- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പരസ്യമായി അപമാനിച്ചതില്‍ മനംനൊന്ത് എഡിഎം നവീന്‍ ബാബുവിന്റെ മരണം; കൂട്ടഅവധിയെടുത്ത് സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കാന്‍ റവന്യൂ ജീവനക്കാര്‍; കുറ്റക്കാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് എന്‍ ജി ഒ അസോസിയേഷന്‍
കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന്‍ റവന്യു വകുപ്പ് മന്ത്രിക്ക് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
തിരുവനന്തപുരം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ പരസ്യമായി അപമാനിച്ചതില്‍ മനംനൊന്ത് എഡിഎം നവീന്‍ ബാബു മരിച്ച സംഭവത്തില്‍ റവന്യൂ വകുപ്പ് ജീവനക്കാര്‍ കൂട്ട അവധി എടുത്ത് പ്രതിഷേധത്തിലേക്ക്. നാളെ സംസ്ഥാന വ്യാപകമായി കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കാനാണ് റവന്യൂ ജീവനക്കാരുടെ തീരുമാനം. ജീവനക്കാര്‍ മിക്കയിടത്തും അവധിക്ക് അപേക്ഷ നല്‍കി. നവീന്‍ കുമാറിന്റെ മരണത്തില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
അതേ സമയം എം കെ നവീന്‍ ബാബുവിനെ അധിക്ഷേപിച്ച് ആത്മഹത്യയിലേക്ക് നയിച്ച കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്ന് എന്‍ ജി ഒ അസോസിയേഷന്‍ ആവശ്യപ്പെട്ടു കൊണ്ട് കേരള എന്‍ ജി ഒ അസോസിയേഷന്‍ മീനച്ചില്‍ ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തില്‍ താലൂക്ക് ഓഫീസ് പരിസരത്ത് പ്രതിഷേധവും മാര്‍ച്ചും സംഘടിപ്പിച്ചു. ജീവനക്കാരെ പീഡിപ്പിക്കുന്ന നിലപാട് സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നും സര്‍ക്കാര്‍ ജീവനക്കാര്‍ സര്‍ക്കാരിന്റെ ഭാഗമാണെന്നും ഇവര്‍ക്ക് ഭയപ്പാട് ഇല്ലാതെ ജോലി ചെയ്യാന്‍ സര്‍ക്കാര്‍ സംവിധാനം ഒരുക്കണമെന്നും കേരള എന്‍ ജി അസോസിയേഷന്‍ ആവശ്യപ്പെട്ടു.
സംസ്ഥാന സെക്രട്ടറി ബോബിന്‍ വി.പി. പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് മനോജ് കുമാര്‍ പല്ലാട്ട് അദ്ധ്യഷത വഹിച്ച യോഗത്തില്‍ ബ്രാഞ്ച് സെക്രട്ടറി രാജേഷ്. വി.ജി, സംസ്ഥാന കൗണ്‍സിലംഗം ബിനോയി മാത്യു, ബൈജു പി.വി , ജില്ലാ സെക്രട്ടറിയേറ്റ് അംഗം മാത്യൂ ജോസഫ് , ജില്ലാ കമ്മിറ്റിയംഗം ബിജു കുടപ്പന, ബ്രാഞ്ച് ട്രഷറര്‍ ഡെന്നി ജോര്‍ജ്ജ്, ബ്രാഞ്ച് വനിതാ ഫോറം കണ്‍വീനര്‍ ജാഫിന്‍ സെയ്ദ് തുടങ്ങിയവര്‍ സംസാരിച്ചു. പ്രകടനത്തിന് ബ്രാഞ്ച് സഹ ഭാരവാഹികളായ അരുണ്‍ രാജ്, മധു ഗോപാല കൃഷ്ണന്‍ , സതീഷ് കുമാര്‍ എന്നിവര്‍ നേതൃത്വം നല്കി.
ഇന്ന് രാവിലെയാണ് എഡിഎം നവീന്‍ ബാബുവിനെ ക്വാര്‍ട്ടേഴ്സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പുലര്‍ച്ചെ നാലു മണിക്ക് ശേഷമാണ് മരണം നടന്നിരിക്കുന്നതെന്നാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഇന്നലെ നടന്ന യാത്രയയപ്പ് ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ നവീന്‍ ബാബുവിനെതിരെ അഴിമതി ആരോപണം ഉയര്‍ത്തിയിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ക്ഷണിക്കാതെ എത്തിയാണ് യാത്രയയപ്പില്‍ എഡിഎമ്മിനെതിരെ ദിവ്യ പ്രതികരിച്ചത്.
