ലണ്ടൻ: ബ്രിട്ടനിലെ ഏറ്റവും സമ്പന്നമായ കുടുംബത്തിലെ നാലംഗങ്ങൾക്ക് അവരുടെ ജനീവയിലെ വില്ലയിൽ വീട്ടു ജോലിക്കാരെ ചൂഷണം ചെയ്തു എന്ന കുറ്റത്തിന് സ്വിസ് കോടതി ശിക്ഷ വിധിച്ചു. ഇന്ത്യൻ വംശജരായ പ്രകാശ് ഹിന്ദുജ, ഭാര്യ കമൽ ഹിന്ദുജ, മകൻ അജയ്, മകന്റെ ഭാര്യ നമ്രത എന്നിവരാണ് ചൂഷണം, അനധികൃതമായി ആളെ ജോലിക്ക് നിയമിക്കൽ എന്നീ കുറ്റങ്ങൾ ചെയ്തായി സ്വിസ് കോടതി കണ്ടെത്തിയത്. നാല് മുതൽ നാലര വർഷം വരെ നീണ്ട തടവ് ശിക്ഷകളാണ് ഇവർക്ക് ലഭിച്ചത്.

അതേസമയം, കൂടുതൽ ഗുരുതരമായ ശിക്ഷ ലഭിക്കുമായിരുന്ന മനുഷ്യക്കടത്ത് കേസിൽ ഇവർ കുറ്റ വിമുക്തരാക്കപ്പെട്ടിട്ടുണ്ട്. ഈ വിധിക്കെതിരെ അപ്പീലിന് പോകുമെന്ന് പ്രതിഭാഗം അഭിഭാഷകർ അറിയിച്ചു. ഹിന്ദുജമാരെ ശിക്ഷിച്ചുകൊണ്ടുള്ള വിധി ഞെട്ടിക്കുന്നതാണെന്നു, ഇതിനെതിരെ അപ്പീലിന് പോകുമെന്നും അവരെ പ്രതിനിധീകരിച്ച നിയമജ്ഞൻ റോബർട്ട് അസ്സീൽ കോടതിക്ക് പുറത്തു പറഞ്ഞു.

ഇന്ത്യയിൽ നിന്നും കൊണ്ടുവന്ന മൂന്ന് തൊഴിലാളികൾ പറഞ്ഞത് 18 മണിക്കൂർ വരെ ജോലി ചെയ്യിച്ച്, പ്രതിദിനം 7പൗണ്ട് (8 ഡോളർ) മാത്രമാണ് വേതനം നൽകിയിരുന്നത് എന്നായിരുന്നു. സ്വിസ്സ് നിയമപ്രകാരം നൽകേണ്ട വേതനത്തിന്റെ പത്തിലൊന്നിൽ താഴെ മാത്രമെ ഇത് വരുന്നുള്ളു. മാത്രമല്ല, ഇവരുടെ പാസ്സ്‌പോർട്ട് പിടിച്ചു വയ്ക്കുകയും ചെയ്തു എന്ന ആരോപണവും ഇവർ ഉയർത്തിയിരുന്നു.

37 ബില്യൻ പൗണ്ടോളം ആസ്തിയുള്ള ഹിന്ദുജ കുടുംബം, വീടിന് പുറത്തു പോകാൻ അനുവദിക്കാറില്ല എന്നും ജോലിക്കാർ ആരോപിച്ചിരുന്നു. ജനീവയിലെ അതി സമ്പന്നർ താമസിക്കുന്ന കൊളോണി മേഖലയിലാണ് ഹിന്ദുജമാരുടെ വില്ല സ്ഥിതി ചെയ്യുന്നത്. ഹിന്ദുജമാർ അവരുടെ വളർത്തു നായ്ക്കൾക്കായി ചെലവഴിക്കുന്നതിനേക്കാൾ കുറവ് തുക മാത്രമാണ് മൊത്തം വീട്ടിലെ ജീവനക്കാർക്ക് വേതനമായി നൽകുന്നതെന്ന് കേസ് വിചാരണ വേളയിൽ പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞിരുന്നു.

അതേസമയം, ആവശ്യത്തിനുള്ള ആനുകൂല്യങ്ങൾക്ക് തൊഴിലാളികൾക്ക് നൽകീയിട്ടുണ്ടെന്നും, അവരെ ഏകന്തവാസത്തിന് നിർബന്ധിതരാക്കിയിട്ടില്ലെന്നും, വീട് വിട്ട് പുറത്ത് പോകുന്നതിന് വിലക്ക് കല്പിച്ചിരുന്നില്ലെന്നും പ്രതിഭാഗം കോടതിയിൽ പറഞ്ഞു. കൂടുതൽ മെച്ചപ്പെട്ട ജീവിതം നൽകിയതിന് തൊഴിലാളികൾ ഹിന്ദുജമാരോട് നന്ദിയുള്ളവരാണെന്നും പ്രതിഭാഗം അഭിഭാഷകൻ വാദിച്ചു.

70 വയസ്സിന് മുകളിൽ പ്രായമുള്ള പ്രകാശ്- കമൽ ഹിന്ദുജമാർ ആരോഗ്യ പ്രശ്നങ്ങളാൽ കോടതി നടപടികളിൽ നേരിട്ട് പങ്കെടുത്തിരുന്നില്ല. അവരുടെ മകൻ അജയ് ഹിന്ദുജയും ഭാര്യ നമ്രതയും വിചാരണ സമയത്ത് കോടതിയിൽ ഉണ്ടായിരുന്നെങ്കിലും വിധി കേൾക്കാനായി കാത്തു നിന്നില്ല.