കാലിഫോര്‍ണിയ: കാലിഫോര്‍ണിയയിലെ ഒരു ഹൈറേഞ്ച് ടൗണിലെ കഥയാണിത്. മാക്‌സ് എന്ന നായ മേയറായി തിരഞ്ഞെടുക്കപ്പെട്ടു. മാക്‌സ് തിരഞ്ഞെടുക്കപ്പെട്ടത് 13 മറ്റ് നായകളെയും രണ്ട് പൂച്ചകളെയും പരാജയപ്പെടുത്തിയാണ്. മേയറുടെ ചീഫ് ഓഫ് സ്റ്റാഫായും കെയര്‍ടേക്കറായും ഭര്‍ത്താവും ഭാര്യയുമായ രണ്ടുപേരും. അമേരിക്കയിലെ രാഷ്ട്രീയ രഹിതമായ കൗണ്ടി തിരഞ്ഞെടുപ്പിന്റെ കഥയാണ് ഇനി പറയുന്നത്.

'സഖാക്കളേ, നമ്മുടെ പ്രശ്നങ്ങള്‍ക്കെല്ലാം ഒരു കാരണമുണ്ട്. അത് ഒറ്റവാക്കില്‍ ചുരുക്കി പറയാം, മനുഷ്യന്‍', 1917 ലെ റഷ്യന്‍ വിപ്ലവത്തെ ആക്ഷേപഹാസ്യത്തിലൂടെ നോക്കി കാണുന്ന, 1945 ല്‍ പുറത്തിറങ്ങിയ ജോര്‍ജ്ജ് ഓര്‍വെല്ലിന്റെ അനിമല്‍ ഫാം എന്ന നോവലിലെ വരികളാണിത്. മദ്യപാനിയായ കര്‍ഷകന്‍ ജോണ്‍സ്, ഇംഗ്ലണ്ടില്‍ വളരെ മോശം രീതിയില്‍ നടത്തിയിരുന്ന ഒരു ഫാമിലെ, മൃഗങ്ങള്‍ സംഘടിച്ച് വിപ്ലവം നടത്തുന്നതും, മനുഷ്യരെ പുറത്താക്കിയ മഹാ വിപ്ലവം അവസാനം നെപ്പോളിയന്‍ എന്ന് പേരുള്ള ഒരു പന്നിയുടെ ഏകാധിപത്യത്തില്‍ കലാശിക്കുന്നതുമൊക്കെയാണ് കഥാ തന്തു. അനിമല്‍ ഫാമിന്റെ ജീവനുള്ള ഒരു പ്രതീകം ഇപ്പോഴുമുള്ളത് അതിമനോഹരമായ ഒരു കാലിഫോര്‍ണിയന്‍ മലയോര ഗ്രാമത്തിലാണ്.

നിരവധി ജനപ്രിയ വിനോദ സഞ്ചാര കേന്ദ്രങ്ങളാല്‍ ചുറ്റപ്പെട്ട് കിടക്കുന്ന ഇവിടെ സ്‌കി റിസോര്‍ട്ടുകളോ, സ്റ്റാര്‍ബക്കുകളോ നിങ്ങള്‍ക്ക് കാണാന്‍ കഴിയില്ല. സാന്‍ ജസിന്റോ മലനിരകളില്‍ സ്ഥിതിചെയ്യുന്ന ഈ കൊച്ചു ഗ്രാമത്തിലെ മൊത്തം ജനസംഖ്യ വെറും 4000 ആണ്. തങ്ങള്‍ എന്നും ചെറിയവരായിരിക്കാന്‍ ആഗ്രഹിക്കുന്നു എന്നാണ് ഗ്രാമവാസികള്‍ പറയുന്നത്. അതേ സമയം വ്യത്യസ്തരാകാനും ആഗ്രഹിക്കുന്നു. ഈ വ്യത്യസ്തതയാണ് ഇന്ന് ഈ ഗ്രാമത്തിലേക്ക് ലോക ശ്രദ്ധയാകര്‍ഷിക്കാന്‍ കാരണം.




കൊക്കേഷ്യന്‍ ആട്ടിടയന്മാര്‍ സഹായികളായി കൂടെ കരുതുന്ന ഇനത്തില്‍പ്പെട്ട മുള്ളര്‍ മൂന്നാമന്‍ എന്ന നായയാണ് ഈ ചെറു പട്ടണം എന്ന് തന്നെ പറയാവുന്ന ഗ്രാമത്തിലെ മേയര്‍ എന്നതാണ് ആ വ്യത്യസ്തത. 72 കാരനായ ഫിലിസ് മുള്ളറും അവരുടെ ഭര്‍ത്താവ് 59 കാരനായ ഗ്ലെന്‍ വാറെനുമാണ് ഈ മേയറുടെ ചീഫ്‌സ് ഓഫ് സ്റ്റാഫും, കെയര്‍ ടേക്കര്‍മാരും. ഐഡ്‌ലിവൈല്‍ഡ് പട്ടണവാസികള്‍ക്കും തൊട്ടടുത്തുള്ള ഫേണ്‍ വാലി, പൈന്‍ കോവ്, തുടങ്ങിയ പട്ടണങ്ങളിലെ നിവാസികള്‍ക്കും മാത്രം വോട്ടവകാശമുള്ള തെരഞ്ഞെടുപ്പില്‍, 21,132 വോട്ടുകള്‍ നേടിയാണ് ഇപ്പോള്‍ മേയര്‍ മാക്സ് എന്നറിയപ്പെടുന്ന മുള്ളര്‍ മൂന്നാമന്‍ ജയിച്ചത്. മറ്റ് 13 നായ്ക്കളേയും രണ്ട് പൂച്ചകളേയും തോല്‍പ്പിച്ച് മേയര്‍ സ്ഥാനത്തെത്തിയ മുള്ളര്‍ മൂന്നാമന്‍ 31,000 ഡോളറിന്റെ ഫണ്ട് സ്വരൂപിക്കുകയും ചെയ്തു. ഈ മൂന്നിടങ്ങളില്‍ താമസിക്കുകയും, വോട്ടിംഗ് ഫീസ് ആയി ഒരു ഡോളര്‍ നല്‍കുകയും ചെയ്യുന്നവര്‍ക്ക് മാത്രമെ വോട്ടവകാശം ലഭിക്കുകയുള്ളു.

