ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയും ഇന്ത്യൻ ടെന്നിസ് വനിതാ താരം സാനിയ മിർസയും തമ്മിൽ വിവാഹിതരായെന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച് സാനിയ മിർസയുടെ പിതാവ് ഇമ്രാൻ മിർസ. " വാർത്ത വെറും അസംബന്ധമാണെന്നും ഷമിയെ സാനിയ കണ്ടിട്ടു പോലുമില്ലെന്നും ഇമ്രാൻ പ്രതികരിച്ചു.

സാനിയ മിർസയും മുഹമ്മദ് ഷമിയും തമ്മിൽ വിവാഹിതരായി എന്ന തരത്തിൽ സമൂഹമാധ്യമത്തിൽ വ്യാജച്ചിത്രം പ്രചരിച്ചതോടെയാണ് അഭ്യൂഹങ്ങൾ പരന്നത്. നിരവധി ആരാധകർ ഇവർക്ക് ആശംസ നേരുകയും ചെയ്തിരുന്നു. എന്നാൽ ഇതുവരെ ഇവർ വിവാഹിതരായിട്ടില്ലെന്നും ഓഗസ്റ്റ് 20നാണ് ചടങ്ങ് നിശ്ചയിച്ചിരിക്കുന്നതെന്നും വരെ പിന്നീട് കിംവദന്തികൾ പരന്നു. പിന്നാലെയാണ് പ്രതികരണവുമായി സാനിയയുടെ പിതാവ് രംഗത്തെത്തിയത്.

വിവാഹത്തെക്കുറിച്ചുള്ള റിപ്പോർട്ടുകളിൽ സാനിയ മിർസയോ മുഹമ്മദ് ഷമിയോ ഔദ്യോഗികമായി പ്രതികരിക്കാതിരുന്നതും ഇത്തരം വാർത്തകൾ പ്രചരിക്കാൻ കാരണമായി. അതിനിടെ മുഹമ്മദ് ഷമിയും സാനിയ മിർസയും വിവാഹ വേഷത്തിലിരിക്കുന്ന ചിത്രങ്ങളും പ്രചരിക്കാൻ തുടങ്ങിയിരുന്നു. എന്നാൽ ഇത് മോർഫ് ചെയ്ത ചിത്രങ്ങളാണ് എന്ന് പിന്നീട് വ്യക്തമായി.

പാക്കിസ്ഥാൻ മുൻ ക്രിക്കറ്റ് താരം ശുഐബ് മാലിക്കുമായി വേർപിരിഞ്ഞ സാനിയ മകനൊപ്പമാണ് താമസിക്കുന്നത്. ഇരുവരും ബന്ധം പിരിഞ്ഞത് വാർത്തകളിൽ ഇടംപിടിച്ചിരുന്നു.

ഇന്ത്യയുടെ ഏറെ ശ്രദ്ധേയായ പ്രഫഷനൽ ടെന്നിസ് താരമാണ് സാനിയ മിർസ. 2010 ഏപ്രിലിൽ ഹൈദരാബാദിൽ വച്ചായിരുന്നു സാനിയയും മാലിക്കും തമ്മിലുള്ള വിവാഹം. പിന്നീട് ഇരുവരും ദുബായിലേക്ക് താമസം മാറിയിരുന്നു. ഈ വർഷമാദ്യമാണ് ഇരുവരും വിവാഹമോചിതരായ വിവരം അറിയിച്ചത്. 2018ൽ ജനിച്ച ഇസാൻ ഇവരുടെ മകനാണ്.

നിലവിൽ സാനിയയ്‌ക്കൊപ്പമാണ് ഇസാനുള്ളത്. പ്രസവശേഷവും ടെന്നിസ് കോർട്ടിലേക്ക് മടങ്ങിയെത്തിയ സാനിയ മിർസ 2023 ഫെബ്രുവരിയിലാണ് പ്രഫഷനൽ ടെന്നിസിൽ നിന്ന് വിരമിച്ചത്. 20 വർഷം നീണ്ട ടെന്നിസ് കരിയറിൽ 43 ഡബിൾസ് കിരീട നേട്ടങ്ങളിൽ സാനിയ പങ്കാളിയായി. സിംഗിൾസിൽ ഒരു തവണയും കിരീടം സ്വന്തമാക്കി.

