിൽ തന്നെ അടക്കം ചെയ്യുമെന്നും മന്ത്രാലയം അറിയിച്ചു. അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് അനുസരിച്ച് സൗദിയിൽ എല്ലാവർഷവും 0.4 ഡിഗ്രി സെൽഷ്യസിന്റെ വർദ്ധനവാണ് അന്തരീക്ഷ താപനിലയിൽ ഉണ്ടാകുന്നത്.

ചെലവേറിയ ഔദ്യോഗിക പെർമിറ്റ് താങ്ങാൻ കഴിയാത്ത ആയിരങ്ങളാണ് എല്ലാ വർഷവും അനധികൃത വഴികളിലൂടെ സൗദിയിലെത്തി ഹജ്ജ് തീർത്ഥാടനം നടത്തുന്നത്. ഈ മാസം ആദ്യം, ഇത്തരത്തിൽ അനധികൃതമായി എത്തിയ നൂറുകണക്കിന് തീർത്ഥാടകരെ മക്ക പരിസരത്തു നിന്നും നീക്കം ചെയ്തതായി സൗദി അറേബ്യ അറിയിച്ചിരുന്നു. ഇത്തരത്തിൽ അനധികൃതമായി എത്തുന്നവർക്ക് എയർ കണ്ടീഷനിങ് ഉൾപ്പടെയുള്ള സൗകര്യങ്ങൾ ലഭ്യമാകില്ല എന്നതിനാൽ ഇവരായിരിക്കും അധികമായി അമിത ചൂടിന് ഇരയാവുക.