- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജൂലായ് 21 ഞായര്‍ ആഗോളതലത്തിലെ ഏറ്റവും ചൂടുകൂടിയ ദിവസം; 2024 ചരിത്രത്തിലെ ഏറ്റവും ചൂട് കൂടിയ വര്‍ഷമാകുമ്പോള്‍
ലണ്ടന്‍: യൂറോപ്യന്‍ യൂണിയന്റെ കോപ്പര്‍നിക്കസ് ക്ലൈമറ്റ് ചേഞ്ച് സര്‍വീസിന്റെ കണക്കുകള്‍ പ്രകാരം ഇക്കഴിഞ്ഞ ഞായറാഴ്ച ജൂലായ് 21 ലോകത്തിലെ ഇതുവരെയുള്ള ഏറ്റവും ചൂടുള്ള ദിവസമായിരുന്നു. ഞായറാഴ്ച രേഖപ്പെടുത്തിയ ശരാശരി അന്തരീക്ഷ താപനില 17.09 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു. ഇതിനു മുന്‍പുള്ള ഏറ്റവും ചൂടേറിയ ദിവസമായിരുന്ന കഴിഞ്ഞവര്‍ഷം ജൂലായ് 17 ന് രേഖപ്പെടുത്തിയത് 17.08 ഡിഗ്രി സെല്‍ഷ്യസും.
അമേരിക്ക, യൂറോപ്പ്, റഷ്യ തുടങ്ങിയവയുടെ ഒട്ടു മിക്ക ഭാഗങ്ങളിലും കഴിഞ്ഞയാഴ്ച ഉഷ്ണതരംഗം ആഞ്ഞടിച്ചിരുന്നു. ഇതുവരെ ഉണ്ടായിരുന്ന പ്രതിദിന ശരാശരി താപനിലയുടെ റെക്കോര്‍ഡ് ഞായറാഴ്ച തകര്‍ന്നതായി കോപ്പര്‍നിക്കസ് സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ജൂലായ് 3 മുതല്‍ 6 വരെ തുടര്‍ച്ചയായ നാല് ദിവസം റെക്കോര്‍ഡ് താപനിലയായിരുന്നു. ഫോസ്സില്‍ ഇന്ധനങ്ങളുടെ അമിത ഉപയോഗം മൂലം ഉത്തരാര്‍ദ്ധ ഗോളത്തില്‍ ചൂട് വര്‍ദ്ധിക്കുന്നതിന്റെ ഫലമായ കാലാവസ്ഥാ വ്യതിയാനത്തിന്റെ സൂചനയാണിത്.
2023 ജൂണ്‍ മുതല്‍ തുടര്‍ച്ചയായ 13 മാസങ്ങളിലും ഓരോ മാസവും ലോകത്തിലെ ഏറ്റവും താപനില കൂടിയ മാസമായി റെക്കോര്‍ഡില്‍ ഇടം പിടിച്ചിട്ടുണ്ട്. ഓരോ മാസവും, മുന്‍ വര്‍ഷം അതാത് മാസങ്ങളില്‍ ഉണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ താപനിലയാണ് അനുഭവപ്പെടുന്നത് എന്ന് കോപ്പര്‍നിക്കസ് പറയുന്നു. രേഖകള്‍ സൂക്ഷിക്കാന്‍ തുടങ്ങിയതില്‍ പിന്നെ ഏറ്റവും ചൂടേറിയ വര്‍ഷമായി രേഖപ്പെടുത്തിയ 2023 നെ 2024 കവച്ചു വയ്ക്കാന്‍ സാധ്യതയുണ്ടെന്നാണ് ചില ശാസ്ത്രകാരന്മാര് പറയുന്നത്.
കാലാവസ്ഥയോടൊപ്പം അല്‍ നിനോ എന്ന പ്രകൃതി പ്രതിഭാസവും ഇതില്‍ പ്രധാന പങ്കു വഹിക്കുന്നുണ്ട്. കഴിഞ്ഞ ഏപ്രിലില്‍ അവസാനിച്ച അല്നിനൊ പ്രതിഭാസം ഈ വര്‍ഷത്തെ അന്തരീക്ഷ താപനില കൂടുതല്‍ ഉയര്‍ത്തിയിരുന്നു. കഴിഞ്ഞ ആഴ്ച്ചയായിരുന്നു സ്പെയിന് ആദ്യത്തെ ഔദ്യോഗിക ഉഷ്ണ തരംഗത്തെ അഭിമുഖീകരിച്ചത്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നു. ഇറ്റലി, ഗ്രീസ്, തെക്കന്‍ യൂറോപ്പിന്റെ മറ്റു ഭാഗങ്ങള്‍ എന്നിവിടങ്ങളിലും സമാന സാഹചര്യമായിരുന്നു.
2023, 2022 വര്‍ഷങ്ങളിലെ താപനിലയുമായി താരതമ്യം ചെയ്യുമ്പോള്‍, വലിയ പ്രശ്നമില്ലാതിരുന്ന വസന്തകാലത്തിന് ശേഷം സ്പെയിന് ചുട്ടു പഴുക്കുന്നതായിരുന്നു ദൃശ്യമായത്. വടക്കന്‍, വടക്ക് പടിഞ്ഞാറന്‍ തീരങ്ങളില്‍ മാത്രമായിരുന്നു അല്പം ആശ്വാസം ഉണ്ടായിരുന്നത്. വടക്കന്‍ ആഫ്രിക്കയില്‍ നിന്നും മെഡിറ്ററേനിയന്‍ കടന്നെത്തുന്ന ഉഷ്ണ വായു പ്രവാഹമാണ് സ്പെയിനിനെ ചൂട് പിടിപ്പിക്കുന്നത്. അതിനൊടൊപ്പം പതിവ് വേനല്‍ ചൂട് കൂടി ആയപ്പോള്‍ സ്പെയിനിലെ പല കേന്ദ്രങ്ങളും ചുട്ടുപൊള്ളാന്‍ തുടങ്ങി.
കാലാവസ്ഥാ വ്യതിയാനം തന്നെയാണ് അന്തരീക്ഷ താപനില വര്‍ദ്ധിച്ചു വരുന്നതിന്റെ കാരണം എന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. മെഡിറ്ററേനിയന്‍ മേഖലയിലും ലോകത്തിന്റെ മറ്റു ചില ഭാഗങ്ങളിലും തുടര്‍ച്ചയായ വരള്‍ച്ചക്കും കാട്ടു തീയ്ക്കുമൊക്കെ ഇത് കാരണമാകുന്നുണ്ട്. ഗ്രീസില്‍ ഉണ്ടായ നീണ്ട ഉഷ്ണ തരംഗം കഴിഞ്ഞ ബുധനാഴ്ചയും വ്യാഴാഴ്ചയുമായിരുന്നു അതിന്റെ ഔന്നത്യത്തില്‍ എത്തിയത്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും 43 ഡിഗ്രി വരെ ചൂടനുഭവപ്പട്ടു.