ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടത്തിന്റെ പണി തുടങ്ങി സൗദി അറേബ്യ. 1300 അടി ഉയരമുള്ള കെട്ടിടം നിര്‍മിക്കുന്നത് എ.ഐ ഹോളോഗ്രാഫിക് ടെക്‌നോളജി ഉപയോഗിച്ചാണ്. മുഖാബാ എന്നാണ് ഈ അംബരചുംബിക്ക് പേരിട്ടിരിക്കുന്നത്. കെട്ടിടത്തിന്റെ അടിസ്ഥാനത്തിന്റെ നിര്‍മ്മാണം 80 ശതമാനത്തിലധികം പൂര്‍ത്തിയാക്കി എന്നാണ് നിര്‍മ്മാണ ചുമതല വഹിക്കുന്ന ന്യൂ മുറാബ ഡെവലപ്മെന്റ് കമ്പനി അറിയിക്കുന്നത്.

നിലവില്‍ 900 തൊഴിലാളികളാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നത്. 2030ല്‍ കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുമെന്നാണ് നിര്‍മ്മാതാക്കള്‍ അറിയിക്കുന്നത്. റിയാദ് നഗരത്തിന്റെ വടക്ക് പടിഞ്ഞാറ് ഭാഗത്തായിട്ടാണ് ഈ കെട്ടിടം നിര്‍മ്മിക്കുന്നത്. ഈ കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോള്‍ 22 ദശലക്ഷം ചതുരശ്ര അടി വിസ്തൃതി ഉണ്ടായിരിക്കും.



നഗരത്തിലെ ഏറ്റവും വലിയ ആകര്‍ഷണമായി ഈ ബഹുനില മന്ദിരം മാറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കെട്ടിടത്തിന് ചുറ്റും ചതുരാകൃതിയിലുള്ള ഒരു ആവരണമാണ് നല്‍കാന്‍ ഉദ്ദേശിക്കുന്നത്. മുഖാബയുടെ പ്രമോഷണല്‍ വീഡിയോകളും അത്ഭുതക്കാഴ്ചകളാണ് നമുക്ക് മുന്നില്‍ കാഴ്ച വെയ്ക്കുന്നത്. ഒരു ലക്ഷം വീടുകള്‍, ഒമ്പത് ലക്ഷത്തി എണ്‍പതിനായിരം സ്‌ക്വയര്‍ഫീറ്റില്‍ ഷോപ്പുകള്‍ 1.4 ദശലക്ഷം സ്‌ക്വയര്‍ ഫീറ്റില്‍ ഓഫീസുകള്‍ ഇങ്ങനെ പോകുന്നു ഈ കെട്ടിട സമുച്ചയത്തിലെ സൗകര്യങ്ങള്‍.



കൂടാതെ വന്‍കിട ഹോട്ടലുകളും സാംസ്‌ക്കാരിക കേന്ദ്രങ്ങളും കൂറ്റന്‍ തിയേറ്ററും മ്യൂസിയവും ഇവിടെ ഉണ്ടാകും. സൗദിയുടെ വിഷന്‍ 2030ന്റെ ഭാഗമായിട്ടാണ് ഇതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നടക്കുന്നത്. കൂടാതെ കറങ്ങിക്കൊണ്ടിരിക്കുന്ന വലിയൊരു ടവറും ഇവിടെ സ്ഥാപിക്കും. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ വിഷന്‍ 2030 യാഥാര്‍ത്ഥ്യമാകുമ്പോഴേക്കും സൗദി അറേബ്യ എല്ലാ അര്‍ത്ഥത്തിലും ലോകത്തിലെ നിറുകയില്‍ എത്തിക്കാന്‍ തന്നെയാണ് ഭരണാധികാരികള്‍ ലക്ഷ്യമിടുന്നത്.




കൂറ്റന്‍ മന്ദിരങ്ങളും അംബരചുംബികളായ ബഹുനില കെട്ടിടങ്ങളും എല്ലാം ഇതിന്റെ ഭാഗമായിട്ടാണ് നിര്‍മ്മിക്കുന്നത്. എന്നാല്‍ ഇതിന്റെ എല്ലാം നിര്‍മ്മാണത്തിനായി എത്തിയ ഇരുപതിനായിരത്തോളം തൊഴിലാളികള്‍ കഴിഞ്ഞ 8 വര്‍ഷത്തിനുള്ളില്‍ മരിച്ചു പോയി എന്ന വാര്‍ത്തകളുമായി പാശ്ചാത്യ മാധ്യമങ്ങള്‍ രംഗത്ത് എത്തിയിരിക്കുകയാണ്. മോശമായ കാലാവസ്ഥയും തൊഴില്‍ സാഹചര്യങ്ങളുമാണ് അവരെ ഇതിലേക്ക് നയിച്ചത് എന്നാണ് വിദേശ മാധ്യമങ്ങള്‍ ആരോപിക്കുന്നത്.