- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വിദ്യാഭ്യാസത്തിലെ കേരളാ മോഡലിലെ പൊളിച്ചടുക്കി സന്തോഷ് ജോർജ് കുളങ്ങര
കൊച്ചി: വിശ്വസഞ്ചാരിയായും മാധ്യമ പ്രവർത്തകനുമായ സന്തോഷ് ജോർജ് കുളങ്ങര തന്റെ സഞ്ചാരത്തിനിടെ കണ്ട ലോകാനുഭവങ്ങളിലൂടെ ഒരുപാട് കാര്യങ്ങൾ മലയാളികളോട് സംവദിക്കാറുണ്ട്. ലോകത്തിലെ വിവിധ ഭാഗങ്ങളിൽ കണ്ട വികസനക്കുതിപ്പുകളും, മാറ്റങ്ങളും ചുണ്ടിക്കാട്ടി എന്തുകൊണ്ട് നമ്മുടെ നാട് അതുപോലെ ഉയരുന്നില്ല എന്ന ചോദ്യവും സന്തോഷ് ജോർജ് കുളങ്ങര ഉയർത്താറുണ്ട്. ഇതിൽ പലതും സോഷ്യൽ മീഡിയയിൽ വൈറൽ ആവാറുണ്ട്.
പക്ഷേ ഇപ്പോൾ സന്തോഷ് ജോർജ് കുളങ്ങര കേരളത്തിൽവെച്ച് തന്റെ മകൾക്കുണ്ടായ ഒരു ദുരനുഭവം പറയുന്നതിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയിൽ വൈറലാവുന്നത്. ഗ്രിഗോറിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്ക്നോളജി നടത്തിയ ഒരു സെമിനാറിലാണ് സന്തോഷ് ജോർജ് കുളങ്ങര കേരളാ മോഡൽ വിദ്യാഭ്യാസത്തിന്റെ പൊള്ളത്തരം പറയുന്നത്. മൂൻ എം ജി വാഴ്സിറ്റി വിസിക്കൊപ്പം സദസ്സിലിരുന്നാണ് അദ്ദേഹം കാര്യങ്ങൾ വിശദീകരിക്കുന്നത്.
'മകളൂടെ ഒരു വർഷം നഷ്ടമായി'
സന്തോഷ് ജോർജ് കുളങ്ങരയുടെ വാക്കുകളുടെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെയാണ്. -"എന്റെ മകൾ പത്താം ക്ളാസുവരെ ഞങ്ങളുടെ തന്നെ സ്‌കൂളിലാണ് പഠിച്ചത്. എന്റെ പിതാവാണ് അന്നും ഇന്നും സ്ഥാപനത്തിന്റെ ചെയർമാൻ. പത്താം ക്ളാസിന് ശേഷം അവൻ എന്റെ പിതാവിനോട് പറഞ്ഞു. അച്ചാച്ചാ നമ്മുടെ സ്‌കൂളിൽ തന്നെ പഠിച്ചതുകൊണ്ട് എനിക്കു കിട്ടുന്ന മാർക്കിൽ എനിക്കുതന്നെ സംശയമുണ്ട്. അച്ചാച്ചനെ പേടിച്ച് ടീച്ചേർസ് ഫ്രീയായിട്ട് മാർക്ക് തരുന്നുണ്ടോയെന്ന് സംശയമുണ്ട്. അതുകൊണ്ട് ഇനി ഞാൻ മറ്റേതെങ്കിലും സ്‌കൂളിൽ പോയി പഠിക്കാം. എനിക്കെത്ര മാർക്ക് കിട്ടുമെന്ന് കൃത്യമായി എനിക്ക് അറിയാമല്ലോ? ഫാദർ സമ്മതിച്ചു.
