- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സ്വാതന്ത്ര്യം ദുഖമാണുണ്ണി, തടവറയല്ലോ സുഖപ്രദം; വിട്ടയച്ച ജയില്‍പുള്ളിക്ക് പ്രിയം ജയിലിനകം തന്നെ; സ്വാതന്ത്ര്യത്തിന്റെ ആദ്യ രാത്രിയില്‍ പാര്‍ക്കിലെ ബെഞ്ചില്‍ ഉറങ്ങേണ്ടി വരുമെന്നും ഗദ്ഗദം; ബ്രിട്ടണില്‍ നിന്നൊരു ജയില്‍ കഥ
ബ്രിട്ടനിലെ ജയിലുകള്‍ക്ക് ഉള്‍ക്കൊള്ളാനാകുന്നതിലും അധികം തടവുകാരായതോടെ, ശിക്ഷ കാലാവധി പൂര്‍ത്തിയാക്കാത്ത തടവുകാരെയും മോചിപ്പിക്കാന്‍ സര്‍ക്കാര്‍ പദ്ധതി
ലണ്ടന്‍: ബ്രിട്ടനിലെ ജയിലുകള്‍ക്ക് ഉള്‍ക്കൊള്ളാനാകുന്നതിലും അധികം തടവുകാരായതോടെ, ജയിലില്‍ ഇടമൊരുക്കുന്നതിനായി ശിക്ഷ കാലാവധി പൂര്‍ത്തിയാക്കാത്ത തടവുകാരെയും മോചിപ്പിക്കാന്‍ സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കിയിരുന്നു. ഇതിന്റെ ഭാഗമായി ഇന്നലെ തുറന്ന് വിട്ടത് 1700 തടവുകാരെയാണ്. ലൈംഗിക കുറ്റകൃത്യങ്ങള്‍, ഗുരുതരമായ അക്രമങ്ങള്‍, ഭീകര പ്രവര്‍ത്തനം എന്നിവ ചെയ്തവര്‍ക്ക് ഈ പദ്ധതി ബാധകമല്ല. ഓരോ ആഴ്ചയിലും ശരാശരി 1000 തടവുകാര്‍ ശിക്ഷ കഴിഞ്ഞ് ബ്രിട്ടീഷ് ജയിലുകളില്‍ നിന്നും പുറത്തിറങ്ങാറുണ്ട്. അത് കൂടാതെയാണ് ഇപ്പോള്‍ 1700 പേരെ മോചിപ്പിച്ചിരിക്കുന്നത്.
ഈ പദ്ധതിക്ക് കീഴില്‍ ജയില്‍ മോചനം ലഭിച്ച ജാക്കി ക്രീറ്റണ്‍ എന്ന 54 കാരനാണ് ഇപ്പോള്‍ വിലപിക്കുന്നത്, 'സ്വാതന്ത്ര്യം ദുഃഖമാണുണ്ണി, ജയിലല്ലോ സുഖപ്രദം' എന്ന്. ജയില്‍ നല്‍കുന്ന സുരക്ഷിതത്വം വലുതാണെന്നും, അതിനകത്ത് തന്നെ ആയിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു പോകുന്നു എന്നുമാണ് മോചനത്തിന് ശേഷം ഇയാള്‍ മാധ്യമങ്ങളോട് പറഞ്ഞത്. താന്‍ കളി പറയുകയല്ലെന്നും ജയിലില്‍ നിന്നും പുറത്തിറങ്ങിയ തനിക്ക് കൂരയൊരുക്കാന്‍ ആകാശം മാത്രമെയുള്ളു എന്നും കിടക്കാന്‍ പാര്‍ക്കിലെ ബെഞ്ചു മാത്രമാണ് ശരണമെന്നും അയാള്‍ പറയുന്നു.
തടവറക്കകത്തെ ഊഷ്മളമായ അന്തരീക്ഷവും, നല്ലൊരു സഹമുറിയനും, ടെലിവിഷന്‍, കെറ്റില്‍ തുടങ്ങിയ ആഡംബരങ്ങളും ഒപ്പം മൂന്ന് നേരം ആഹാരവും കഴിച്ച് ജീവിച്ചിരുന്ന താന്‍ തെരുവിലേക്ക് വലിച്ചെറിയപ്പെട്ടു എന്നാണ് ഇയാള്‍ പറയുന്നത്. പൊതുശല്യം, കടകളില്‍ നിന്നുള്ള മോഷണം എന്നിവയ്ക്കാണ് ഇയാള്‍ ജയില്‍ ശിക്ഷ അനുഭവിച്ച് വന്നിരുന്നത്. മദ്യപിച്ച് കൂത്താടുകയായിരുന്നു എന്നാണ് തന്റെ കുറ്റകൃത്യങ്ങളെ കുറിച്ച് ഇയാള്‍ പറയുന്നത്. ഇപ്പോള്‍ ജയിലില്‍ നിന്നും പുറത്തു വന്നതിനാല്‍ വീണ്ടും മദ്യപാനം തുടങ്ങുമെന്നും അയാള്‍ പറയുന്നു.
നിരവധി തവണ താന്‍ ജയില്‍ വാസം അനുഷ്ഠിച്ചിട്ടുണ്ടെന്ന് പറയുന്ന ഇയാള്‍, ഇപ്പോള്‍ ജയിലുള്ള പലരുടെയും മുത്തച്ഛനായിട്ടാണ് അവര്‍ തന്നെ പരിഗണിക്കുന്നതെന്നും പറയുന്നു. ഇപ്പോള്‍ പുറത്ത് വിട്ടെങ്കിലും അധികം താമസിയാതെ ജയിലില്‍ എത്താനാകുമെന്നാണ് ഇയാള്‍ പറയുന്നത്. ശിക്ഷ പൂര്‍ത്തിയാകാത്ത കുറ്റവാളികളെ മോചിപ്പിക്കാനുള്ള തീരുമാനം ധൃതിപിടിച്ചതായി എന്നാണ് ഇയാള്‍ പറയുന്നത്.