ലണ്ടന്‍: ലേബര്‍ സര്‍ക്കാര്‍ അധികാരത്തില്‍ തുടരുമ്പോള്‍ ബ്രിട്ടനിലെ അഞ്ചിലൊന്ന് കോടീശ്വരന്മാര്‍ രാജ്യം വിട്ടുപോകുമെന്ന് റിപ്പോര്‍ട്ടുകള്‍. സമ്പന്നര്‍ക്ക് താമസിക്കാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള രാജ്യമായി ബ്രിട്ടന്‍ മാറുകയാണെന്നും വിശകലന റിപ്പോര്‍ട്ട്. നിലവില്‍ ബ്രിട്ടനിലെ ജനസംഖ്യയില്‍ 4.55 ശതമാനം ആളുകളാണ് 1 മില്യനിലേറെ ആസ്തികള്‍ ഉള്ളവര്‍. 2028 ആകുമ്പോഴേക്കും ഇത് 3.62 ആയി കുറയുമെന്ന് ആഡം സ്മിത്ത് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

പുതിയ സര്‍ക്കാരിന്റെ നികുതി നയമാണ് കൂടുതലായി ബ്രിട്ടീഷുകാരെ നാട്ടില്‍ നിന്ന് ഓടിക്കുന്നതെന്ന് സമ്പത്തിക വിദഗ്ധര്‍ പറയുന്നു. ഇന്‍ഹെരിറ്റന്‍സ് ടാക്സ് നല്‍കേണ്ടുന്ന സ്വത്തിന്റെ പരിധി വര്‍ദ്ധിപ്പിക്കാത്തതും, ക്യാപിറ്റല്‍ ഗെയ്ന്‍ ടാക്സില്‍ ഉണ്ടാകാനിടയുള്ള നികുതി വര്‍ദ്ധനവുമെല്ലാം ഇത്തരക്കാരെ ആശങ്കയിലാഴ്ത്തുന്നു. അതുപോലെ നോണ്‍- ഡോം റെജീം ഇല്ലാതെയാക്കുമെന്ന ആശങ്കയും സമ്പന്ന വിഭാഗത്തിനുണ്ട്.

അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ കോടീശ്വരന്മാരുടെ എണ്ണം കുറയാന്‍ പോകുന്ന മൂന്ന് പ്രധാന രാജ്യങ്ങളില്‍ ഒന്നായി മാറുകയാണ് ബ്രിട്ടന്‍. നെതര്‍ലന്‍ഡ്‌സും സൗദി അറേബ്യയുമാണ് മറ്റ് രണ്ട് രാജ്യങ്ങള്‍. അതേസമയം, തായ്വാന്‍, ജപ്പാന്‍, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളില്‍ കോടീശ്വരന്മാരുടെ എണ്ണത്തില്‍ 33 ശതമാനത്തിന്റെ വര്‍ദ്ധനവുണ്ടാകും.