റിയാദ്: മരുഭൂമിയില്‍ പുതിയൊരു സ്വര്‍ഗരാജ്യം തീര്‍ക്കുകയാണ് സൗദി അറേബ്യ. ലോകം ഇന്നേ വരെ കണ്ടിട്ടില്ലാത്ത തരത്തില്‍ 160ല്‍ അധികം കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള നഗരമാണ് സൗദി പുതിയതായി നിര്‍മ്മിക്കുന്നത്. ഇതിന്റെ ജോലിക്കായി ആയിരക്കണക്കിന് തൊഴിലാളികളാണ് ഇവിടെ എത്തിയിരിക്കുന്നത്. എന്നാല്‍ പ്രതികൂല കാലാവസ്ഥയില്‍ ഇരുപതിനായിരത്തിലേറെ തൊഴിലാളികള്‍ ചൂടേറ്റ് മരിച്ചു എന്നാണ് പാശ്ചാത്യ മാധ്യമങ്ങള്‍ പറയുന്നത്.

മെഗാസിറ്റി എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി ശതകോടികള്‍ മുടക്കിയാണ് സൗദി നിര്‍മ്മിക്കുന്നത്. 2016 ലാണ് ഇതിന്റെ നിര്‍മ്മാണം ആരംഭിച്ചത്. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ വിഷന്‍ 2030 എന്ന പദ്ധതിയില്‍ ഉള്‍്പ്പെടുത്തിയാണ് ഈ ബൃഹദ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി കാറുകള്‍ ഒഴിവാക്കിയുള്ള ഒരു നഗരമാണ് പുതിയ പദ്ധതിയിലൂടെ വിഭാവന ചെയ്യുന്നത്. മരുഭൂമിയില്‍ 160 കിലോമീറ്റര്‍ വിസ്തൃതിയില്‍ ഒരു നഗരമാണ് സൗദി ഭരണകൂടം ലക്ഷ്യമിടുന്നത്. ഭാവിയിലെ നഗരങ്ങള്‍ക്ക് മികച്ചൊരു മാതൃകയാകും തങ്ങള്‍ ഇതിലൂടെ സൃഷ്ടിക്കുക എന്നതാണ് സൗദി മുന്നോട്ട് വെയ്ക്കുന്ന ആശയം.

എന്നാല്‍ കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ സ്വപ്നപദ്ധതിയുടെ നിര്‍മ്മാണ ജോലികള്‍ക്കായി എത്തിയിരുന്ന ഇരുപത്തി ഒന്നായിരം പേര്‍ മരുഭൂമിയിലെ കൊടും ചൂട് താങ്ങാനാകാതെ മരിച്ചു എന്നാണ് പാശ്ചാത്യ മാധ്യമങ്ങള്‍ പറയുന്നത്. പ്രമുഖ മാധ്യമമായ ഐ.ടി.വി അടുത്തയാഴ്ച സംപ്രേഷണം ചെയ്യാനിരിക്കുന്ന കിങ്ഡം അണ്‍ കവേഡ് ഇന്‍സൈഡ് സൗദി അറേബ്യ എന്ന ഡോക്യുമെന്ററിയിലാണ് ഇതിന്റെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പല രാജ്യങ്ങളില്‍ നിന്നും ജീവിത പ്രാരാബ്ധങ്ങളില്‍ നിന്ന് രക്ഷ നേടുന്നതിനായി ആയിരങ്ങളാണ് സൗദി അറേബ്യയിലെ ഈ നിര്‍മ്മാണ സ്ഥലത്തേക്ക് എത്തുന്നത്.

എന്നാല്‍ അങ്ങേയറ്റം ക്രൂരമായ കാലാവസ്ഥയും ജീവിത സാഹചര്യങ്ങളുമാണ് ഇവരെ കാത്തിരിക്കുന്നത് എന്നാണ് ഈ ഡോക്യുമെന്ററി പറയുന്നത്. പലരുടേയും പാസ്പോര്‍ട്ടുകള്‍ അധികൃതര്‍ പിടിച്ചെടുത്തതായും അത് കൊണ്ട് തന്നെ അവര്‍ക്ക് ജന്മനാടുകളിലേക്ക് മടങ്ങാനും കഴിയുന്നില്ലെന്ന് ഡോക്യുമെന്ററിയില്‍ സൂചനയുണ്ട്. സൗദിയിലെ നിയമം അനുസരിച്ച് ഒരു തൊഴിലാളി ആഴ്ചയില്‍ 60 മണിക്കൂര്‍ മാത്രമേ ജോലി ചെയ്യാന്‍ പാടുള്ളൂ. എന്നാല്‍ ഇവിടെ ഒരു ഹൈസ്പീഡ് റെയില്‍വേ ടണലിന് വേണ്ടി പണിയെടുക്കുന്ന ഒരു തൊഴിലാളി വെളിപ്പെടുത്തിയത് ദിവസവും 16 മണിക്കൂറിലേറെ ജോലി ചെയ്യേണ്ടി വരുന്നു എന്നാണ്.

ആഴ്ചയില്‍ ഒരു ദിവസം തൊഴിലാളികള്‍ക്ക് ഓഫ് നല്‍കണമെന്ന സൗദി വ്യവസ്ഥ പോലും ഇവിടെ പാലിക്കപ്പെടുന്നില്ലെന്നും അവര്‍ പരാതിപ്പെടുന്നു. ഒരാഴ്ചയില്‍ 84 മണിക്കൂര്‍ വരെ പണിയെടുക്കേണ്ടി വന്നു എന്നാണ് പല തൊഴിലാളികളും പറയുന്നത്. നഗരത്തിന്റെ നിര്‍മ്മാണം നടക്കുന്ന ഭാഗങ്ങളിലെ അപൂര്‍വ്വ ദൃശ്യങ്ങളും ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.