- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അയ്യപ്പഭക്തര്‍ കുളികഴിഞ്ഞ് ചന്ദനക്കുറി തൊടുന്നതിനും പണം കൊയ്യാന്‍ ദേവസ്വം ബോര്‍ഡ്; എരുമേലി ക്ഷേത്രത്തിനു സമീപത്തെ താത്കാലിക സ്റ്റാളുകള്‍ ലേലത്തില്‍ പോയത് ഒന്‍പത് ലക്ഷം രൂപക്ക്; ഭക്തരെ ചൂഷണം ചെയ്യുന്നുവെന്ന് ഹൈന്ദവ സംഘടനകള്‍
ഒരാളില്‍ നിന്നും 10 രൂപ വാങ്ങണമെന്നാണ് ദേവസ്വം ബോര്‍ഡ് കരാര്‍ നിബന്ധന
എരുമേലി: ശബരിമല തീര്‍ത്ഥാടന കാലത്ത് എരുമേലി ക്ഷേത്രത്തിനു മുന്‍പിലെ തോട്ടില്‍ കുളിക്കുന്ന ഭക്തര്‍ കുളികഴിഞ്ഞ് ചന്ദനകുറി തൊടുന്നതില്‍ നിന്നും വരുമാനം കൊയ്യാന്‍ ദേവസ്വം ബോര്‍ഡിന്റെ നീക്കം. ക്ഷേത്രത്തിന് സമീപത്തെ ചന്ദന കുറി തൊടുന്നതിനുള്ള താത്കാലിക സ്റ്റാളുകള്‍ ലേലത്തില്‍ പോയത് ഒന്‍പത് ലക്ഷം രൂപക്ക്. മൂന്ന് സ്റ്റാളുകളാണ് 9 ലക്ഷത്തിന് ലേലം കൊണ്ടത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഒരു സ്റ്റാളിന് 30000 രൂപ ആവിശ്യപ്പെട്ടിടത്ത് ഇ ടെന്‍ഡര്‍ വഴി ഒന്‍പത് ലക്ഷം തുകയാണ് ലേലത്തില്‍ ലഭിച്ചത്. ഇതോടെ ചന്ദനക്കുറി തൊടലിനും പണം വാങ്ങല്‍ ദേവസ്വം ബോര്‍ഡ് ഔദ്യോഗികമാക്കി. ഗുണമേന്മയുള്ള ചന്ദനം, ഭസ്മം, കുങ്കുമം എന്നിവ കരാറുകാര്‍ തന്നെ കൊണ്ടുവരണമെന്നാണ് കരാര്‍ വ്യവസ്ഥ.
തീര്‍ത്ഥാടന കാലത്ത് ക്ഷേത്രത്തില്‍ കുളികഴിഞ്ഞെത്തുന്ന അയ്യപ്പ ഭക്തര്‍ക്ക് ചന്ദന കുറി തൊടുന്നതിനായി നടപന്തലില്‍ സൗകര്യം ഒരുക്കിയിരുന്നു. മേഖലയിലെ പ്രായമായ സ്ത്രീകളാണ് ഇത്തരത്തില്‍ കുറിതൊടല്‍ സൗകര്യം ഒരുക്കിയത്. അയ്യപ്പ ഭക്തര്‍ നല്‍കുന്ന പണമായിരുന്നു ഇവരുടെ വരുമാനം. വരുമാനം വര്‍ധിച്ചതോടെ ഇവര്‍ തമ്മില്‍ മത്സരമായി. പിന്നീട് ക്ഷേത്രത്തിനു മുന്‍പില്‍ തന്നെ സംഘര്‍ഷത്തിനും വഴിയൊരുക്കി. ഈ സാഹചര്യത്തില്‍ ദേവസ്വം ബോര്‍ഡ് തന്നെ പ്രശ്‌നപരിഹാരത്തിന്റെ ഭാഗമായി ലേലം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.
ലേലത്തില്‍ പോയതാകട്ടെ വന്‍ തുകയ്ക്ക്. ഇതോടെയാണ് ചന്ദനക്കുറി തൊടീപ്പിക്കലിന്റെ വരുമാനം നാട്ടുകാര്‍ അറിഞ്ഞത്. ചില ഹൈന്ദവ സംഘടനകളും വിഷയത്തില്‍ പ്രതികരിച്ചിട്ടുണ്ട്. ഇത്രയും തുക ലേലത്തില്‍ പോയാല്‍ അയ്യപ്പ ഭക്തരെ ചൂഷണം ചെയ്യുമെന്നാണ് സംഘടനകള്‍ പറയ്യുന്നത്. എന്നാല്‍ ഒരാളില്‍ നിന്നും 10 രൂപ വാങ്ങണമെന്നാണ് ദേവസ്വം ബോര്‍ഡ് കരാര്‍ നിബന്ധനയില്‍ വ്യക്തമാക്കിയിരിക്കുന്നത്.
കുളിക്കടവിനു സമീപത്തുള്ള നടപന്തലിലെ താത്കാലിക കടകളില്‍ ചന്ദനക്കുറി തൊടീക്കാന്‍ അനുമതിയില്ല എന്ന് ദേവസ്വം ബോര്‍ഡ് വ്യക്തമാക്കുന്നു. ഇത്തരത്തില്‍ കുത്തക കടകള്‍ ലേലത്തിന് എടുക്കന്നവര്‍ തന്നെയാണ് ചന്ദനക്കുറി തൊടിക്കലും വന്‍ തുകയില്‍ ലേലത്തിന് എടുത്തിരിക്കുന്നത്. 4 പ്ലോട്ടുകള്‍ ലേലത്തില്‍ വിളിച്ചെങ്കിലും ഒരെണ്ണം ആരും എടുത്തിട്ടുമില്ല. 60 ദിവസം നീളുന്ന മണ്ഡല മകരവിളക്ക് തീര്‍ത്ഥാടന കാലത്താണ് വരുമാനം ലഭിക്കുക. വരും വര്‍ഷങ്ങളില്‍ ലേലത്തുക ഉയരാനാണ് സാധ്യത.
അയ്യപ്പ ഭക്തര്‍ കുളിക്കുന്ന തോട്ടില്‍ ഒരു ദിവസം മുഴുവന്‍ വെള്ളം കെട്ടി കിടന്ന് മാലിനമാകും. ഭക്തര്‍ ഉപയോഗിക്കുന്ന സോപ്പ് ഷാംപൂ, എന്നിവക്ക് പുറമെ സ്ഥാപനങ്ങളില്‍ നിന്നും പുറം തള്ളുന്ന കക്കൂസ് മാലിന്യം ഉള്‍പ്പെടെ തോട്ടില്‍ നിറയും. മലിനമായ തോട്ടിലാണ് അയ്യപ്പ ഭക്തര്‍ കുളിക്കുന്നത്. ഇതിന് ഒരു ശാശ്വത പരിഹാരം ഉണ്ടാകണമെന്ന് വര്‍ഷങ്ങളുടെ ആവിശ്യമാണ്. ഈ സാഹചര്യത്തിലാണ് തോട്ടില്‍ കുളികഴിഞ്ഞെത്തുന്ന അയ്യപ്പ ഭക്തര്‍ക്കായി ചന്ദനകുറി തൊടുന്നതിനു വന്‍ തുക ലേലം വിളിച്ചിരിക്കുന്നത്. നിലവില്‍ പാര്‍ക്കിംഗ് ഗ്രൗണ്ട്, ടോയ്‌ലറ്റ് എന്നിവ ലേലം കൊണ്ടിട്ടില്ല.