അങ്ങിനെ അവൾ കൊടൈക്കനാലിലെ ഇന്റർനാഷണൽ സ്‌കൂളിൽ ചേർന്നു പഠിച്ചു. ഇന്റർനാഷണൽ ബാക്കുലറേറ്റ് (ഐ ബി) ആണ് അവിടുത്തെ സിലബസ്. അത്യാവശ്യം നന്നായി പഠനം കഴിഞ്ഞ് തിരിച്ചെത്തി. തുടർന്ന് ചങ്ങനാശ്ശേരി അസംപ്ഷൻ കോളേജിൽ അഡ്‌മിഷൻ കിട്ടി. ഒരു വർഷം കഴിഞ്ഞപ്പോൾ മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയിൽ നിന്ന് മകൾക്ക് ഒരു കത്ത് വന്നു.നിങ്ങളുടെ കോഴ്‌സ് ഞങ്ങൾ അംഗീകരിക്കുന്നില്ല, തിരിച്ചുപൊയ്‌ക്കോളൂ എന്ന്. ഐബി സിലബസ് പഠിച്ചുവന്ന ഒരാളെ ഗാന്ധി യൂണിവേഴ്‌സിറ്റി പുറത്താക്കി. എന്റെ മകളുടെ ഒറ്റവർഷം നഷ്ടപ്പെട്ടു. ഐബി എന്താണെന്ന് അറിയാത്ത കിഴങ്ങന്മാരാണ് മഹാത്മാ ഗാന്ധി യൂണിവേഴ്‌സിറ്റിയിലുള്ളതെന്ന് മുൻ വൈസ് ചാൻസിലറെ മുന്നിൽ ഇരുത്തികൊണ്ട് ഞാൻ പറയുകയാണ്. ഇവന്മാരല്ലേ നമ്മുടെ വിദ്യാഭ്യാസത്തെ പരിഷ്‌കരിക്കാൻ പോകുന്നത്. നല്ല മാർക്കുണ്ടായിരുന്നതുകൊണ്ട് ബംഗളൂരുവിൽ അഡ്‌മിഷൻ കിട്ടി."
ലക്ഷ്യത്തിലെത്താനുള്ള ഗോവണിയായാണ് വിദ്യാർത്ഥികൾ വിദ്യാഭ്യാസത്തെ കാണേണ്ടതെന്ന് സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞു. എന്നാൽ ലക്ഷ്യം എന്തെന്ന് അറിയാതെ ഗോവണി ചുമന്നുകൊണ്ട് നടക്കുകയാണ് പലരും ചെയ്യുന്നതെന്നും, ആ രീതി മാറണമെന്നും സന്തോഷ് വ്യക്തമാക്കി. വിദേശരാജ്യങ്ങളിലെ കോളജ് കുട്ടികൾ ആരും തന്നെ പണത്തിനായി മാതാപിതാക്കളെ സമീപിക്കാറില്ലെന്നും, അവർ പാർട്ട്ടൈം ജോലി ചെയ്താണ് വിദ്യാഭ്യാസത്തിനുള്ള ചെലവ് കണ്ടെത്തെന്നതെന്നും, അതുപോലെ ഒരു സംസ്‌ക്കാരം നമ്മുടെ നാട്ടിൽ ചിന്തിക്കാൻ കഴിയില്ലെന്നും സന്തോഷ് ജോർജ് കുളങ്ങര പറയുന്നു. വീഡിയോ വൈറൽ ആയതോടെ പ്രതികരണവുമായി നിരവധി പേർ എത്തിയിട്ടുണ്ട്. നമ്മുടെ വിദ്യാഭ്യാസരംഗം പരിഷ്‌ക്കരിക്കേണ്ടതിന്റെ ആവശ്യകത നിരവധിപേർ ചൂണ്ടിക്കാട്ടുന്നുണ്ട്.
ഇസ്രയേൽ ആരോഗ്യ അനുഭവം
നേരത്തെ കേരളാ മോഡൽ ആരോഗ്യം എന്ന് എല്ലാവരും തള്ളുമ്പോൾ സന്തോഷ് ജോർജ് കുളങ്ങര തന്റെ ഇസ്രയേൽ അനുഭവം മുന്നിൽവെച്ച് പറഞ്ഞ കാര്യവും വൈറലായിരുന്നു. കൊട്ടിഘോഷിക്കപ്പെട്ട കേരളാ മോഡൽ ആരോഗ്യ സംവിധാനം, മറ്റ് രാജ്യങ്ങളെ നോക്കുമ്പോൾ എത്രമാത്രം ദുർബലം ആണെന്നതിന്റെ ഉദാഹരണമാണ് സന്തോഷ് ഇപ്പോൾ ഉയർത്തുന്നത്. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവം നാലാം എഡിഷന്റെ ഭാഗമായി നടത്തിവരുന്ന പ്രഭാഷണപരമ്പരയായ, 'നൂറു ദേശങ്ങൾ നൂറു പ്രഭാഷണങ്ങൾ' എന്ന പരിപാടിയുടെ ഭാഗമായി പാലാ സെന്റ് തോമസ് കോളേജിൽ 'മലയാളിയുടെ സഞ്ചാരവഴികൾ' എന്ന വിഷയത്തെ ആസ്പദമാക്കി സന്തോഷ് ജോർജ് കുളങ്ങര നടത്തിയ പ്രഭാഷണത്തിലാണ്, ഇക്കാര്യം പറയന്നത്. കേരളത്തിലെ പ്ലാനിങ് ബോർഡിലെ ടൂറിസം, സ്പോർട്സ്, യുവജനകാര്യം തുടങ്ങിയവയിൽ ചുമതലയുള്ള അംഗമാണ് നിലവിൽ സന്തോഷ് ജോർജ് കുളങ്ങര.
