ബെയ്‌റൂത്ത്: ലെബനനിലെ കരയാക്രമണത്തിനിടെ ഹിസ്ബുള്ളയുടെ ഒളിയാക്രമണത്തില്‍, 8 ഇസ്രയേലി സൈനികര്‍ കൊല്ലപ്പെട്ടു. തങ്ങളുടെ കംമാന്‍ഡോ യൂണിറ്റിന് നേരേ ഗറില്ലാ ശൈലിയിലുള്ള ആക്രമണം ഉണ്ടായെന്ന് ഐ ഡി എഫ് ( ഇസ്രയേല്‍ പ്രതിരോധ സേന) സ്ഥിരീകരിച്ചു.

നേരത്തെ ഹിസ്ബുള്ള ഭീകരരുമായുള്ള ഏറ്റമുട്ടലില്‍ സ്‌പെഷ്യല്‍ ഫോഴ്‌സസ് സൈനികന്‍ കൊല്ലപ്പെട്ടതായി വിവരം പുറത്തുവന്നിരുന്നു. ഇഗോസ് കമാന്‍ഡോ യൂണിറ്റിലെ ക്യാപറ്റന്‍ എയ്്താന്‍ ഇത്ഷാക് ഓസ്റ്റര്‍ ആണ് കൊല്ലപ്പെട്ടത്. എന്നാല്‍ ഏഴുസൈനികര്‍ കൊല്ലപ്പെട്ടതായി ഐ ഡി എഫ് വക്താവ് വൈകുന്നേരം അറിയിച്ചു.

അദെയ്‌സെ ഗ്രാമത്തിന് സമീപമുള്ള തുരങ്ക കവാടത്തിലേക്ക് കയറിയതോടെയാണ് ഐ ഡി എഫിന് നേരേ അപ്രതീക്ഷിത ഒളിയാക്രമണം ഉണ്ടായത്. ഇരുട്ടിന്റെ മറവില്‍ ഇസ്രയേലി സൈനികര്‍ അതിര്‍ത്തി കടക്കുന്നതിന്റെയും പിന്നീട് ഗ്രാമത്തിലേക്ക് മുന്നേറുന്നതിന്റെയും വീഡിയോ ദൃശ്യങ്ങള്‍ സൈന്യം പുറത്തുവിട്ടു. ഹിസ്ബുളളയ്ക്ക് ഗറില്ല യുദ്ധമുറകള്‍ പയറ്റാന്‍ അനുകൂല സാഹചര്യമാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.



ടാങ്ക് വേധ മിസൈലുകള്‍ ഉപയോഗിച്ച് മൂനന് ഇസ്രയേലി ടാങ്കുകള്‍ തകര്‍ത്തതായി ഹിസ്ബുള്ള അവകാശപ്പെട്ടെങ്കിലും, അത് സ്ഥിരീകരിച്ചിട്ടില്ല. ഇത് ഇസ്രയേലിന് എതിരെയുള്ള പോരാട്ടത്തിലെ ആദ്യ റൗണ്ട് മാത്രമാണെന്ന് ഹിസ്ബുള്ള പ്രഖ്യാപിച്ചതിന് പിന്നാലെയാണ് 8 ഇസ്രേയലി സൈനികര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചത്.

നേരത്തെ, തങ്ങളുടെ അംഗങ്ങള്‍ അദെയ്‌സെ, മാറൂണ്‍ അല്‍ റാസ് ഗ്രാമങ്ങളിലെ ഇസ്രയേലി യൂണിറ്റുകള്‍ക്ക് കനത്ത നാശനഷ്ടം വരുത്തിയതായി ഹിസ്ബുള്ള മാധ്യമഓഫീസര്‍ മൊഹമ്മദ് അഫിഫ് അവകാശപ്പെട്ടിരുന്നു. അതിര്‍ത്തിയിലെ ഇസ്രയേലി സൈനികര്‍ക്ക് നേരേ 100 റോക്കറ്റുകള്‍ തൊടുത്തുവിട്ടു. ഹസന്‍ നസ്രളളയുടെ മരണത്തിന് ശേഷം തങ്ങള്‍ ദുര്‍ബലരായെന്ന വാദവും മൊഹമ്മദ് അഫിഫ് തള്ളിക്കളഞ്ഞു.

അതേസമയം, ഇന്നലെ 200 ഓളം മിസൈലുകള്‍ പായിച്ച് ആക്രമണം നടത്തിയ ഇറാന് മറുപടി നല്‍കാന്‍ ഒരുങ്ങുകയാണ് ഇസ്രയേലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ലെബനനിലെ ഹിസ്ബുളള കേന്ദ്രങ്ങളില്‍ ഐ ഡി എഫ് ഇന്നും വ്യോമാക്രമണം തുടര്‍ന്നു. ആയിരക്കണക്കിന് ലെബനീസ് പൗരര്‍ വടക്കന്‍ മേഖലയില്‍ നിന്ന പലായനം ചെയ്യുകയാണ്.



തെക്കന്‍ ലബനനിലെ ജനങ്ങളോട് ഒഴിഞ്ഞുപോകാന്‍ ഇസ്രയേല്‍ സേന ആവശ്യപ്പെട്ടതോടെ വിദേശികളും രാജ്യം വിടുകയാണ്. ഇന്നലത്തെ ആക്രമണത്തില്‍ ബാലിസ്റ്റിക് മിസൈലുകള്‍ക്ക് പകരം അത്യാധുനിക ഹൈപ്പര്‍സോണിക് മിസൈലുകളാണ് ഇസ്രയേലിന് നേരേ ഇറാന്‍ പ്രയോഗിച്ചത്. ഇറാന്‍ വലിയ അബദ്ധമാണ് കാട്ടിയതെന്നും അതിന് വലിയ വില കൊടുക്കേണ്ടി വരുമെന്നും പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്‍യ്യാഹു പ്രതികരിച്ചു.