പെന്‍സില്‍വാനിയ: ഞായറാഴ്ച വൈകുന്നേരം പെന്‍സില്‍വാനിയയില്‍ നടന്ന പ്രചാരണ റാലിയില്‍ മുന്‍ യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന് നേരേ നടന്ന വധശ്രമത്തെ തുടര്‍ന്ന് ഗൂഢാലോചന സിദ്ധാന്തങ്ങള്‍ പ്രചരിക്കുകയാണ്. എന്തായാലും അക്രമി യഥാര്‍ഥമായി ഉണ്ടായിരുന്നുവെന്നും അത് 20 കാരനായ മാത്യു ക്രൂക്്‌സ് ആയിരുന്നുവെന്നും തെളിഞ്ഞുകഴിഞ്ഞു. ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍ മാറ്റി വച്ചാല്‍, ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ പതിഞ്ഞിരിക്കുന്നത് ന്യൂയോര്‍ക്ക് ടൈംസിന്റെ ഫോട്ടോഗ്രാഫര്‍ ഡഗ് മില്‍സ് പകര്‍ത്തിയ അപൂര്‍വ്വ ചിത്രമാണ്.

മാത്യു ക്രൂക്‌സ് നിറയൊഴിച്ചതിന് പിന്നാലെ പാഞ്ഞുവരുന്ന വെടിയുണ്ട ട്രംപിന്റെ തലയെ കടന്നുപോകുന്ന അപൂര്‍വ ചിത്രമാണ് പുറത്തുവന്നത്. ട്രംപിന്റെ ചെവിയെ ഉരുമ്മി വെടിയുണ്ട കടന്നുപോകാവുന്നതിനേക്കാള്‍ താഴ്ന്ന ആംഗിളിലുള്ള ചിത്രമാണിത്. എന്നാല്‍, അക്രമി പല വട്ടം വെടിവച്ചെങ്കില്‍, അത് സാധ്യമാണ്, വിരമിച്ച എഫ്ബിഐ സ്‌പെഷ്യല്‍ ഏജന്റ് മൈക്കിള്‍ ഹാരിഗന്‍ വിലയിരുത്തി. വിക്ഷേപിച്ചുവിട്ട ഒരു വെടിയുണ്ട വായുവില്‍ ഉണ്ടാക്കുന്ന സ്ഥാനമാറ്റമാകാം ചിത്രത്തില്‍ പതിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

സോണി ഡിജിറ്റല്‍ ക്യാമറയാണ് ഡഗ് മില്‍സ് ഉപയോഗിച്ചത്. സെക്കന്‍ഡില്‍ 30 ഫ്രെയിം വരെ പകര്‍ത്താന്‍ ശേഷിയുള്ള ക്യാമറ.
1/8000 സെക്കന്‍ഡ് ഷട്ടര്‍ സ്പീഡിലാണ് ചിത്രം പകര്‍ത്തിയത്. നിലവിലെ മാനദണ്ഡങ്ങള്‍ പ്രകാരം വളരെ വേഗമേറിയ ഫോട്ടോ പകര്‍ത്തല്‍. അതുകൊണ്ട് തന്നെയാണ് അപൂര്‍വ്വ ചിത്രമെന്ന് വിശേഷിക്കപ്പെടുന്നത്.

അക്രമി എആര്‍ 15 ടൈപ്പ് സെമി ഓട്ടോമാറ്റിക് റൈഫിളാണ് വെടിവയ്ക്കാന്‍ ഉപയോഗിച്ചത്. ഒരു വെടിയുണ്ട വരുന്നുവെന്ന് അറിഞ്ഞാല്‍ പോലും ഇത്തരമൊരു ചിത്രം പതിയുക അപൂര്‍വ്വമെന്ന് ബാലിസ്റ്റിക് വിദഗ്ധര്‍ പറയുന്നു. അതുകൊണ്ട് തന്നെ ഇതൊരു അപൂര്‍വ്വ ചിത്രമായി കണക്കാക്കുന്നത്.

താന്‍ പെട്ടെന്ന് മൂന്നോ നാലോ തവണ ശബ്ദം കേട്ടെന്നും, വെടിയൊച്ചയാവുമെന്ന് ഒട്ടും കരുതിയില്ലെന്നും ഡഗ് മില്‍സ് പറഞ്ഞു.
തുടര്‍ച്ചയായി ചിത്രം പകര്‍ത്തിക്കൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് സംഭവം. 1983 മുതല്‍ രാഷ്ട്രീയ വാര്‍ത്താചിത്രങ്ങള്‍ പകര്‍ത്തുന്ന മുതിര്‍ന്ന ഫോട്ടോഗ്രഫറാണ് ഡഗ് മില്‍സ്. ന്യൂയോര്‍ക്ക് ടൈംസിന് മുമ്പ് അസോസിയേറ്റഡ് പ്രസിലും യുണൈറ്റഡ് പ്രസ് ഇന്റര്‍നാഷണലിലും പ്രവര്‍ത്തിച്ചു. രണ്ടുതവണ പുലിറ്റ്സര്‍ പുരസ്‌കാരം നേടി.