ഐഡ്‌ലിവൈല്‍ഡിലെ ഒരു കൂടം മൃഗസ്നേഹികള്‍, മനുഷ്യ സ്ഥാനാര്‍ത്ഥികള്‍ ഇല്ലാതെ ഒരു തെരഞ്ഞെടുപ്പ് നടത്തി മേയറെ തിരഞ്ഞെടുക്കാന്‍ 2012 ല്‍ തീരുമാനിച്ചത് മുതലാണ് ഈ വിചിത്രമായ ഒരു പാരമ്പര്യം ഇവിടെ തുടങ്ങുന്നത്. മേയര്‍ മാക്സ് അല്ലാതെ മറ്റൊരു രാഷ്ട്രീയ നേതാവ് തങ്ങള്‍ക്കില്ലെന്ന് പട്ടണവാസികള്‍ പറയുന്നു. തങ്ങള്‍ക്ക് എന്തെങ്കിലും കാര്യങ്ങള്‍ നേടിയെടുക്കാനുണ്ടെങ്കില്‍ അത് ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനത്തിലൂടെ നേടിയെടുക്കും. നിങ്ങള്‍ അമേരിക്കന്‍ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടാല്‍, ആദ്യ ദിവസം തന്നെ പകുതിയോളം പേര്‍ നിങ്ങളെ വെറുക്കാന്‍ തുടങ്ങും. അത് അത്ര സുഖമുള്ള കാര്യമല്ല, എന്നാല്‍, ആരും വെറുക്കാത്ത, ആരുടെയും സ്വകാര്യ അജണ്ടകള്‍ സമ്മര്‍ദ്ദമാകാത്ത ഒരു മേയറെ സൃഷ്ടിക്കുക എന്നത് മാറ്റത്തിലേക്കുള്ള വഴിയാണെന്ന് പട്ടണവാസികള്‍ പറയുന്നു.

ഐഡ്‌ലിവൈല്‍ഡ് പട്ടണത്തിന്റെ ഹൃദയഭാഗത്ത് എല്ലാ വ്യാഴാഴ്ചകളിലും വെള്ളിയാഴ്ചകളിലും വാരാന്ത്യങ്ങളിലും മേയര്‍ മാക്സ് പൊതുദര്‍ശന സൗകര്യം അനുവദിച്ചിട്ടുണ്ട്. അതിനുപുറമെ നിരവധി സ്വകാര്യ സന്ദര്‍ശനങ്ങള്‍ക്കും മേയര്‍ മാക്സിന് ക്ഷണമുണ്ട്. സത്യത്തില്‍, വളരെ തിരക്കുപിടിച്ച ജീവിതമാണ് മേയറുടേതെന്ന് കെയര്‍ ടേക്കര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു.സ്‌കൂളുകള്‍, നഴ്സിംഗ് ഹോമുകള്‍, ഹോസ്പീസ് സ്ഥാപനങ്ങള്‍ എന്നിവ സന്ദര്‍ശിക്കേണ്ടതുണ്ട്. അതിനു പുറമെ നിരവധി ജന്മദിന പാര്‍ട്ടികള്‍ക്കും വിവാഹങ്ങള്‍ക്കും മേയര്‍ക്ക് ക്ഷണവുമുണ്ട്. ആരെയും നിരാശപ്പെടുത്താനാവില്ല മേയര്‍ക്ക് കാരണം മേയര്‍ മനുഷ്യനല്ല എന്നാണ് പട്ടണത്തിലെ യുവ സന്നദ്ധസേവകര്‍ പറയുന്നത്.

2012 ജൂലായ് 1 ന് ആയിരുന്നു ആദ്യ മാക്സ് മേയറെ തിരഞ്ഞെടുത്തത്. എന്നാല്‍, അധികം വൈകാതെ കാന്‍സര്‍ ബാധിതനാവുകയായിരുന്നു. തുടര്‍ന്ന് മുള്ളറും വാറനും മറ്റൊരു ഗോള്‍ഡന്‍ റിട്രൈവര്‍ ഇനത്തിലെ പെട്ട മറ്റൊരു നായയെ ദത്തേടുത്തു മുള്ളര്‍ രണ്ടാമന്‍ എന്നാണ് അതിന് പേര് നല്‍കിയത്. തന്റെ രണ്ടാം വയസ്സില്‍ ഐഡ്‌ലിവൈല്‍ഡ് മെയര്‍ ആയ മുള്ളര്‍ രണ്ടാമന്‍ ഒന്‍പതാം വയസ്സില്‍ ക്യാന്‍സര്‍ ബാധ കണ്ടെത്തിയതിനെ തുടര്‍ന്ന് സ്ഥാനം ഒഴിയുകയായിരുന്നു. തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പിലാണ് മുള്ളര്‍ മൂന്നാമന്‍ മേയര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടത്. മുള്ളര്‍ മൂന്നാമന്റെ സഹോദരി ഐഡ്‌ലി വൈല്‍ഡിന്റെ വൈസ് മേയര്‍ ആയും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.