അടുത്തിടെ സാനിയ ഹജ്ജ് കർമത്തിനായി പുറപ്പെട്ടിരുന്നു. താനിപ്പോൾ പരിവർത്തനത്തിന്റെ പാതയിലേക്കുള്ള തയ്യാറെടുപ്പിലാണ്. നല്ല മനുഷ്യനായി തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും സാനിയ എക്സിൽ കുറിച്ചു. എന്തെങ്കിലും തെറ്റുകളും പോരായ്മകളും തന്റെ ഭാഗത്തുനിന്നുണ്ടായെങ്കിൽ അതിന് താൻ ക്ഷമ ചോദിക്കുന്നു. തന്റെ പ്രാർത്ഥനകൾ അല്ലാഹു സ്വീകരിക്കുമെന്നും അനുഗ്രഹീതമായ പാതയിൽ തന്നെ നയിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

താൻ ഭാഗ്യം ചെയ്തവളാണ്. എല്ലാവരോടും അങങ്ങേയറ്റം കടപ്പെട്ടിരിക്കുന്നു. തന്റെ ഈ യാത്ര തുടരുമ്പോൾ ദയവായി നിങ്ങളുടെ ചിന്തകളിലും പ്രാർത്ഥനകളിലും തന്നെ ഉൾപ്പെടുത്തക. നല്ലൊരു മനുഷ്യനായി താൻ തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് സാനിയ എക്സിൽ കുറിച്ചിരുന്നു.

അതേസമയം, ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ അവിഭാജ്യഘടകമായ പേസ് ബോളർ മുഹമ്മദ് ഷമി, ഭാര്യ ഹസിൻ ജഹാനുമായി വേർപിരിഞ്ഞു കഴിയുകയാണ്. 2014ലാണ് മുഹമ്മദ് ഷമിയും ഹസിൻ ജഹാനും വിവാഹിതരാകുന്നത്. 2018ൽ ഷമിക്കെതിരെ ഗാർഹിക പീഡന പരാതി ഉയർത്തി ഹസിൻ ജഹാൻ പൊലീസിനെ സമീപിച്ചു.

ഷമിക്കെതിരെ കോടതി അറസ്റ്റ് വാറൻഡ് പുറപ്പെടുവിച്ചിരുന്നെങ്കിലും, സെഷൻസ് കോടതിയിൽനിന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം സ്റ്റേ വാങ്ങി.
2018 മുതൽ ഇരുവരും പിരിഞ്ഞാണ് കഴിയുന്നത്. ഷമി നല്ല ക്രിക്കറ്ററെന്നതു പോലെ നല്ല മനുഷ്യനുമായിരുന്നെങ്കിൽ തങ്ങൾക്ക് നല്ല ജീവിതം നയിക്കാനാവുമായിരുന്നു എന്നാണ് ഹസിൻ ജഹാൻ പറഞ്ഞിരുന്നത്. പണം ഉയോഗിച്ച് തന്റെ തെറ്റുകൾ മറയ്ക്കാനാണ് മുഹമ്മദ് ഷമി ശ്രമിക്കുന്നതെന്നും ഹസിൻ ആരോപിച്ചിരുന്നു.

ഇരുവർക്കും ഒരു മകളുമുണ്ട്. കഴിഞ്ഞ ഏകദിന ലോകകപ്പിനിടെ നടിയും രാഷ്ട്രീയ പ്രവർത്തകയുമായ പായൽ ഘോഷ് ഷമിയോട് വിവാഹാഭ്യർഥന നടത്തിയിരുന്നു. ഹസിൻ ജഹാന്റെ ഗാർഹിക പീഡനമുൾപ്പെടെ ഉള്ള പരാതിയുടെ അടിസ്ഥാനത്തിൽ ഷമിക്കു നേരെ ജാമ്യാമില്ലാ വകുപ്പു പ്രകാരം കേസ് രജിസ്റ്റർ ചെയ്തിരുന്നു. 2023 ഏകദിന ലോകകപ്പിലാണ് ഷമി അവസാനമായി കളത്തിലിറങ്ങിയത്. കുതികാൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ മുഹമ്മദ് ഷമി നിലവിൽ വിശ്രമത്തിലാണ്. പരുക്കിനെ തുടർന്ന് ഐപിഎലും ട്വന്റി20 ലോകകപ്പുമടക്കം ഷമിക്കു നഷ്ടമായി.