- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മരം വീണ കാറിനുള്ളിൽ ഗർഭിണിയടക്കം നാല് യാത്രക്കാർ; ഒരു മരണം
ഇടുക്കി: കൊച്ചി - ധനുഷ്‌കോടി ദേശീയ പാതയിൽ കാറിനു മുകളിലേക്ക് മരം കടപുഴകി വീണുണ്ടായ അപകടത്തിൽ യാത്രക്കാരൻ മരിച്ച സംഭവത്തിൽ വനംവകുപ്പിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ. നേര്യമംഗലം വല്ലാഞ്ചിറയിൽ കൂറ്റന്മരം വാഹനങ്ങൾക്കുമേൽ കടപുഴകിവീണ് ഒരാൾ മരിക്കാൻ ഇടയാക്കിയത് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ അനാസ്ഥയാണെന്ന് പ്രദേശത്തെ ജനപ്രതിനിധികൾ അടക്കമുള്ളവർ ആരോപിച്ചു.
ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നിസംഗതയാണ് അപകടത്തിന് കാരണമായതെന്ന് കവളങ്ങാട് പഞ്ചായത്ത് അംഗം സൈജന്റ് പറയുന്നു. ഏത് നിമിഷവും കടപുഴകി വീഴുമെന്ന ഭീഷണി ഉയർത്തി നിൽക്കുന്ന വന്മരങ്ങൾ ഉള്ളതിനാൽ രക്ഷാപ്രവർത്തനം നടത്തുന്നതിന് പോലും ഭയത്തോടെയാണെന്നും അദ്ദേഹം പറഞ്ഞു. നേര്യമംഗലം-കോതമംഗലം റോഡിൽ വില്ലാഞ്ചിറയിൽ തിങ്കളാഴ്ച ഉച്ചയോടെയാണ് അപകടം സംഭവിച്ചത്. കനത്ത മഴയിലും കാറ്റിലും മരം കടപുഴകി റോഡിൽ ഉണ്ടായിരുന്ന കാറിനും കെ.എസ്.ആർ.ടി.സി. ബസിന് പിന്നിലേക്കും വീഴുകയായിരുന്നു.
അപകടം നടക്കുമ്പോൾ കാറിലുണ്ടായിരുന്നത് ഗർഭിണിയടക്കം നാലു പേരാണ്. ഇതിൽ ഒരാൾ മരിച്ചു. മറ്റു മൂന്നു പേരെയും പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടുക്കി രാജകുമാരി മുരിക്കുംതൊട്ടി പാണ്ടിപ്പാറ സ്വദേശി ജോസഫാണ് മരണപ്പെട്ടത്. ജോസഫിന്റെ ഭാര്യ അന്നക്കുട്ടി, മകൾ അഞ്ചുമോൾ, മരുമകൻ ജോബി ജോൺ എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ മൂന്നു പേരെയും കോതമംഗലത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർ പൂർണമായും തകർന്നിട്ടുണ്ട്. അതേസമയം കെ.എസ്.ആർ.ടി.സി. ബസിന്റെ പിൻസീറ്റിൽ യാത്രക്കാരില്ലാതിരുന്നത് വലിയ ദുരന്തം ഒഴിവായി. കെ.എസ്.ആർ.ടി.സി. ബസിന്റെ പിൻഭാഗം മുഴുവനായി തകർന്നുപോയിട്ടുണ്ട്.
കാറിനും കെ എസ് ആർ ടി സി ബസിനും മുകളിലേക്കായാണ് മരം വീണത്. മരത്തിന്റെ അടിഭാഗം കാറിന് മുകളിലേക്ക് പതിച്ചതിനെ തുടർന്ന് കാർ പൂർണമായും തകർന്ന നിലയിലാണ്. മരത്തിന്റെ ശിഖരങ്ങളാണ് ബസിന് മുകളിലേക്ക് വീണത്. പരിക്കേറ്റവരെ കോതമംഗലത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെ.എസ്.ആർ.ടി.സി ബസിനു മുകളിലേക്കും വാളറ ചീയപ്പാറക്ക് സമീപം കടക്ക് മുകളിലേക്കും മരം ഒടിഞ്ഞു വീണു. അടിമാലി ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
നേര്യമംഗലം-കോതമംഗലം റോഡിൽ വില്ലാഞ്ചിറ താഴ്ഭാഗത്തായി കനത്ത മഴയിലും കാറ്റിലും റോഡിലേക്ക് മരം വീണിരുന്നു. മരം വീണതിനെ തുടർന്ന് ഈ പ്രദേശത്തെ ഗതാഗതം തടസപ്പെട്ടിരുന്നു. തുടർന്ന് വാഹനങ്ങൾ റോഡിൽ നിർത്തിയിട്ടിരിക്കുമ്പോഴായിരുന്നു മറ്റൊരു മരം കൂടി റോഡിലേക്ക് വീണത്. അപകട വിവരമറിഞ്ഞ് വീട്ടുകാർ വിളിച്ച് പറഞ്ഞാണ് പ്രദേശത്ത് രക്ഷാപ്രവർത്തനം ആരംഭിച്ചതെന്ന് പഞ്ചായത്ത് അഗം സൈജന്റ് പറഞ്ഞു.
നേരത്ത ഗതാഗത തടസം ഉണ്ടായിരുന്നതിനാൽ രക്ഷാപ്രവർത്തനത്തിന് താമസം നേരിട്ടിരുന്നു. ഫയർഫോഴ്സിനടക്കം ഇവിടേക്ക് എത്തിച്ചേരാൻ പ്രയാസം നേരിട്ടു. റോഡിലേക്ക് വീണ് കിടന്നിരുന്ന മരങ്ങൾ മുറിച്ച് മാറ്റിയാണ് ഫയർഫോഴ്സിന് അപകട സ്ഥലത്തേക്ക് പോലും എത്താൻ കഴിഞ്ഞതെന്നും അദ്ദേഹം ആരോപിച്ചു.
ദിവസവും ആയിരക്കണക്കിന് വാഹനങ്ങളാണ് ഇതുവഴി പോകുന്നത്. റോഡിലേക്ക് ചാഞ്ഞ് നിരവധി മരങ്ങൾ ഭീഷണി ഉയർത്തി നിൽക്കുന്നുണ്ട്. എന്നാൽ ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നിസംഗതയാണ് നേര്യമംഗലത്ത് മരം കടപുഴകി വീണ് ഇത്തരം അപകടം സംഭവിച്ചതിന് കാരണമായതെന്ന് അദ്ദേഹം ആരോപിച്ചു. ചാഞ്ഞ് നിന്ന മരങ്ങൾ മുറിച്ച് മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. മരങ്ങൾ മുറിക്കാൻ ഉത്തരവുണ്ടായിട്ടും നടപടി ഉണ്ടായില്ലെന്നും അദ്ദേഹം ആരോപിച്ചു. അപകടത്തിൽ പരിക്കേറ്റവരെ കോതമംഗലം ബസേലിയോസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.