"ഒരിക്കൽ ഇസ്രയേലിൽ പോയപ്പോൾ ആശുപത്രി സംബന്ധമായ ഒരു അനുഭവമുണ്ടായി. ആ യാത്രയിൽ എന്റെ കുടുംബവും കൂടെയുണ്ടായിരുന്നു. എന്റെ സഹോദരന് കഠിനമായ തലവേദനയും ഛർദ്ദിയും വന്നു. അദ്ദേഹത്തിന് മൈഗ്രെയ്ൻ ഉള്ളതാണ്. സഹിക്കാൻ കഴിയാതായപ്പോൾ ഞങ്ങൾ അദ്ദേഹത്തെയും കൊണ്ട് ഒരു ആശുപത്രിയിൽ പോയി. ആശുപത്രിയിൽ എത്തിയിട്ടും ആരും ഞങ്ങളെ മൈൻഡ് ചെയ്തില്ല. ഉച്ചയ്ക്ക് ഒരു മണിയായപ്പോൾ ഒരു ഡോക്ടർ വന്നു എന്തൊക്കെയോ മരുന്ന് കുറിച്ചുകൊടുത്തു. പക്ഷേ വേദനയ്ക്ക് കുറവില്ല. അങ്ങനെ തിരികെ മുറിയിലെത്തി കയ്യിലുണ്ടായിരുന്ന പാരസെറ്റാമോൾ തന്നെ ശരണം പ്രാപിച്ചു.
പിറ്റേന്ന് ഈ അനുഭവം ഞാൻ ഹോട്ടലിൽ വെച്ച് പരിചയപ്പെട്ട ഒരാളുമായി പങ്കുവെച്ചപ്പോൾ അദ്ദേഹം ചോദിച്ചു: 'നിങ്ങൾ എന്തുകിഴങ്ങന്മാരാണ്? അസുഖം വന്നാൽ എന്താണ് ചെയ്യേണ്ടതെന്ന് നിങ്ങളെ സ്‌കൂളിൽ പഠിപ്പിച്ചില്ലേ? അസുഖമായാൽ നിങ്ങളിരിക്കുന്ന മുറിയിലെ ഫോണെടുത്ത് മെഡിക്കൽ സഹായത്തിനായി സ്ഥാപിച്ചിരിക്കുന്ന നമ്പർ ഡയൽ ചെയ്യുക. അസ്വസ്ഥത എന്താണെന്ന് പറഞ്ഞാൽ ബന്ധപ്പെട്ട ഡോക്ടർ ഉൾപ്പെടെയുള്ള മെഡിക്കൽ സംഘം ആംബുലൻസുമായി നിങ്ങൾ ഇരിക്കുന്നിടത്തേക്ക് വന്ന് ആവശ്യമായ ചികിത്സകൾ നൽകും. വേണമെങ്കിൽ അവർ തന്നെ കൂടുതൽ ചികിത്സയ്ക്കായി സ്‌പെഷ്യാലിറ്റിയിലേക്ക് മാറ്റിക്കൊള്ളും. അല്ലാതെ ഏതെങ്കിലും ആശുപത്രിയിലേക്ക് ഇടിച്ചുകയറിച്ചെന്ന് അവിടത്തെ കാഷ്യാലിറ്റിയിൽ കുത്തിയിരിക്കുകയല്ല വേണ്ടത്!' അവിടത്തെ മെഡിക്കൽ സിസ്റ്റം അതാണ്. രോഗിയെയും കൊണ്ടുപോകുന്ന ആംബുലൻസിൽ നിന്നാണ് രോഗത്തിന്റെ ഗൗരവം അനുസരിച്ച് ഏത് ആശുപത്രിയിൽ പോകണം എന്നു തീരുമാനിക്കപ്പെടുന്നത്. അത് രോഗിയല്ല തീരുമാനിക്കുന്നത്.
കേരളാ മോഡൽ എന്ന് നമ്മൾ പലപ്പോഴും പറയാറില്ലേ? രോഗം വന്നാൽ നമ്മൾ കേരളത്തിലിരുന്ന് അങ്ങനെ വിളിച്ചാൽ എന്താണ് സംഭവിക്കുക? അവിടെയിരുന്ന് ആള് മരണപ്പെടും എന്നല്ലാതെ ഒന്നും സംഭവിക്കാൻ സാധ്യതയില്ല. അപ്പോൾ ലോകത്ത് ഏറ്റവും മികച്ച മെഡിക്കൽ സൗകര്യങ്ങൾ കൊടുക്കുന്ന നാട് എന്ന് നമ്മൾ അഭിമാനിക്കുന്നത് ശരിയാണോ?"- സന്തോഷ് ജോർജ് കുളങ്ങര ചോദിക്കുന്നു.