ന്യൂയോര്‍ക്ക്: സിയാറ്റില്‍ നിന്നും ഇസ്താംബൂളിലേക്കുള്ള വിമാനം പറന്നുയര്‍ന്ന് അധികം താമസിയാതെ പൈലറ്റ് ബോധരഹിതനായതിനെ തുടര്‍ന്ന് ന്യൂയോര്‍ക്കിലേക്ക് തിരിച്ചു വിട്ടു. ടര്‍ക്കിഷ് എയര്‍ലൈന്‍സിന്റെ വിമാനമാണ് ഈ അസാധാരണ സാഹചഹ്ര്യത്തിലൂടെ കടന്നു പോയത്. 59 കാരനായ പൈലറ്റിന് മറ്റു ജീവനക്കാര്‍ പ്രാഥമിക ശുശ്രൂഷ നല്‍കിയെങ്കിലും വിമാനം സുരക്ഷിതമായി ഇറങ്ങുന്നതിനു മുന്‍പ് തന്നെ അയാള്‍ മരണമടയുകയായിരുന്നു. കോ- പൈലറ്റ് ആയിരുന്നു വിമാനം സുരക്ഷിതമായി ഇറക്കിയത്.

ചൊവ്വാഴ്ച രാത്രി എയര്‍ബസ് എ 350 വിമാനം സിയാറ്റിലില്‍ നിന്നും പറന്നുയര്‍ന്നതായി ഫ്‌ലൈറ്റ് ട്രാക്കിംഗ് ഡാറ്റ കാണിക്കുന്നു. കാനഡക്ക് മുകളിലൂടെ വടക്കോട്ട് പറക്കേണ്ടിയിരുന്ന വിമാനം പക്ഷെ തെക്ക് ഭാഗത്തേക്ക് തിരിച്ച് ജോണ്‍ എഫ് കെന്നഡി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങുകയായിരുന്നു. ബുധനാഴ്ച പ്രാദേശിക സമയം വെളുപ്പിന് 6 മണിക്ക് മുന്‍പായി്യുട്ടാണ് ഇത് ഇറങ്ങിയത്. ഐല്‍സെഹിന്‍ പെലിവാന്‍ എന്ന ഈ പൈലറ്റ് 2007 മുതല്‍ ടര്‍ക്കിഷ് എയര്‍ലൈന്‍സില്‍ ജോലി ചെയ്ത് വരുന്നതായി കമ്പനി വക്താവ് അറിയിച്ചു.

ഇത്രനാളായിട്ടും അയാള്‍ക്ക് പ്രത്യേകിച്ച് ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നും ഇല്ലായിരുന്നു എന്നും കമ്പനി പറയുന്നു. മാത്രമല്ല, ഈ വര്‍ഷത്തെ ആരോഗ്യ പരിശോധനയിലും ഇയാള്‍ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലെന്ന് തെളിഞ്ഞതാണെന്നും കമ്പനി പറയുന്നു. ക്യാപ്റ്റന്റെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കു ചേരുന്നതായി അറിയിച്ച കമ്പനി, സഹപ്രവര്‍ത്തകരും ഏറെ ദുഃഖത്തിലാണെന്ന് പറഞ്ഞു. ന്യൂയോര്‍ക്കില്‍ നിന്നും യാത്രക്കാരെ ഇസ്താംബൂളിലെത്തിക്കാന്‍ ബദല്‍ ക്രമീകരണം ചെയ്തതായും കമ്പനി അറിയിച്ചു.