തിരുവനന്തപുരം: മുൻ മന്ത്രി കെ.രാധാകൃഷ്ണനെ കെട്ടിപ്പിടിക്കുന്ന വിഴിഞ്ഞം രാജ്യാന്തര തുറമുഖ കമ്പനി ഡയറക്ടർ ഡോ.ദിവ്യ എസ്.അയ്യർ ഐഎഎസിന്റെ ചിത്രം വൈറൽ. എംപിയായതിനെ തുടർന്ന് മന്ത്രി സ്ഥാനത്തുനിന്നു രാധാകൃഷ്ണൻ രാജിവച്ച ദിവസം ഭർത്താവ് കെ.എസ്.ശബരീനാഥനും കുടുംബാംഗങ്ങൾക്കുമൊപ്പം മന്ത്രി വസതിയിൽ എത്തിയപ്പോഴാണ് ചിത്രം പകർത്തിയത്. ഈ ചിത്രം സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തു. വലിയ ചർച്ചകളും നടക്കുന്നു. ചിത്രം വൈറലാകുമ്പോൾ രാധാകൃഷ്ണനും ദിവ്യ എസ് നായരും സന്തോഷത്തിലുമാണ്.

"ഏറെ ഇഷ്ടവും ബഹുമാനവും തോന്നുന്നൊരാളെ ധൈര്യമായി ആശ്ലേഷിക്കാൻ മലയാളി സ്ത്രീകൾക്കു കഴിയാറില്ല, ഈ ചിത്രം കണ്ടപ്പോൾ വളരെ സന്തോഷമായി" എന്ന് ദിവ്യയുടെ ഫോണിലേക്ക് സന്ദേശ പ്രവാഹമാണ്. പത്തനംതിട്ട കലക്ടറായിരുന്നപ്പോൾ, അന്നു മന്ത്രിയായിരുന്ന കെ.രാധാകൃഷ്ണനൊപ്പം ആദിവാസി മേഖലകളിൽ ഒന്നിച്ചു പ്രവർത്തിച്ച കാലത്താണ് അദ്ദേഹം ഒരു പച്ച മനുഷ്യനാണെന്നു മനസിലായതെന്നു ദിവ്യ പറഞ്ഞു. ദിവ്യയുമായി പത്തനംതിട്ട കളക്ടറായിരുന്നപ്പോൾ നല്ല അടുപ്പമുണ്ടായിരുന്നുവെന്ന് രാധാകൃഷ്ണനും പ്രതികരിച്ചു. ഒരു മാന്യനായ രാഷ്ട്രീയ നേതാവിനുള്ള അംഗീകാരമാണ് ഈ ചിത്രമെന്നാണ് വിലയിരുത്തപ്പെടുന്നത്.

വിപ്ലകരമായ ഒരുപാട് കാര്യങ്ങൾ ചെയ്ത ശേഷമാണ് കെ രാധാകൃഷ്ണൻ മന്ത്രിസ്ഥാനത്തു നിന്നും പടിയിറങ്ങുന്നത്. കേരളത്തിൽ നിന്നുള്ള ഏക ഇടത് എംപിയായി തിരഞ്ഞെടുക്കപ്പെട്ട രാധാകൃഷ്ണൻ പുതിയ രാഷ്ട്രീയ ദൗത്യം തുടങ്ങിക്കഴിഞ്ഞു. അദ്ദേഹം ഡൽഹിയിലും എത്തി. ഏതായാലും ദിവ്യാ എസ് അയ്യരുടെ ചിത്രത്തിന് സോഷ്യൽ മീഡിയയിൽ ലൈക്ക് ഓരോ നിമിഷവും കൂടുകയാണ്. 'ആ ചിത്രം എനിക്ക് അദ്ദേഹത്തോടുള്ള ആദരവ് വിളിച്ചു പറയാൻ വേണ്ടിയാണ്. ചുരുക്കം ചിലരോട് മാത്രം തോന്നുന്ന ആദരവ്"-ഇതാണ് ദിവ്യയുടെ പ്രതികരണം.

രാധാകൃഷ്ണൻ മന്ത്രിസ്ഥാനം ഒഴിഞ്ഞ ദിവസമായിരുന്നു ദിവ്യ ചിത്രം തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. ഒറ്റ ദിവസംകൊണ്ട് പതിനായിരത്തിലേറപ്പേരുടെ ലൈക്ക്. പിന്നെ മറ്റ് സമൂഹ മാധ്യമങ്ങളിലേക്ക് ചിത്രം പറന്നു. "ജില്ലാകളക്ടറായിരിക്കെ പത്തനംതിട്ടയിലെ ആദിവാസി ഊരുകളിൽ ഞാനും മന്ത്രിയും പോയിട്ടുണ്ട്. അവരുടെ ക്ഷേമത്തിനു വേണ്ടി അവരിലൊരാളായി അദ്ദേഹം നിലകൊള്ളുമ്പോൾ എനിക്ക് ബഹുമാനം തോന്നിയിട്ടുണ്ട്. പാവപ്പെട്ടവരുടെ സങ്കടം കണ്ടാൽ അദ്ദേഹത്തിനു പെട്ടെന്ന് മനസിലാകും. അതനുസരിച്ച് പ്രവർത്തിക്കും. എന്നെപ്പോലെയുള്ളവർക്ക് അത് നൽകുന്ന ഊർജ്ജം ചെറുതല്ല"- ദിവ്യ പറഞ്ഞു.

.ചിത്രം കണ്ട് ഒരുപാട് പേർ വിളിച്ചിരുന്നു. ഏറെയും സത്രീകളായിരുന്നു. 20ന് ഞാൻ അദ്ദേഹത്തിന്റെ വസതിയിൽ ചെല്ലുമ്പോൾ അദ്ദേഹത്തിന്റെ ബന്ധുക്കളെല്ലാമുണ്ടായിരുന്നു.- ദിവ്യ പറഞ്ഞു.