അമേരിക്ക: ജീവിച്ചാൽ ഒരു ദിവസം മരിക്കണം. പക്ഷെ മരണമേ ഇല്ലാത്ത ഒരു അവസ്ഥയെ കുറിച്ച് ആലോചിച്ച് നോക്കൂ. ഇപ്പോഴിതാ നമ്മുടെയൊക്കെ ആയുസ്സ്‌ ഒരു 150 വയസ് വരെ നീട്ടാനുള്ള പോംവഴിയായി എത്തിയിരിക്കുകയാണ് അമേരിക്കൻ ദമ്പതികൾ. ഒരു നൂറ് വർഷത്തിലധികം ആയുസ് വർദ്ധിപ്പിക്കാനുള്ള പദ്ധതികളുമായിട്ടാണ് അമേരിക്കൻ ദമ്പതികൾ രംഗത്ത് എത്തിയിരിക്കുന്നത്. മിഡ്‌വെസ്റ്റിൽ നിന്നുള്ള കായ്‌ല ബാർണെസ് ലെന്റിസ് (33), ഭർത്താവ് വാരെൻ ലെന്റിസ് (36) എന്നിവരാണ് 150 വർഷം ജീവിക്കുക എന്ന ലക്ഷ്യത്തോടെ 'ബയോഹാക്കിംഗ്' എന്ന രീതി ആവിഷ്കരിക്കാൻ നോക്കുന്നത്.

'ക്ളീവ് ലാന്റിൽ' വെൽനസ് സെന്റർ നടത്തുകയാണ് കായ്‌ല. ഒരു മാർക്കറ്റിംഗ് ഏജൻസിയിലെ ചീഫ് റവന്യൂ ഓഫീസറാണ് വാരെൻ. നല്ല ആരോഗ്യവും ശരീരസുഖവും വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇവർ തങ്ങളുടെ ദിനചര്യകൾ ക്രമീകരിച്ചിരിക്കുന്നത്. ഈ രീതികൾ അമേരിക്കയുടെ ശരാശരി ആയുസായ 76 വർഷത്തിൽ നിന്നും 150 വയസുവരെ ജീവിക്കാൻ തങ്ങളെ സഹായിക്കുമെന്നാണ് ദമ്പതികൾ ഇപ്പോൾ കരുതുന്നത്. പക്ഷെ ആളുകൾക്കിടയിൽ ഈ പദ്ധതി വലിയ കൗതുകമാണ് ഉണർത്തുന്നത്.

ദമ്പതികളായ ഇവർ പൾസ്‌ഡ് ഇലക്‌ട്രോമാഗ്നറ്റിക് ഫീൽഡ് തെറാപ്പിയോടെയാണ് തങ്ങളുടെ ഒരു ദിവസം ആരംഭിക്കുന്നത്. ഇതിനായി വീട്ടിൽ തന്നെ ഒരു ക്ളിനിക്കൽ ഉപകരണം ഉപയോഗിക്കും. ശേഷം ആവശ്യത്തിന് സൂര്യപ്രകാശം ഏൽക്കാൻ പാകത്തിന് വർക്ക് ഔട്ടും പ്രഭാത നടത്തവും ചെയ്യും.അതുപ്പോലെ ദിവസം മുഴുവൻ വിവിധ തരത്തിലെ ആരോഗ്യ സാങ്കേതിക സംവിധാനങ്ങളും ഉപയോഗിക്കും. കോശങ്ങളുടെ റിപ്പയിംഗിന് സഹായിക്കുന്ന ഹൈപ്പർബാരിക് ഓക്‌സിജൻ ചേമ്പർ, നാനോ വിഐ എന്നിവയാണ് ഇതിൽ ചിലത്. ചില ദിവസങ്ങളിൽ ഉച്ചയ്ക്ക് ശേഷം കോൾഡ് പ്ളഞ്ചസ് ചെയ്യും.

അതിനുശേഷം വൈകിട്ട് ഓർഗാനിക് ഭക്ഷണത്തിന് ശേഷം കുന്നിൻ ചെരുവുകളിൽ ദീർഘനേരം നടത്തം. സൂര്യാസ്‌തമയം അടുക്കുമ്പോൾ സ്റ്റീം ബാത്ത് ചെയ്യുകയും. ശേഷം രാത്രികാലത്ത് വീടിനുള്ളിൽ ചുവന്ന ലൈറ്റുകൾ ഉപയോഗിക്കും. ഒൻപത് മണിക്ക് കൃത്യമായി ഉറങ്ങും.എന്തായാലും അമേരിക്കയിൽ ബയോഹാക്കിംഗ് എന്ന ദിനചര്യാരീതികൾ ട്രെൻഡായി ഇപ്പോൾ മാറുകയാണ്. ബയോളജിക്കൽ ഏജിംഗ് മന്ദഗതിയിലാക്കുകയോ വിപരീതമാക്കുകയോ ചെയ്യുന്ന രീതിയും കൂടിയാണ് ഇത്.