പെട്രോള്‍ പമ്പ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് നവീന്‍ ബാബുവിനെതിരെ അഴിമതി ആരോപണമാണ് ദിവ്യ വേദിയില്‍ ഉയര്‍ത്തിയത്. ഉദ്യോഗസ്ഥര്‍ സത്യസന്ധരായിരിക്കണമെന്നും നവീന്‍ ബാബു കണ്ണൂരില്‍ പ്രവര്‍ത്തിച്ചതുപോലെ മറ്റിടങ്ങളില്‍ പ്രവര്‍ത്തിക്കരുതെന്നും പി.പി. ദിവ്യ വേദിയില്‍ പറഞ്ഞിരുന്നു. തെളിവുകള്‍ തന്റെ കൈവശമുണ്ടെന്നും രണ്ട് ദിവസത്തിനകം അത് പുറത്തുവിടുമെന്നും ദിവ്യ പറഞ്ഞു. നവീന്‍ ബാബുവിന്റെ മരണത്തിന് പിന്നാലെ വ്യാപക പ്രതിഷേധമാണ് പി.പി. ദിവ്യക്കെതിരെ ഉയരുന്നത്.
കണ്ണൂര്‍ എഡിഎം നവീന്റെ ബാബുവിന്റെ മരണത്തില്‍ പ്രതിഷേധിച്ച് നാളെ പത്തനംതിട്ട മലയാലപ്പുഴ ഗ്രാമപഞ്ചായത്തില്‍ കോണ്‍ഗ്രസ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. നാളെ രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് പഞ്ചായത്തില്‍ ഹര്‍ത്താല്‍ ആചരിക്കുക. അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതേസമയം, കണ്ണൂര്‍ എഡിഎം കെ നവീന്‍ ബാബുവിന്റെ മരണം സംബന്ധിച്ച് കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന്‍ റവന്യു വകുപ്പ് മന്ത്രിക്ക് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉന്നയിച്ച വിഷയം സംബന്ധിച്ച് പരാതിക്കാരന്റെ ഭാഗത്തുനിന്ന് രേഖാമൂലമുള്ള പരാതിയൊന്നും തനിക്ക് ലഭിച്ചിട്ടില്ലെന്ന് കളക്ടര്‍ റിപ്പോര്‍ട്ടില്‍ അറിയിച്ചു. കൂടുതല്‍ അന്വേഷണം നടത്തിയ ശേഷം വിശദമായ റിപ്പോര്‍ട്ട് കളക്ടര്‍ മന്ത്രിക്ക് സമര്‍പ്പിക്കും. കെ നവീന്‍ ബാബുവിന്റെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ് മോര്‍ട്ടം നടത്തി. മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും. എഡിഎമ്മിന്റെ ക്വാര്‍ട്ടേഴ്സില്‍ കണ്ണൂര്‍ തഹസില്‍ദാര്‍ ഇന്‍ ചാര്‍ജ് സി കെ ഷാജിയാണ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തിയത്. മൃതദേഹത്തെ കണ്ണൂര്‍ റവന്യു വകുപ്പില്‍നിന്നുള്ള ഉദ്യോഗസ്ഥ സംഘം പത്തനംതിട്ടയിലേക്ക് അനുഗമിക്കും.
കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ ബിജെപിയും നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ വ്യാഴാഴ്ച ( 16-10-2024 ) രാവിലെ 6 മുതല്‍ വൈകുന്നേരം 6 വരെ ബിജെപി ഹര്‍ത്താല്‍ ആചരിക്കുന്നത്. അവശ്യ സര്‍വീസുകളെയും വാഹനങ്ങളെയും ഹോട്ടലുകളെയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
എഡിഎമ്മിന്റെ മരണത്തിന് പിന്നില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയുടെ പങ്ക് അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടിരുന്നു. ക്ഷണിക്കാതെ യാത്രയയപ്പ് ചടങ്ങിനെത്തി തങ്ങളുടെ വരുതിയില്‍ നില്‍ക്കാത്ത ഒരു ഉദ്യോഗസ്ഥനെ മനഃപ്പൂര്‍വ്വം പരസ്യമായി ആക്ഷേപിക്കുയായിരുന്നുവെന്നും സുരേന്ദ്രന്‍ ആരോപിച്ചു. ജില്ലാപഞ്ചായത്ത് സ്ഥാനം രാജിവെച്ച് പി.പി. ദിവ്യ നിയമനടപടി നേരിടണമെന്നും ആത്മഹത്യാപ്രേരണക്കും നരഹത്യക്കും കേസ്സെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.