- Home
- /
- News
- /
- SPECIAL REPORT
ഡല്‍ഹിയില്‍ നിന്നും ബിര്‍മ്മിംഗ്ഹാമിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം മോസ്‌കോയില്‍ അടിയന്തിര ലാന്‍ഡിംഗ് നടത്തി; സാങ്കേതിക തകരാറുകള്‍ കാരണമെന്ന് റിപ്പോര്‍ട്ട്
എയര്‍ ഇന്ത്യ വിമാനം സുരക്ഷിതമായി റഷ്യന്‍ തലസ്ഥാനത്തെ വിമാനത്താളവത്തില്‍ ഇറങ്ങി
- Share
- Tweet
- Telegram
- LinkedIniiiii
ലണ്ടന്‍: ഡല്‍ഹിയില്‍ നിന്നും ബിര്‍മ്മിംഗ്ഹാമിലേക്ക് പോവുകയായിരുന്ന എയര്‍ ഇന്ത്യ വിമാനം ചില സാങ്കേതിക തകരാറുകളെ തുടര്‍ന്ന് ഒരു മുന്‍കരുതല്‍ എന്ന നിലയില്‍ മോസ്‌കോയില്‍ അടിയന്തിര ലാന്‍ഡിംഗ് നടത്തി. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. എയര്‍ ഇന്ത്യയുടെ 787 -800 വിമാനം സുരക്ഷിതമായി റഷ്യന്‍ തലസ്ഥാനത്തെ ഷെരെമെട്യോവ് വിമാനത്താളവത്തില്‍ ഇറങ്ങിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. 258 യാത്രക്കാരും 17 ജീവനക്കാരുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. മോസ്‌കോ സമയം ബുധനാഴ്ച രാത്രി 9. 35 ന് ആയിരുന്നു സംഭവം നടന്നത്.
ചില സാങ്കേതിക പ്രശ്നങ്ങള്‍ കാരണം അസാധാരണമായ ഒരു ലാന്‍ഡിംഗ് ആവശ്യമാണെന്ന് വിമാനത്തില്‍ നിന്നും അറിയിപ്പ് ലഭിക്കുകയായിരുന്നു എന്ന് വിമാനത്താവളാധികൃതര്‍ പറഞ്ഞു. ആ അഭ്യര്‍ത്ഥനയോട് വിമാനത്താവളാധികൃതര്‍ യഥാസമയം പ്രതികരിച്ചു. അടിയന്തിര സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള പ്രോട്ടോക്കോള്‍ അനുസരിച്ചായിരുന്നു അവര്‍ വിമാനത്തെ വരവേറ്റത്.
അടുത്ത ഏതാനും മാസങ്ങളിലായി സാങ്കേതിക തകരാറുകള്‍ മൂലം അടിയന്തിര ലാന്‍ഡിംഗ് നടത്തുന്ന മൂന്നാമത്തെ എയര്‍ ഇന്ത്യ വിമാനമാണിത്. 225 യാത്രക്കാരും 19 ജീവനക്കാരുമായി ഡല്‍ഹിയില്‍ നിന്നും സാന്‍ ഫ്രാന്‍സിസ്‌കോയിലേക്ക് പോയ വിമാനം നേരത്തെ കാര്‍ഗോ ഹോള്‍ഡ് ഏരിയയില്‍ ചില പ്രശ്നങ്ങള്‍ ഉടലെടുത്തതു കാരണം സൈബീരിയയില്‍ അടിയന്തിര ലാന്‍ഡിംഗ് നടത്തിയിരുന്നു. അന്ന് ജീവനക്കാര്‍ക്ക് വിമാനത്താവളാധികൃതര്‍ ഹോട്ടലുകളില്‍ താമസം ഒരുക്കിയിരുന്നെങ്കിലും യാത്രക്കാര്‍ക്ക് വിമാനത്താവളത്തില്‍ തന്നെ കഴിയേണ്ടതായി വന്നു.
കഴിഞ്ഞ വര്‍ഷം ഇതേ റൂട്ടില്‍ തന്നെ യാത്ര ചെയ്യുന്ന മറ്റൊരു വിമാനവും സാങ്കേതിക തകരാറ് മൂലം റഷ്യയിലെ തന്നെ മഗദന്‍ വിമാനത്താവളത്തില്‍ ഇറക്കിയിരുന്നു. അന്ന് 216 യാത്രക്കാരും 16 ജീവനക്കാരുമായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്. അന്ന് പകരം വിമാനമെത്തുന്നതുവരെ യാത്രക്കാരെയും ജീവനക്കാരെയും താത്ക്കാലികമായി ഒരിടത്ത് പാര്‍പ്പിച്ചിരുന്നു.