ലണ്ടന്‍: ലോകത്തെ അക്ഷരാര്‍ത്ഥത്തില്‍ സ്തംഭിപ്പിച്ചു കൊണ്ട് മൈക്രോസോഫ്റ്റ് വിന്‍ഡോ പ്രവര്‍ത്തന രഹിതമയാതിന് കാരണം യൂറോപ്യന്‍ യൂണിയന്‍ എന്ന് മൈക്രോസോഫ്റ്റ്. സെക്യൂരിറ്റി അപ്‌ഡേറ്റിനു പിറകെയായിരുന്നു സോഫ്റ്റ്വെയര്‍ പണിമുടക്കിയത്. ഏതാണ്ട് 85 ലക്ഷത്തോളം കമ്പ്യൂട്ടറുകളായിരുന്നു നിശ്ചലമായത്. യൂറോപ്യന്‍ കമ്മീഷനുമായി 2009 ല്‍ ഉണ്ടാക്കിയ കരാറാണ് ഇതിന് കാരണമെന്നാണ് മൈക്രോസൊഫ്റ്റ് ആരോപിക്കുന്നത്.

പ്രസ്തുത കരാര്‍ മൂലം സൈബര്‍ സെക്യൂരിറ്റി സ്ഥാപനമായ ക്രൗഡ്‌സ്‌ട്രൈക്കിന്റെ അപ്‌ഡേറ്റുകല്‍ തടയുവാന്‍ കഴിയുമായിരുന്ന സെക്യൂരിറ്റി ചേഞ്ചുകള്‍ നടപ്പിലാക്കാന്‍ മൈക്രോസോര്‍റ്റിന് കഴിഞ്ഞിരുന്നില്ല എന്നാണ് കമ്പനി പറയുന്നത്. വാള്‍ സ്ട്രീറ്റ് ജേര്‍ണലിലാണ് ഈ റോപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ആയിരക്കണക്കിന് വിമാന സര്‍വ്വീസുകള്‍ മുടങ്ങുകയോ വൈകുകയോ ഒക്കെ ചെയ്തതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ വിമാനത്താവളങ്ങളില്‍ യാത്രക്കാര്‍ ദുരിതത്തിലായിരുന്നു. ബ്രിട്ടനിലാണെങ്കില്‍ എന്‍ എച്ച് എസ് സംവിധാനം അവതാളത്തിലായപ്പോള്‍ പലയിടങ്ങളിലും കോണ്‍ടാക്റ്റ് ലെസ്സ് പേയ്‌മെന്റുകള്‍ നടത്താന്‍ കഴിയാത്ത അവസ്ഥ സംജാതമായി.

സൈബര്‍ ആക്രമണങ്ങള്‍ തടയാന്‍ ഉന്നം വച്ചു കൊണ്ടുള്ള ക്രൗഡ്‌സ്‌ട്രൈക്കിന്റെ ഫാല്‍ക്കണ്‍ സിസ്റ്റം അപ്‌ഡേറ്റില്‍ സംഭവിച്ച പിഴവായിരുന്നു ഇതിന് കാരണമായത്. കമ്പ്യൂട്ടറിന്റെ കെര്‍നല്‍ എന്ന് അറിയപ്പെടുന്ന സുപ്രധാന ഭാഗത്തേക്ക് ഈ സിസ്റ്റത്തിന് ആക്സസ് ഉണ്ട്. ക്രൗഡ്‌സ്‌ട്രൈല്ലിന് സമാനമായ വിന്‍ഡോസ് ഡിഫന്‍ഡര്‍ എന്ന സ്വന്തം ഉത്പന്നം മൈക്രോസോഫ്റ്റിനുണ്ട്. എന്നാല്‍ 2009 ലെ കരാര്‍ പ്രകാരം, യൂറോപ്യന്‍ കോമ്പറ്റീഷന്‍ അന്വേഷണം ഒഴിവാക്കൂവാനായി ഒന്നിലധികം സെക്യൂരിറ്റി ദാതാക്കള്‍ക്ക് കെര്‍നല്‍ ലെവലില്‍ ആക്സസ് അനുവദിക്കുകയായിരുന്നു.

ഏറെ ജനപ്രീതിയുള്ള വിന്‍ഡോസ് സോഫ്റ്റ്വെയര്‍ കാരണം മൈക്രോസോഫ്റ്റ് മറ്റു കമ്പനികള്‍ക്ക് മേല്‍ അധീശത്വം നേടുകയാണെന്ന് 2000 ങ്ങളുടെ ആരംഭം മുതല്‍ തന്നെ യൂറോപ്യന്‍ കമ്മീഷന്‍ ആരോപിക്കുന്നുണ്ടായിരുന്നു. മൈക്രോസോഫ്റ്റിന്റെ മുഖ്യ എതിരാളികളായ ആപ്പിള്‍ അവരുടെ മാക് കമ്പ്യൂട്ടറുകളില്‍ കെര്‍നലിലേക്കുള്ള ആക്സസ് 2020 ല്‍ തടഞ്ഞിരുന്നു. സുരക്ഷയും വിശ്വാസയോഗ്യതയും വര്‍ദ്ധിപ്പിക്കുന്നതിനായിട്ടാണ് എന്നായിരുന്നു അവര്‍ അതിനു പറഞ്ഞ കാരണം.

എന്നാല്‍, സമാനമായ മാറ്റം മൈക്രോസോഫ്റ്റിന് ചെയ്യാന്‍ കഴിഞ്ഞില്ല എന്ന് കമ്പനി വക്താവ് വാള്‍സ്ട്രീറ്റ് ജേര്‍ണലിനോട് സംസാരിക്കുമ്പോള്‍ പറഞ്ഞു. അതിനു തടസ്സമായത് യൂറോപ്യന്‍ യൂണിയനുമായുള്ള കരാറാണ് എന്നും വക്താവ് പറഞ്ഞു. ലോകമാകെ കണക്കിലെടുത്താല്‍ 85 ലക്ഷം കമ്പ്യൂട്ടറുകള്‍ നിശ്ചലമായി എന്നാണ് കണക്ക്. എന്നാല്‍, ഇത് മൈക്രോസോഫ്റ്റ് സോഫ്റ്റ്വെയര്‍ ഉപയോഗിക്കുന്ന മൊത്തം ഡിവൈസുകളുടെ 1 ശതമാനം മാത്രമാണെന്നും കമ്പനി അറിയിച്ചു. എന്നാല്‍, വ്യാപാര - വാണിജ്യ മേഖലയില്‍ ക്രൗഡ്‌സ്‌ട്രൈക്ക് വ്യാപകമായി ഉപയോഗിക്കുന്നതിനാലാണ് പ്രത്യാഘാതം ഇത്ര വലുതായത്.